കാലാവസ്ഥ വ്യതിയാനം എല്ലാവരുടെയും ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. മഴക്കാലമായതു കൊണ്ട് കൊറോണ വൈറസ് വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ആസ്മ പോലെയുള്ള പ്രശ്നങ്ങൾ നേരിടുന്നവർക്ക് കൊറോണ പിടിപെടാൻ വളരെ എളുപ്പമാണ്. പ്രത്യേകിച്ചും മഴയും തണുപ്പും ഉള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് . അതുകൊണ്ട് എപ്പോഴും ആരോഗ്യം നിലനിർത്തുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
പൂർണ്ണ ആരോഗ്യത്തിന് വ്യായാമം ഏറെ ഗുണം ചെയ്യും. യോഗ, രാവിലെയും വൈകുന്നേരവുമുള്ള നടത്തം, ധ്യാനം തുടങ്ങിയവ ശരീരത്തിന് വളരെ നല്ലതാണ്. ശ്വസനവുമായി ബന്ധപ്പെട്ട വ്യായാമങ്ങൾ എപ്പോഴും തിരഞ്ഞെടുക്കുക. ആവി പിടിക്കുന്നതും ഉപ്പുവെള്ളം വായിൽ കൊള്ളുന്നതും കഫം കളയാൻ സഹായിക്കും. അതുപോലെ പോഷകസമൃദ്ധമായ ആഹാരം പ്രതിരോധ ശേഷി വർധിപ്പിക്കും. പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവ എന്നും കഴിക്കുക.
ഇലക്കറികൾ, പപ്പായ, ബീൻസ്, കാരറ്റ്, മഞ്ഞൾ, ഇഞ്ചി എന്നിവ പ്രതിരോധ ശക്തിക്ക് നല്ലതാണ്. ആപ്പിൾ പോലെയുള്ള പഴവർഗ്ഗങ്ങളും ധാരാളം ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കുക. വെള്ളം ധാരാളം കുടിക്കുക. മഴക്കാലമായതുകൊണ്ട് പൊതുവെ ദാഹം കുറവായിരിക്കും. പക്ഷെ വെള്ളം ധാരാളം കുടിക്കണം എന്നാണ് ഡോക്ടർമാർ പറയുന്നത്. ചുമ, ആസ്മ, അലർജി തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ മരുന്നുകൾ എപ്പോഴും കൈയിൽ കരുതുക.
പുകവലി ഒഴിവാക്കുക. പുകവലി ശ്വാസ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും. മാസ്ക് എപ്പോഴും ഉപയോഗിക്കണം. തുമ്മുമ്പോഴും, ചുമയ്‌ക്കുംമ്പോഴും തൂവാല കൊണ്ട് മറയ്‌ക്കുക. പുറത്തിറങ്ങുമ്പോൾ അധികം ആളുകളുമായി ഇടപഴകാതെ സാമൂഹിക അകലം പാലിക്കുക. ഈ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ആരോഗ്യം നിലനിർത്താൻ സാധിക്കും.
















Comments