കാനഡ : പാട്ടുകള്‍ കേള്‍ക്കാന്‍ ഇഷ്ടമുള്ളവരാണ് ഏവരും. എന്നാല്‍ എപ്പോഴെങ്കിലും ചെവിയ്‌ക്ക് പകരം തലച്ചോറ് ഉപയോഗിച്ച് പാട്ട് ആസ്വദിക്കുന്ന രീതിയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. എന്നാല്‍ അത്തരത്തിലൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയിലാണ് ടെസ്‌ല കമ്പനി മേധാവി എലോണ്‍ മസ്‌ക്.
മനുഷ്യരുടെ തലച്ചോറിനെ യന്ത്രങ്ങളുമായി ബന്ധിപ്പിക്കുന്ന ന്യൂറാലിങ്ക് എന്ന ആശയത്തിനാണ് എലോണ്‍ മസ്‌ക് രൂപം നല്‍കാന്‍ ഒരുങ്ങുന്നത്. മനുഷ്യന്റെ തലച്ചോറിനെ യന്ത്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള ഒരു ഹൈ ബാന്‍ഡ് വിത്ത് ഇന്റര്‍ഫേസുകള്‍ രൂപ കല്‍പനചെയ്യാനാണ് മസ്‌ക് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ ആഗസ്റ്റ് 28 ന് മസ്‌ക് പുറത്തുവിടും എന്നും സൂചനകളുണ്ട്.
ലോകത്ത് വലിയ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്ന പുതിയ ആശയത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഒന്നും തന്നെ മസ്‌ക് പുറത്തുവിട്ടിട്ടില്ല. ഒരു ട്വിറ്റര്‍ ഉപയോക്താവിന് നല്‍കിയ മറുപടിയില്‍ നിന്നുമാണ് മസ്‌കിന്റെ ആശയങ്ങള്‍ പുരോഗമിക്കുന്നതായുള്ള വിവരം ലഭിച്ചത് .സംഗീതം നേരിട്ട് തലച്ചോറില്‍ എത്തിക്കാന്‍ സാധിക്കുമോ എന്നായിരുന്നു ഉപയോക്താവിന്റെ ചോദ്യം. അത് സാധിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഹെഡ്‌ഫോണ്‍ സാങ്കേതിക വിദ്യയില്‍ നിന്നും വ്യത്യസ്തമാണ് എലോണ്‍ മസ്‌കിന്റെ ആശയം . ഹെഡ്‌ഫോണുകള്‍ പാട്ടിന്റെ തരംഗങ്ങള്‍ തലച്ചോറിലേക്ക് എത്തിക്കുമ്പോള്‍ സംഗീതത്തെ നേരിട്ട് തലച്ചോറിലേറിലേക്ക് എത്തിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള ആശയമാണ് മസ്‌ക് വികസിപ്പിക്കാന്‍ ഒരുങ്ങുന്നത്.















