സിംല : ആകാശത്ത് ശത്രുവിന്റെ ഏത് നീക്കങ്ങളേയും നേരിടാൻ സുസജ്ജമായി ഇന്ത്യയുടെ റഫേൽ. ഹിമാചലിലെ മഞ്ഞു മൂടിയ മലനിരകൾക്ക് മുകളിലൂടെ റഫേലിന്റെ അഞ്ച് പോർ വിമാനങ്ങളും രാത്രിയിൽ പരിശീലനപ്പറക്കൽ നടത്തി. ആയുധങ്ങളെല്ലാം ഉപയോഗിച്ച് യുദ്ധസന്നദ്ധമായായിരുന്നു പറക്കൽ. അതിർത്തിയിൽ എത് വിധത്തിലുള്ള നീക്കമുണ്ടായാലും ഉടൻ ആക്രമണത്തിന് തയ്യാറെടുക്കാൻ കഴിയുന്ന വിധത്തിലായിരുന്നു പരിശീലനം.
യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് മാറിയായിരുന്നു പരിശീലനപ്പറക്കൽ. അതിർത്തിക്കപ്പുറം നിലയുറപ്പിച്ചിരിക്കുന്ന ചൈനീസ് റഡാറിന് കണ്ടെത്താൻ കഴിയാത്ത അകലത്തിലാണ് പരിശീലനം നടന്നത്. റഫേലിന്റെ ഫ്രീക്വൻസി മനസ്സിലാക്കാതിരിക്കാനായിരുന്നു ഇത്.
ഇന്ത്യൻ വ്യോമസേനയുടെ ഗോൾഡൻ ആരോ സ്ക്വാഡ്രണിന്റെ ഭാഗമാണിപ്പോൾ റഫേൽ വിമാനങ്ങൾ. ആദ്യ പതിനെട്ടെണ്ണം അംബാലയിലും അടുത്ത പതിനെട്ടെണ്ണം ഭൂട്ടാൻ അതിർത്തിക്ക് സമീപം ഹസിമാരയിലുമാണ് വിന്യസിക്കുക
ബിയോണ്ട് വിഷ്വൽ റേഞ്ച് മെറ്റോർ , മൾട്ടി മിഷൻ എയർ ടു എയർ മൈക്ക, ഭൂതല മിസൈൽ സ്കാൽപ്പ് എന്നിവ റഫേലിന്റെ പ്രധാന നശീകരണ ആയുധങ്ങളാണ്. 120 കിലോമീറ്റർ ദൂരപരിധിയുള്ള മെറ്റോറിന്റെ ലക്ഷ്യം നിർണയിച്ചു കഴിഞ്ഞാൽ പിന്നെ രക്ഷപ്പെടൽ എളുപ്പമല്ല. ഭൂമിയിൽ ലക്ഷ്യം വയ്‌ക്കുന്ന എന്തിനേയും പിൻപോയിന്റ് കൃത്യതയോടെ തകർത്തു കളയാൻ കെൽപ്പുള്ള മിസൈലാണ് സ്കാൽപ്പ്.
സേനാ പിന്മാറ്റ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും പ്രകോപനപരമായ രീതിയിലാണ് ചൈനീസ് സൈന്യം നിലയുറപ്പിക്കുന്നതെന്നാണ് സൂചനകൾ. ഇതോടെ കര നാവിക വ്യോമസേനകളെ ഇന്ത്യ സുസജ്ജമാക്കി നിർത്തിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ നാവികസേനയും പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
















Comments