ന്യൂഡല്‍ഹി : ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി മാറിയ റഫേല്‍ വിമാനങ്ങളെ സ്വാഗതം ചെയ്ത് ക്രിക്കറ്റ് താരങ്ങള്‍. സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍, , ശിഖര്‍ ധവാന്‍, മനോജ് തിവാരി തുടങ്ങിയവരാണ് റഫേലിന്റെ വരവിനെ സ്വാഗതം ചെയ്തത്. ട്വിറ്ററിലൂടെയാണ് താരങ്ങള്‍ റഫേലിന് സ്വാഗതം ആശംസിച്ചത്.
അഞ്ച് റഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായ നിമിഷം മുഴുവന്‍ രാജ്യത്തിനും മഹത്തായ നിമിഷമായിരുന്നു. ഇത് നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഇരട്ടിയാക്കുമെന്നത് ഉറപ്പാണ്. രാജ്യത്തിന് അഭിനന്ദനങ്ങള്‍ – സുരേഷ് റെയ്‌ന ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയുടെ വ്യോമപാതയിലൂടെ പറക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് ഗൗതം ഗംഭീര്‍ റഫേല്‍ വിമാനങ്ങള്‍ക്ക് സ്വാഗതം ആശംസിച്ചത്. വലിയ പക്ഷികള്‍ അവസാനം ഇവിടെയെത്തിയെന്നാണ് ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചത്.
സ്വര്‍ണ്ണ അസ്ത്രങ്ങള്‍ക്ക് വീട്ടിലേക്ക് സ്വാഗതം. നമ്മുടെ രാജ്യത്തിന് അവിശ്വസനീയമായ നിമിഷമാണ് ഇതെന്ന് ശിഖര്‍ ധവാന്‍ ട്വീറ്റ് ചെയ്തു.
റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിയത് അറിഞ്ഞ അയല്‍ രാജ്യങ്ങളില്‍ 8.5 തീവ്ര രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരിക്കുന്നു എന്ന് മനോജ് തിവാരി പറഞ്ഞു. വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കും. ഭാവിയില്‍ അയല്‍ രാജ്യങ്ങളില്‍ നിന്നും യാതൊരു പ്രകോപനവും ഉണ്ടാകില്ലെന്നും തിവാരി പറഞ്ഞു.