കർണ്ണാടക: കനത്തമഴയിൽ കർണ്ണാടകയിലെ പല പ്രദേശങ്ങളും വെള്ളത്തിനടയിലായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കർണ്ണാടകയിൽ ശക്തമായ മഴയാണ് പെയ്യുന്നത്.നദികൾ കരികവിഞ്ഞൊഴുകുകയാണ്.പ്രദേശത്ത് വെള്ളപ്പൊക്കഭീഷണിയും നിലനിൽക്കുന്നുണ്ട്
ചില പ്രദേശങ്ങളിൽ മഴയ്‌ക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ടെങ്കിലും കർണ്ണാടകയിലെ തീരദേശ മേഖലയെല്ലാം വെള്ളത്തിനടിയിലാണ്. കൊടഗു, ചിക്കമഗളൂരു എന്നിവിടങ്ങളിലെ മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്.ദക്ഷിണ കന്നഡയിൽ, കനത്ത മഴയിൽ ബന്ത്വാല, ബെൽത്തങ്ങടി എന്നീ പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. നേത്രാവതി നദി കരകവിഞ്ഞൊഴുകുകയും അടുത്തുള്ള ഡാമുകളിലെ ഷട്ടറുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്
കാവേരി നദിയിലെ നീരൊഴുക്ക് കൂടിയിട്ടുണ്ട്. വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി പെയ്യുന്ന മഴ മാണ്ഡ്യ ജില്ലയിലെ കൃഷ്ണ രാജ സാഗര അണക്കെട്ടിലെ ജലനിരപ്പുയരാൻ കാരണമായി. അണക്കെട്ടിൽ നിന്ന് വെള്ളം ഒഴുക്കിവിടുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
നീരുറവയുള്ള കപില നദി കരികവിഞ്ഞൊഴുകുന്നതിനാൽ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലെ ഊട്ടിയെ ബന്ധിപ്പിക്കുന്ന റോഡുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കബിനി ഡാമിൽ നിന്ന് വെള്ളം പുറന്തള്ളുന്നതിനാൽ നജനഗുഡിലും മൈസൂരുവിന്റെ സമീപ പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ട്.
കൊഡഗു ഭാഗത്തും കനത്ത മഴയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമാണ്. മലയോരമേഖലയിലെ മഴയെത്തുടർന്ന് കാവേരി, ലക്ഷ്മണ തീർത്ഥ നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം പൊങ്ങിക്കഴിഞ്ഞു. ജില്ലയുടെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
തുടർച്ചയായ മഴയിൽ ബുധനാഴ്ച രാത്രി ബ്രഹ്മഗിരി കുന്നുകളിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കാവേരി നദിയുടെ ഉത്ഭവസ്ഥാനമായ തലകാവേരിയിലെ പുരോഹിതൻ ഉൾപ്പെടെ നാലു പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.ഒരാളുടെ മൃതദേഹം കണ്ടെത്തി. ചിക്കമഗളൂരുവിലെ ചാർമാഡി ഘട്ട് മേഖലയിൽ മണ്ണിടിച്ചിലുണ്ടായതായു കാരണം ദക്ഷിണ കന്നഡയുമായി ബന്ധിപ്പിക്കുന്ന റോഡ് താൽക്കാലികമായി അടച്ചു. ബെലഗാവി ജില്ലയിലെ ചിക്കോടി, നിപ്പാനി എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളും റോഡുകളും വെള്ളത്തിൽ മുങ്ങി.
അടിയന്തര ദുരിതാശ്വാസത്തിനായി സംസ്ഥാന സർക്കാർ 50 കോടി അനുവദിച്ചിട്ടുണ്ട്.കുടുംബങ്ങൾക്ക് 10,000 രൂപ വീതം അടിയന്തര ആശ്വാസമായി പ്രഖ്യാപിക്കുകയും ചെയ്തു.പൂർണമായും തകർന്ന വീടുകൾക്ക് അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചു, ഭാഗികമായി തകർന്ന വീടുകളിൽ, നാശനഷ്ടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ദുരിതാശ്വാസ തുക വിതരണം ചെയ്യും
















Comments