കൊച്ചി: സ്വർണക്കടത്ത് കേസിൽ തീവ്രവാദ ബന്ധമുണ്ടെന്ന് എൻ ഐ എ. കേസിൽ അറസ്റ്റിലായ മുഹമ്മദാലി കൈവെട്ട് കേസിലും പ്രതിയെന്ന നിർണ്ണായക വെളിപ്പെടുത്തലാണ് എൻഐഎ നടത്തിയത് . ഇന്നലെയാണ് മുഹമ്മദാലി എൻഐഎ കസ്റ്റഡിയിലാകുന്നത്. എറണാകുളം മൂവാറ്റുപുഴ സ്വദേശിയാണ് മുഹമ്മദാലി. കൈവെട്ടുകേസിലെ ഇരുപത്തി നാലാം പ്രതിയാണ് മുഹമ്മദാലി.
മറ്റൊരു മൂവാറ്റുപുഴ സ്വദേശിയെ കൂടി എൻഐഎ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവർക്ക് രണ്ടുപേർക്കും സ്വർണ്ണക്കടത്തിന്റെ ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് എൻഐഎ കണ്ടെത്തൽ.
സ്വർണ്ണക്കടത്ത് കേസിൽ ഇതുവരെ പത്തുപേരെ അറസ്റ്റു ചെയ്തതായി എൻഐഎ അറിയിച്ചു. അറസ്റ്റിലായ പ്രതികൾക്ക് തീവ്രവാദ ബന്ധമുള്ളതായി എൻഐഎ വാർത്തക്കുറിപ്പിലൂടെ അറിയിക്കുന്നു. ഇന്ന് മാത്രം പത്ത് സ്ഥലത്താണ് എൻഐഎ റെയ്ഡ് നടത്തിയത്.അറസ്റ്റിലായ ജലാലിന്റെയും, പിടികൂടിനുള്ള റബിൻസന്റെയും വീടുകളിൽ റെയ്ഡ് നടന്നിരുന്നു.
ബാങ്ക് പാസ്ബുക്കുകളും ഹാർഡ് ഡിസ്ക്കും മറ്റ് രേഖകളും പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്.എട്ട് മൊബൈൽ ഫോണും, ആറ് സിംകാർഡുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ നിന്ന് ലഭിച്ച തെളിവുകൾ എൻഐഎ വ്യക്തമാക്കിയിട്ടില്ല . അറസ്റ്റിലായ പലരും പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരാണെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
പല സ്ഥലങ്ങളിലും റെയ്ഡ് തുടരുകയാണ്. അന്വേഷണവുമായി മുന്നോട്ടു പോകുമെന്ന സൂചനയും എൻഐഎ അറിയിക്കുന്നു. എന്നാൽ അന്വേഷണ വിവരങ്ങളൊന്നും പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടില്ല.