ഒരു കുഞ്ഞു ജനിക്കുന്നതു മുതല്‍ തന്നെ ആ കുട്ടിയുടെ ശാരീരികവും മാനസികവുമായ വികാസത്തില്‍ രക്ഷിതാക്കള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിനെയാണ് രക്ഷകര്‍തൃത്വം എന്നു പറയുന്നത്. അച്ഛനും അമ്മയും തുല്യരാണ്. രണ്ടുപേരും കുട്ടിയടെ വളര്‍ച്ചയില്‍ ഒരുപോലെ ശ്രദ്ധ കാണിക്കേണ്ടവരാണ്. പ്രധാനമായും നാലു രീതിയില്‍ രക്ഷകര്‍തൃത്വത്തെ തരംതിരിക്കാം, അവയുടെ ഗുണങ്ങളും ദോഷങ്ങളും വ്യത്യസ്തമാണ്.
ഏകാധിപത്യ ശൈലി
കര്‍ശനമായ ശീലമാണിത്. ഇങ്ങനെയുള്ള രക്ഷിതാക്കള്‍ കുട്ടികളില്‍ നിന്നും അവരുടെ കഴിവിനെക്കാള്‍ അധികം പ്രതീക്ഷിക്കുന്നു. എന്നാല്‍ കുട്ടിയുമായി ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തുന്നില്ല. ഒരു ഭരണാധികാരിയെന്നപ്പോലെ കുട്ടികളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനോ അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറാനോ സാധിക്കുകയില്ല. രക്ഷിതാക്കളുടെ അഭിപ്രായവും താല്‍പര്യവും കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ഇത്തരത്തിലുള്ള രക്ഷിതാക്കള്‍ ശ്രമിക്കുന്നത്. അതൊരിക്കലും കുട്ടികള്‍ക്ക് ഗുണമാവില്ല.
ദുര്‍ബല ശൈലി
ഇത്തരത്തിലുള്ള രക്ഷിതാക്കള്‍ കുട്ടികളുടെ ഏതൊരു ആവശ്യവും നടത്തിക്കൊടുക്കുന്നു. വാശിയും ഇഷ്ടവും അംഗീകരിച്ചു കൊടുക്കുന്നു. കൂട്ടുകാരെ പോലെയാണ് മാതാപിതാക്കളും കുട്ടികളും തമ്മില്‍ പെരുമാറുന്നത്. ഇതിലൂടെ കുട്ടികളുടെ അച്ചടക്കം നഷ്ടപ്പെടുന്നത് ഒരു പ്രധാന കാരണമാകുന്നു. കുട്ടികളുടെ വാശിക്ക് മുന്നില്‍ കീഴടങ്ങുന്ന രക്ഷിതാക്കള്‍ അവരുടെ ഭാവിയെ തന്നെയാണ് ഇല്ലാതാക്കുന്നത്. കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതു കൊണ്ടു തന്നെ കുട്ടികള്‍ മുതിര്‍ന്ന് വരുമ്പോള്‍ രക്ഷിതാക്കള്‍ക്ക് അവരുടെ മേല്‍ ഒരു തരത്തിലുള്ള നിയന്ത്രണവും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുകയില്ല. മാതാപിതാക്കളെ അവര്‍ പരിഗണിക്കുകയോ ബഹുമാനിക്കുകയോ ഇല്ല.
അവഗണന ശൈലി
കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റി കൊടുക്കാതെ സ്വന്തം ഇഷ്ടത്തിനാണ് ഇത്തരത്തിലുളള രക്ഷിതാക്കള്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. രക്ഷിതാക്കള്‍ കുട്ടികളെ അവഗണിക്കുകയും അവരുടെമേല്‍ ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും ശ്രദ്ധയും കാണിക്കാതെ സ്വന്തം ഇഷ്ടത്തിനു പ്രാധാന്യം നല്‍കുന്നു. ഇങ്ങിനെ ജീവിക്കുന്ന കുട്ടികള്‍ വിഷാദ രോഗത്തിന് അടിമപ്പെടാനുള്ള സാധ്യതയുണ്ട്.
അധികാര ശൈലി
ഏറ്റവും നല്ല രക്ഷകര്‍തൃത്വ ശൈലിയാണിത്. ഇതു പോലെയാണ് ഓരോ രക്ഷിതാക്കളും ഉണ്ടായിരിക്കേണ്ടത്. ഇത്തരക്കാര്‍ ശ്രദ്ധയുള്ളവരും ക്ഷമാശീലം ഉള്ളവരുമാണ്. കുട്ടികളെ ശരിയായ സ്വഭാവരീതികള്‍ പഠിപ്പിക്കുന്നു. അച്ചടക്കവും സാമൂഹിക മര്യാദകളും പഠിപ്പിക്കുന്നു. മുതിര്‍ന്നവരെ ബഹുമാനിക്കാനും നല്ല രീതിയില്‍ പെരുമാറാനും പ
റഞ്ഞു കൊടുക്കുന്നു. ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുകയും, തെറ്റുകള്‍ക്ക് ശാസിക്കുകയും ചെയ്യുന്നു. കുട്ടികളുമായി ആശയവിനിമയം നടത്തുന്നു. കാര്യങ്ങള്‍ മനസ്സിലാക്കാനും അവരുടെ വശ്യം അറിഞ്ഞു പെരുമാറാനും ശ്രമിക്കുന്നു.
സ്വന്തം കുടുംബത്തില്‍ നിന്ന് അല്ലെങ്കില്‍ സ്വന്തം രക്ഷിതാക്കളില്‍ നിന്നാണ് കുട്ടികള്‍ ചെറുപ്പം മുതലേ ഓരോ കാര്യങ്ങളും കണ്ടുപിടിക്കുന്നത്. അതുകൊണ്ട് രക്ഷിതാക്കള്‍ നല്ല രീതിയില്‍ മാതൃക കാണിച്ചാല്‍ മാത്രമേ കുട്ടികള്‍ നല്ല രീതിയില്‍ വളര്‍ന്നു വരികയുള്ളൂ.
















Comments