വാഷിംഗ്ടണ്‍: ഇന്ത്യ അമേരിക്കയുടെ ഏറ്റവും ഉറച്ച സുഹൃത്താണെന്നും വിദേശനയത്തിലെ ഏറ്റവും ഉറപ്പുള്ള തൂണാണെന്നും പ്രശംസിച്ച് മൈക്ക് പോംപിയോ. ചൈനക്കെതിരെ അതിശക്തമായ പ്രത്യക്ഷ നടപടിയിലേക്ക് നീങ്ങിയ ഇന്നലെയാണ് മൈക്ക് പോംപിയോ ഇന്ത്യയെ പ്രശംസിച്ചത്. ഇന്ത്യയെ ഏറ്റവും അടുത്ത പങ്കാളിയാക്കിയിരിക്കുന്ന അമേരിക്കയുടെ തീരുമാനം ഏറെ ശ്രദ്ധേയമാണെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ജി-7 ഉച്ചകോടിയില്‍ ലോകരാജ്യങ്ങളുമായി സംവദിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചതും ഏറെ സുപ്രധാനമായ നീക്കമായാണ് വിദേശകാര്യ മന്ത്രാലയം വിലയിരുത്തുന്നത്. കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, ബ്രിട്ടണ്‍, അമേരിക്ക എന്നിവര്‍ മാത്രം അടങ്ങുന്ന ജി-7 ഉച്ചകോടിയിലാണ് അംഗമല്ലാത്ത രാജ്യമായ ഇന്ത്യയുടെ പ്രധാനമന്ത്രിയെ പ്രത്യേകം ക്ഷണിച്ചിരിക്കുന്നത്.
അമേരിക്കയിലെ യുഎസ് ഇന്ത്യാ ബിസിനസ്സ് കൗണ്‍സില്‍ എന്ന വ്യാപാര-വ്യവസായ പ്രമുഖരുടെ യോഗത്തിലാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യയെ ഏറെ പുകഴ്‌ത്തിയത്. ഇന്നത്തെ കാലഘട്ടം ഏറെ മാറിയിരിക്കുന്നു. അമേരിക്കയുടെ പുതിയ ആശയങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും ശക്തിപകരാന്‍ കഴിയുന്ന രാജ്യമാണ് ഇന്ത്യയെന്നും പോംപിയോ പറഞ്ഞു.
ഇന്ത്യയുടെ സുരക്ഷാ കാര്യങ്ങളിലും പോംപിയോ പിന്തുണ രേഖപ്പെടുത്തി. വെറുതെ ഒരു ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്ന ബന്ധമല്ല ഇന്ത്യയുമായി നിലവിലുള്ളത്. ട്രംപിന്റെ വിദേശകാര്യ നയം തീര്‍ത്തും ഇന്ത്യയെ ഉറ്റ സുഹൃത്തായി കണ്ടുകൊണ്ടുള്ളതാണ്. രണ്ടു രാജ്യങ്ങളും ലോകത്തിലെ ജനാധിപത്യത്തിന്റെ മികച്ച ഉദാഹരണങ്ങളാണ്. ലോക ശക്തികളാണ്, ഉറ്റ സുഹൃത്തുക്കളുമാണ്. എപ്പോഴും വിശ്വസിക്കാവുന്ന ലോകത്തിലെ വളരെ കുറച്ചു രാജ്യങ്ങളിലും നേതാക്കളിലും ഇന്ത്യ നിലവില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കുന്നു. ഏതു സമയത്തും ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിക്കുന്ന വിധം ഇന്ത്യയുമായി ഉറ്റസൗഹൃദമാണുള്ളതെന്നും പോംപിയോ ഊന്നിപ്പറഞ്ഞു.















