ശ്രീനഗര്‍: ലഡാക്കിലെ ഇന്ത്യന്‍ സൈന്യം നിരീക്ഷണം ശക്തമാക്കിയതോടെ അടവ് മാറ്റി ചൈന. നിലവില്‍ ഉത്തരാഘണ്ടിന്റേയും നേപ്പാളിന്റേയും അതിര്‍ത്തിയായ ലിപുലേക്കിലേയ്‌ക്ക് സൈനികരെ വിന്യസിക്കുന്നതായാണ് വിവരം. യഥാര്‍ത്ഥ നിയന്ത്രണ രേഖയ്‌ക്കടുത്ത് ഉത്തരാഖണ്ഡിലെ ലിപുലേക് ചുരത്തിന്റെ ഭാഗത്താണ് ചൈനയുടെ സൈനിക നീക്കം നടക്കുന്നത്.
ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കത്തില്‍ നേപ്പാള്‍ ഭൂപടം മാറ്റിവരച്ചതില്‍ പെട്ട സുപ്രധാന സ്ഥലങ്ങളിലൊന്നാണ് ലിപൂലേക്. ഇതുകൂടാതെ കാലാപാനി, ലിംപിയാധുരാ എന്നീ പ്രദേശങ്ങളിലും നേപ്പാള്‍ അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. നേപ്പാള്‍ അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക നീക്കം ശക്തമാക്കിയതോടെ നേപ്പാള്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച എല്ലാ സൈനിക ക്യാമ്പുകളും പൊളിച്ചുമാറ്റി പിന്മാറുകയായിരുന്നു.
മെയ് മാസത്തിലാണ് ലഡാക്കിലെ പ്രദേശങ്ങളില്‍ നിന്നും പിന്തിരിയുമെന്ന് ചൈന ആദ്യം പറഞ്ഞത്. എന്നാല്‍ ചൈന ജൂണ്‍ 15ന് ഗാല്‍വാന്‍ മലനിരകളില്‍ കയറി അതിര്‍ത്തികടക്കാന്‍ നടത്തിയ ശ്രമമാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. 45 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരു സേനകളും തമ്മില്‍ നടത്തിയ നീക്കത്തിനൊടുവിലാണ് ഏറ്റുമുട്ടലുണ്ടായത്. ചൈനയുടെ പിന്മാറ്റത്തിന് കാരണമായത് ദേശീയ സരുക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നീക്കമായിരുന്നു.















