ലണ്ടന്‍: ഇന്ത്യയില്‍ നിന്നും മോഷ്ടിച്ച് ബ്രിട്ടനിലേയ്‌ക്ക് കടത്തിയ ശിവവിഗ്രഹം ബ്രിട്ടണില്‍ നിന്നും ഉടന്‍ ഇന്ത്യയിലെത്തും. രാജസ്ഥാനിലെ ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ച വിഗ്രഹമാണ് ബ്രിട്ടണിലേയ്‌ക്ക് കടത്തിയത്. സ്ഥിരം കള്ളക്കടത്ത് സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും കണ്ടെത്തി.
നാലടിയിലേറെ ഉയരമുള്ള 9-ാം നൂറ്റാണ്ടിലെ വിഗ്രഹമാണ് രാജസ്ഥാനില്‍ നിന്നും മോഷ്ടിച്ച് ലണ്ടനിലേയ്‌ക്ക് കടത്തിയത്. 1998ലാണ് ബറോളിയിലെ ഗടേശ്വര്‍ ക്ഷേത്രത്തിലെ പുരാതന വിഗ്രഹം മോഷ്ടിക്കപ്പെട്ടത്. ബ്രിട്ടണിലെ പുരാവസ്തുക്കള്‍ ശേഖരിക്കുന്ന ധനികനായ ഒരാളുടെ വീട്ടില്‍ നിന്നുമാണ് വിഗ്രഹം കണ്ടെത്തിയത്. 2005ല്‍ വിഗ്രഹം ബ്രീട്ടീഷ് അധികൃതര്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ ഏല്‍പ്പിച്ചിരുന്നു.
ശിവ വിഗ്രഹങ്ങളുടെ ഏറെ പ്രത്യേകതയായി കരുതുന്ന ചതുരവടിവിലും ജഡാമകുടവും ത്രിനേത്രവും കൊത്തിയ അപൂര്‍വ്വ വിഗ്രഹമാണിത്. ഗടേശ്വര ക്ഷേത്രവിഗ്രഹം അപൂര്‍വ്വ നിര്‍മ്മിതിയാണ് അറിയപ്പെടുന്നത്. 2017ലാണ് വിഗ്രഹം ബറോലിയില്‍ നിന്നും മോഷ്ടിച്ചതാണെന്ന് ഇന്ത്യന്‍ പുരാവസ്തുവകുപ്പ് കണ്ടെത്തിയത്.
മോഷ്ടിക്കപ്പെടുന്ന പുരാവസ്തുക്കളെ കണ്ടെത്താനായി ബ്രിട്ടണ്‍, കാനഡ, അമേരിക്ക, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങളില്‍ ഇന്ത്യ പ്രത്യേക സംവിധാനം ഒരുക്കിയിരിക്കുകയാണ്. 2017ല്‍ മുമ്പ് റാണീ-കീ-വാവ് എന്ന ചരിത്രസ്മാരകത്തില്‍ നിന്നും കടത്തിയ ബ്രഹ്മ-ബ്രാഹ്മണി വിഗ്രഹം കണ്ടെത്തിയിരുന്നു. 12-ാം നൂറ്റാണ്ടിലെ ബുദ്ധന്റെ വെങ്കല വിഗ്രഹം ലണ്ടനില്‍ നിന്നും കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ എത്തിച്ചു. 17-ാം നൂറ്റാണ്ടിലെ നവനീത കൃഷ്ണന്റെ വെങ്കല വിഗ്രഹം, രണ്ടാം നൂറ്റാണ്ടിലെ വെണ്ണക്കല്ലില്‍ തീര്‍ത്ത തൂണ് എന്നിവയും കണ്ടെത്തി അമേരിക്കയില്‍ നിന്നും ഇന്ത്യയില്‍ തിരികെ എത്തിച്ചിരുന്നു.















