“മനുഷ്യ കമ്പ്യൂട്ടർ ” എന്നറിയപ്പെട്ടിരുന്ന ശകുന്തള ദേവിയെക്കുറിച്ചുള്ള ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ . ജൂലൈ 31 ന് ആമസോൺ പ്രൈം വീഡിയോയിൽ കൂടി സോണി പിക്ചർസ് നെറ്റ്‌വർക്ക് പ്രൊഡക്ഷൻസ് ലോകമെമ്പാടും സംപ്രേക്ഷണം ചെയ്ത ചിത്രത്തിൽ ശകുന്തള ദേവിയായി രംഗത്തെത്തിയ വിദ്യ ബാലനാണ് .
ശകുന്തള ദേവിയുടെ കഴിവുകൾ 1982 ൽ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചെങ്കിലും , സർട്ടിഫിക്കറ്റ് അവരുടെ മരണാനന്തരം 2020 ജൂലൈ 30 നാണ് ലഭിച്ചത് .
ആറാമത്തെ വയസ്സിൽ മൈസൂർ യൂണിവേഴ്സിറ്റിയിൽ വെച്ച് അവിശ്വസനീയമായ തന്റെ കണക്കിലെ കഴിവുകൾ കാഴ്ച വെച്ചു ശകുന്തള ദേവി . ഒടുവിൽ അവർ ലണ്ടനിലേക്ക് ചേക്കേറി . കണക്കിലുള്ള തന്റെ കഴിവുകൾ പ്രദർശിപ്പിക്കാൻ പല രാജ്യങ്ങളും അവർ സന്ദർശിച്ചു. 1950 ൽ ഉടനീളം യൂറോപ്പ് പര്യടനം നടത്തിയ അവർ 1976 ൽ ന്യൂയോർക്ക് സിറ്റിയിലായിരുന്നു. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആയിരുന്ന ആർതർ ജെൻസൺ , ശകുന്തള ദേവിയുടെ കഴിവുകൾ പരീക്ഷിച്ചത് വലിയ രണ്ടു അക്കങ്ങളുടെ ക്യൂബ് റൂട്ടും ഏഴാമത്തെ റൂട്ടും കണ്ടുപിടിക്കാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. ഉത്തരങ്ങൾ തന്റെ നോട്ട്ബുക്കിലേക്കു പകർത്തും മുൻപ് ശകുന്തള അതിന്റെ ഉത്തരം പറഞ്ഞതായി അക്കാഡമിക് ജേർണൽ ആയ ഇന്റലിജൻസിൽ അദ്ദേഹം കുറിക്കുകയുണ്ടായി .
1950 ഒക്ടോബർ 5 ന് പ്രശസ്ത ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് ലെസ്ലി മിച്ചൽ ബിബിസിയിൽ അവർക്കൊപ്പം ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു. പരിപാടി നടക്കുന്നതിനിടയിൽ തന്നെ അവർ കണക്കിലെയും കലണ്ടറിലെയും സങ്കീർണമായ സമവാക്യങ്ങൾ പരിഹരിച്ചു. കമ്പ്യൂട്ടറും ശകുന്തള ദേവിയും തമ്മിൽ നടന്ന മത്സരത്തിൽ കമ്പ്യൂട്ടർ തെറ്റുത്തരവും ശകുന്തള ദേവി ശരിയുത്തരം നൽകുകയുമായിരുന്നു. അങ്ങിനെയാണ് അവർ “മനുഷ്യ കമ്പ്യൂട്ടർ ” എന്നറിയപ്പെടാൻ തുടങ്ങിയത്. ശകുന്തള ദേവി എപ്പോഴും പറയുന്ന ഒരു വാചകം ഉണ്ടായിരുന്നു ” മനുഷ്യരാണ് കമ്പ്യൂട്ടറിനെ സൃഷ്ടിച്ചത് , അതിനാൽ തന്നെ മനുഷ്യരുടെ മനസ്സ് കമ്പ്യൂട്ടറിനേക്കാൾ മികച്ചതായിരിക്കും “.
1982 ൽ , ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ശകുന്തള ദേവി ഇടം പിടിച്ചത് രണ്ടു പതിമൂന്നക്കങ്ങൾ ഇരുപത്തിയെട്ടു സെക്കൻഡ് കൊണ്ട് പരിഹരിച്ചതിനാലാണ് .സങ്കീർണമായ സമവാക്യങ്ങൾ പോലും നിഷ്പ്രയാസം പരിഹരിക്കാനുള്ള കഴിവ് ശകുന്തള ദേവിയുടെ പ്രത്യേകത ആയിരുന്നു . ശകുന്തള ദേവിയുടെ നേട്ടങ്ങളും കഴിവുകളും ഇന്നും മറ്റുള്ളവർക്ക് പ്രചോദനം ഏകുന്നു .കണക്കിനെ ഭയപെടുന്നവർക്ക് ആത്മവിശ്വാസം നൽകുന്ന ഒന്നാണ് ശകുന്തള ദേവിയുടെ വാക്കുകളും പുസ്തകങ്ങളും . ഏപ്രിൽ 21 , 2013 ൽ ശകുന്തള ദേവി നിര്യാതയായി.