ചൂല് ഉപയോഗിക്കേണ്ടത് സ്ത്രീകള്‍ മാത്രമാണെന്ന് അച്ചടിച്ചിട്ടുണ്ടോ, വാഷിംഗ് മെഷിന്റെയോ ഗ്യാസ് സ്റ്റൗവിന്റെയോ പ്രവര്‍ത്തനരീതിയിലും അങ്ങനെ എഴുതിയിട്ടുണ്ടോ. പിന്നെന്താണ് നമ്മുടെ ബഹുഭൂരിപക്ഷം വരുന്ന പുരുഷന്‍മാരും ഇത്തരത്തിലുള്ള ജോലികളൊന്നും ഏറ്റെടുക്കാത്തത്. ഇത്തരത്തില്‍ ചില കാര്യങ്ങള്‍ ഉന്നയിച്ചാണ് അടുത്തിടെ മുംബൈയിലെ ആക്ടിവിസ്റ്റായ സുബര്‍ണ ഘോഷ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരു നിവേദനമയച്ചത്. ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഗാര്‍ഹിക ജോലികളില്‍ പങ്കാളികളാകാന്‍ പുരുഷന്മാരോട് ആവശ്യപ്പെടണമെന്നുമായിരുന്നു നിവേദനം. change.org വഴി സുബര്‍ണ നടത്തിയ അഭ്യര്‍ത്ഥനയ്‌ക്ക് ഒന്നരലക്ഷത്തിലധികമാളുകളുടെ പിന്തുണ കിട്ടിയിരുന്നു.
കേള്‍ക്കുമ്പോള്‍ തമാശയായി തോന്നാമെങ്കിലും സുബര്‍ണ പറയുന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. അന്താരാഷ്‌ട്ര ലേബര്‍ ഓര്‍ഗനൈസേഷന്റെ പഠനമനുസരിച്ച്, നഗരങ്ങളില്‍ ശരാശരി ഇന്ത്യന്‍ സ്ത്രീകള്‍ 312 മിനിറ്റ് – കുറഞ്ഞത് 5 മണിക്കൂര്‍ ഒരു പ്രതിഫലവുമില്ലാതെ കഠിനാധ്വാനം ചെയ്യുന്നവരാണ്. ഗ്രാമപ്രദേശത്താണെങ്കില്‍ ഇത് 291 മിനിട്ടോളം വരും. അതേസമയം നഗരങ്ങളില്‍ പുരുഷന്‍മാരാകട്ടെ ശമ്പളമില്ലാത്ത പരിചരണ ജോലികള്‍ക്കായി ചെലവഴിക്കുന്ന സമയം അരമണിക്കൂറില്‍ താഴെയാണ്. ഇത്തരത്തില്‍ ശമ്പളമില്ലാത്ത കുടുംബാംഗങ്ങളുടെ പരിചരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമയം ആണ്‍പെണ്‍ വ്യത്യാസമനുസരിച്ച് വളരെ വ്യത്യാസപ്പെടുന്നുണ്ട്. ലോകമെമ്പാടുമുള്ള സ്ത്രീ പുരുഷന്‍മാരുടെ സമയത്തില്‍ ഇങ്ങനെ വ്യത്യാസം വരുന്നുണ്ട്.
ഭുവനേശ്വറിലെ 10 നഗര ചേരികളില്‍ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് നടത്തിയ പഠനത്തില്‍ 79 ശതമാനം വീടുകളിലും വെള്ളം കൊണ്ടുവരേണ്ട ഉത്തരവാദിത്തം സ്ത്രീകളില്‍ നിക്ഷിപ്തമാണ്. 69 ശതമാനം വീടുകളിലും ഖരമാലിന്യ നിര്‍മാര്‍ജനവും സ്ത്രീകള്‍ തന്നെ ചെയ്യണം. 68 ശതമാനം വീടുകളില്‍ സ്ത്രീകള്‍ക്കാണ് ശുചീകരണജോലികള്‍. 82 ശതമാനം വീടുകളിലും രോഗികളെ പരിചരിക്കുന്നതും സ്ത്രീകള്‍ തന്നെ. ഇത്തരം ജോലികളലില്‍ പുരുഷന്‍മാരുടെ പങ്കാളിത്തം എത്രമാത്രം കുറവാണെന്നത് ഈ കണക്കുകളില്‍ നിന്ന് മനസിലാക്കാം.
വീട്ടിലെ തൊഴില്‍ വിഭജനം അസന്തുലിതമാണെന്നും കൃത്യമായും വീട്ടുജോലികളുടെ ഭാരം താന്‍ മാത്രം വഹിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുബര്‍ണ പ്രധാനമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചത്. ജോലിഭാരം പങ്കിടാന്‍ പുരുഷന്മാരോട് ആവശ്യപ്പെടുന്നതില്‍ സ്ത്രീകള്‍ക്കുള്ള കുറ്റബോധം അവസാനിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇതൊരു കുറ്റപ്പെടുത്തല്‍ ഗെയിമല്ല പകരം സന്തുലിതമായ കുടുംബഘടന സൃഷ്ടിക്കലാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുമ്പ് പറഞ്ഞ കണക്കുകള്‍ കേള്‍ക്കുമ്പോള്‍ സുബര്‍ണ നല്‍കിയ പരാതിയില്‍ കഴമ്പുണ്ടോ എന്നാലോചിക്കാം
Comments