കൊറോണ ടെസ്റ്റിംഗ് നടത്താൻ ആഗ്രഹിക്കുന്നവർക്ക് തൊട്ടടുത്തുള്ള ടെസ്റ്റിംഗ് കേന്ദ്രം ഇനി ഗൂഗിൾ സഹായത്തോടെ അറിയാം. ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ സെർച്ച്, ഗൂഗിൾ മാപ്പ്‌സ് ഇതിൽ ഏത് ഉപയോഗിച്ചും നമുക്ക് കൊറോണ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ അറിയാം. തൊട്ടടുത്തുള്ള കൊറോണ ടെസ്റ്റിംഗ് കേന്ദ്രം ഏതാണെന്ന് മാത്രമല്ല, ആ കേന്ദ്രവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങൾക്കറിയാൻ സാധിക്കും.
ടെസ്റ്റിംഗിനുള്ള നിയന്ത്രണങ്ങൾ, കോണ്ടാക്ട് വിവരങ്ങൾ, ടെസ്റ്റ് നടത്താൻ റഫറൽ നിർബന്ധമാണോ എന്ന് തുടങ്ങി എല്ലാ സംശയങ്ങൾക്കുമുള്ള മറുപടിയും നിങ്ങൾക്ക് ഇതിലൂടെ ലഭിക്കും. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ബംഗാളി, തെലുങ്ക്, തമിഴ്, കന്നഡ, മറാത്തി, ഗുജറാത്തി എന്നിങ്ങനെ 9 ഭാഷകളിൽ സേവനം ലഭ്യമാണ്. രാജ്യത്തെ 700ൽ പരം കൊറോണ ടെസ്റ്റിംഗ് കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുകളിൽ പറഞ്ഞ 3 ആപ്ലിക്കേഷനുകളിൽ കൂടുതലായും നമ്മൾ ഉപയോഗിക്കുന്നത് ഗൂഗിൾ മാപ്പ്സും ഗൂഗിൾ സെർച്ചും ആയതിനാൽ ഈ രണ്ട് ആപ്ലിക്കേഷനുകൾ വഴി ടെസ്റ്റിംഗ് കേന്ദ്രങ്ങൾ എങ്ങനെ കണ്ടെത്താം എന്ന് നോക്കാം.
ഗൂഗിൾ മാപ്പ്‌സ് വഴി കണ്ടുപിടിക്കാൻ ആദ്യം ചെയ്യേണ്ടത് ആപ്ലിക്കേഷൻ തുറന്നതിന് ശേഷം സെർച്ച് ബാറിൽ ‘കോവിഡ്-19 ടെസ്റ്റിംഗ്’ എന്നോ ‘കൊറോണ വൈറസ് ടെസ്റ്റിംഗ്’ എന്നോ ടൈപ്പ് ചെയ്യുക. നിങ്ങളുടെ അടുത്ത പ്രദേശങ്ങളിലെ എല്ലാ ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെയും ലിസ്റ്റ് നിങ്ങൾക്ക് കാണാൻ സാധിക്കും. ഏതെങ്കിലും ഒരു ടെസ്റ്റിംഗ് സെന്ററിന്റെ പേരിന് മുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ആ കേന്ദ്രവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും നിങ്ങൾക്ക് ലഭിക്കും.
ഗൂഗിൾ സെർച്ച് ഉപയോഗിച്ചും ഇതേ രീതിയിൽ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ കണ്ടെത്താവുന്നതാണ്. സെർച്ച് ബാറിൽ ‘കോവിഡ്-19 ടെസ്റ്റിംഗ്’ എന്നോ ‘കൊറോണ വൈറസ് ടെസ്റ്റിംഗ്’ എന്നോ ടൈപ്പ് ചെയ്യുക. ശേഷം എന്റർ അമർത്തുക. ടെസ്റ്റിംഗ് ടാബിൽ ടാപ്പുചെയ്ത് കഴിഞ്ഞാൽ നിങ്ങളുടെ ലൊക്കേഷന് സമീപമുള്ള കൊറോണ വൈറസ് ടെസ്റ്റിംഗ് സെന്ററുകളുടെ പേരും വിവരങ്ങളും നിങ്ങൾക്ക് ലഭിക്കും.















