രാജ്ഘട്ടിലെ രാഷ്‌ട്രീയ സ്വച്ഛതാ കേന്ദ്രം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Published by
Janam Web Desk

ന്യൂഡല്‍ഹി : സ്വച്ഛഭാരത് മിഷന്റെ ഭാഗമായി രാജ്ഘട്ടില്‍ നിര്‍മ്മിച്ച സംവേദനാത്മക അനുഭവ കേന്ദ്രമായ രാഷ്‌ട്രീയ സ്വച്ഛതാ കേന്ദ്രം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. രാഷ്‌ട്രീയ സ്വച്ഛതാ കേന്ദ്രത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച പ്രധാനമന്ത്രി നിര്‍വ്വഹിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഉദ്ഘാടന ശേഷം പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളുമായി സംവദിക്കും.

മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായി 2017 ലാണ് പ്രധാനമന്ത്രി രാഷ്‌ട്രീയ സ്വച്ഛതാ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. ഉദ്ഘാടന ചടങ്ങിലേക്ക് എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലമുള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാകും ഉദ്ഘാടന ചടങ്ങും മറ്റ് പരിപാടികളും നടക്കുക.

രാഷ്‌ട്രീയ സ്വച്ഛതാ കേന്ദ്രത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഇന്‍സ്റ്റാലേഷനുകള്‍ ലോകത്തെ ഏറ്റവും വലിയ സ്വഭാവ മാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രദാനം ചെയ്യുമെന്ന് സ്വച്ഛഭാരത് അധികൃതര്‍ അറിയിച്ചു. കേന്ദ്രത്തില്‍ ഇത്തരത്തില്‍ സജ്ജീകരിച്ച ഇന്‍സ്റ്റലേഷനുകള്‍
കുട്ടികള്‍ക്ക് വിദ്യാഭ്യാസവും വിനോദവും ഒരു പോലെ പ്രധാനം ചെയ്യുന്നവയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

രാഷ്‌ട്രീയ സ്വച്ഛതാ കേന്ദ്രത്തിലെ ആദ്യത്തെ ഹാളില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഇന്ത്യയിലെ സ്വച്ഛഭാരതിന്റെ ചരിത്രം പകര്‍ന്നു നല്‍കുന്നതിനായി 360 ഡിഗ്രി ഓഡിയോ വിഷ്വൽ
ഷോ സംവിധാനം ഒരുക്കിയിട്ടുണ്ട്. രണ്ടാമത്തെ ഹാളില്‍ മഹാത്മാഗാന്ധിയുടെ സ്വച്ഛഭാരതം സംബന്ധിച്ച ഗാന്ധിജിയുടെ കാഴ്ചപ്പാട് പകര്‍ന്നു നല്‍കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Share
Leave a Comment