മൊബൈലിന്‍റെ മാറിവരുന്ന എല്ലാ മാറ്റങ്ങളെയും ഇരു കൈയും നീട്ടി സ്വീകരിച്ചവരാണ് നമ്മള്‍. ഒരല്‍പ്പം കാശ് കൂടുതല്‍ കൊടുത്താലും ലോകം ഒരു ചതുരാകൃതിയില്‍ നമ്മുടെ പോക്കറ്റില്‍ കിടക്കുമെങ്കില്‍ നല്ലതാണെന്ന് നാം വിശ്വസിക്കുന്നു. അത്തരക്കാർക്കായി ഒരു സന്തോഷ വാര്‍ത്തയുമായാണ് സാംസങ്ങ് ഇപ്പോള്‍ എത്തിയിരിക്കുന്നത്
സാംസങ്ങിന്‍റെ M31s . M31 എന്ന മോഡലിന്‍റെ പിന്തുടര്‍ച്ചക്കാരനാണിവന്‍ .രണ്ടു മോഡലുകള്‍ ആണ് ഇതിനുള്ളത്. 6 GB റാമും 128 GB മെമ്മറിയും ഉള്ള ആദ്യ മോഡലിന് 19499 രൂപയ്‌ക്കാണ് ആമസോണില്‍ ലഭിക്കുന്നതെങ്കില്‍ സാംസങ്ങിന്‍റെ സൈറ്റില്‍ ഇതിന് 20499 രൂപയാണ്. 8 GB റാമും 128 GB മെംമ്മറിയും ഉള്ള രണ്ടാം മോഡലിന് 21499 രൂപയ്‌ക്കാണ് ആമസോണില്‍ ലഭിക്കുന്നത്. എന്നാല്‍ സാംസങ്ങിന്‍റെ സൈറ്റ് 22499 രൂപയാണ് ഈടാക്കുന്നത്.
6.5 ഇഞ്ച് വലിപ്പമുള്ള സൂപ്പര്‍ അമോലീഡ് ഫുള്‍ എച്ച്‌ഡി പ്ലസ് സ്ക്രീന്‍ , ദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തതയോടെ എടുത്തുകാണിക്കാന്‍ 91 ശതമാനത്തില്‍ കൂടുതല്‍ സ്ക്രീന്‍ അനുപാതവുമായാണ് എത്തുന്നത്. പുറകില്‍ നാല് ക്യാമറകളാണ് ഈ മോഡലിന് ഉള്ളത്. അതില്‍ 64 MP പ്രധാന സെന്‍സര്‍ വരുന്നത് സോണിയുടെ IMX 682 ആണ്. കൂടാതെ 8 MP അള്‍ട്രാ വൈഡ് സെന്‍സറും 5 MP വീതമുള്ള മാക്രോ സെന്‍സറും ഡെപ്ത്ത് സെന്‍സറും ഉണ്ട്. മുന്‍ വശത്തെ ക്യാമറ 32MP ആണ്. അത് 4 K വീഡിയോ റെക്കോർഡ് ചെയ്യാന്‍ പര്യാപ്തമാണ്.
6000 mAh ബാറ്ററിയും സംസ്ങ്ങിന്‍റെ ഫ്ലാഗ്ഷിപ് ഫോണുകളില്‍ മാത്രം കണ്ടുവരുന്ന 25 w അതിവേഗ ചാര്‍ജിങ്ങും മറ്റൊരു സവിശേഷതയാണ്. കൂടാതെ റിവേഴ്സ് ചാര്‍ജിങ് ടെക്നോളജിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 10 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. അതിനുപുറമേ വണ്‍ യു ഐ 2.0 , സ്ക്രീനിന് കൂടുതല്‍ അഴക് ഏകുന്നു . സംസങ്ങിന്റെ M31 ഇല്‍ കണ്ടിരുന്ന എക്സിനോസ് 9611 പ്രോസെസര്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 8 കോറുള്ള ഈ പ്രൊസെസറിന് 2.3 GHz വേഗത ആണുള്ളത്. എക്സിനോസ് 9611 പ്രൊസെസറാണുള്ളത് .
ഇരട്ട സിം കാര്‍ഡോടുകൂടിയ ഈ മോഡലില്‍ 512 GB വരെ ഉള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം. ഏറ്റവും പുതിയ ഫോണുകളില്‍ കണ്ടു വരുന്നത് പോലെ തന്നെ ഫോണിന്‍റെ വശത്താണ് ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍ . 3.5 mm ഹെഡ് ഫോണ്‍ ജാക്കോടുകൂടി വരുന്ന ഈ ഫോണ്‍ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്. ഓഷ്യന്‍ ബ്ലൂവിലും സ്പേസ് ബ്ലാക്കിലും . കമ്പനി അവകാശപ്പെടുന്നത് പ്രകാരം 27 മണിക്കൂര്‍ വരെ തുടര്‍ച്ചയായി വീഡിയോ കാണുവാനും 51 മണിക്കൂര്‍ വരെ സംസാരിക്കുവാനും 125 മണിക്കൂര്‍ വരെ പാട്ടുകള്‍ കേള്‍ക്കുവാനും കഴിയും.
ഒരുപാടൊന്നും കാത്തിരിക്കണ്ട. ആഗസ്റ്റ് 6 മുതല്‍ ഇത് ഓണ്‍ലൈന്‍ ആമസോണിലും സാംസ്ങ്ങിന്റെ വെബ്സൈറ്റിലും ലഭ്യമാകും.