മാഞ്ചസ്റ്റര്‍: കൊറോണക്കാലത്തെ ആദ്യ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. മഴ ഭീഷണിയുണ്ടായിരുന്ന അവസാന ദിവസം വെസ്റ്റിന്‍ഡീസിനെ പേസ് ബൗളിംഗ് കരുത്തില്‍ തകര്‍ത്താണ് ആതിഥേയര്‍ പരമ്പര സ്വന്തക്കാക്കിയത്. 389 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് വെറും 129 റണ്‍സില്‍ പുറത്തായി. ഷായ ഹോപ്പും(31), ഷമര്‍ ബ്രൂക്‌സും(22) നടത്തിയ രക്ഷാ പ്രവര്‍ത്തനം പക്ഷെ നീണ്ടുനിന്നില്ല. ഇരുവരും ചേര്‍ന്ന് ആകെ എടുത്തത് 71 റണ്‍സാണ്. ഇംഗ്ലണ്ടിന് വേണ്ടി തന്റെ കരിയറില്‍ 500-ാം വിക്കറ്റ് നേട്ടവുമായി സ്റ്റുവര്‍ട്ട് ബ്രോഡും രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ചുവിക്കറ്റ് നേട്ടവുമായി വോക്‌സുമാണ് കരീബിയന്‍സിന്റെ അന്തകരായത്.
ഇന്നലെ 10ന് 2 വിക്കറ്റെന്ന നിലയില്‍ കളി പുനരാരംഭിച്ച വെസ്റ്റിന്‍ഡീസിന്റെ മൂന്നാം വിക്കറ്റ് ബ്രാത് വെയിറ്റിനെ(19) വീഴ്‌ത്തിയാണ് ബ്രോഡ് കരിയറിലെ തന്റെ 500 വിക്കറ്റുകളെന്ന അത്യപൂര്‍വ്വ നേട്ടം സ്വന്തമാക്കിയത്. ഇതിനിടെ ക്രിസ് വോക്‌സ് ഹോപ്പിനേയും(31) ബ്രൂക്‌സിനേയും(22) പറഞ്ഞയച്ചു. ചെയ്‌സ്(7) റണ്ണൗട്ടായപ്പോള്‍ ബ്ലാക്വുഡ്(23) ബ്രോഡിന് കളിയിലെ നാലാം വിക്കറ്റും സമ്മാനിച്ചു. ക്യാപ്റ്റന്‍ ഹോള്‍ഡര്‍(12), ഡോവ്‌റിച്ച്(8), കോണ്‍വാള്‍(2) എന്നിവരെ വോക്‌സും മടക്കി.
കൊറോണ കാലത്തെ അവിസ്മരണീയ പരമ്പരയിലെ താരങ്ങളായി ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡും വെസ്റ്റീന്‍ഡീസിന്റെ റോസ്റ്റണ്‍ ചെയ്‌സുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. അവസാന ടെസ്റ്റിന്റെ താരമായി 10 വിക്കറ്റുനേട്ടം സ്വന്തമാക്കിയ സ്റ്റുവര്‍ട്ട് ബ്രോഡിനേയും പ്രഖ്യാപിച്ചു.















