വായ വിശാലമായി തുറക്കുകയും ശ്വാസകോശം ധാരാളം വായുവിനെ ഉള്ളിലേക്ക് എടുക്കുകയും ചെയ്യുന്ന അനൈച്ഛികപ്രവർത്തനമാണ് കോട്ടുവായ് അഥവാ കോട്ടുവാ. പിന്നീട് വായു സാവധാനം പുറന്തള്ളുന്നു. ഈ സമയത്ത് ചെവികൾ നീട്ടുകയും, കണ്ണുകൾ ഇറുകിയ അവസ്ഥയിൽ ആകുകയും, കണ്ണിൽ വെള്ളം നിറയുകയും ചെയ്യുന്നു.
ഒരു നിശ്ചിത പ്രവൃത്തിയോ ചിന്തയോ കോട്ടുവായ് ഉണ്ടാകാൻ കാരണമാകുന്നില്ല. ഉറങ്ങുന്നതിന് മുൻപോ ശേഷമോ കോട്ടുവായ് ഉണ്ടാകുന്നു. അതിനാലാണ് ഇത് സാധാരണയായി ക്ഷീണത്തിന്റെ ലക്ഷണമാണെന്ന് എല്ലാവരും പറയുന്നത്. മടുപ്പ് തോന്നിക്കുന്ന കാര്യങ്ങൾ ചെയ്യുന്നവർക്കും കോട്ടുവായ് ഉണ്ടാകുന്നതായി കാണാം. എല്ലാവർക്കും ഒരേ രീതിയിലാണ് കോട്ടുവായ് ഉണ്ടാകുന്നത്.
ഒരാൾക്ക് കോട്ടുവായ് ഉണ്ടാകുന്നത് കാണുമ്പോൾ മറ്റൊരാൾക്ക് അത് ചെയ്യാൻ തോന്നുന്നതിന് കാരണം ഇറ്റാലിയൻ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, “കോട്ടുവായ് എന്നത് ഒരു സംപ്രേഷണം പോലെയാണ്. മറ്റുള്ളവരിലേക്ക് കൂടി വ്യാപിക്കുന്ന പുഞ്ചിരി പോലെയുള്ള ഒരു വൈകാരിക ആവിഷ്കാരം ആണ് കോട്ടുവായ്” എന്നാണ്. ഗർഭാവസ്ഥയിൽ ഇരിക്കുന്ന കുഞ്ഞിന് പോലും കോട്ടുവായ് ഉണ്ടാകുന്നു എന്നാണ് പറയുന്നത്.
കോട്ടുവായ് ചെയ്യുന്ന ഒരാളുടെ ഹൃദയമിടിപ്പിന്റെ വേഗത സാധാരണയേക്കാൾ കൂടുതൽ ആയിരിക്കും. ഹൃദയമിടിപ്പ് വർധിക്കുന്നത് മന്ദതയേക്കാൾ ജാഗ്രത പാലിക്കുന്നതിന്റെ സൂചനയാണെന്ന് പറയപ്പെടുന്നു.
കോട്ടുവായ് എന്നത് ശരീരത്തിന്റെ അവബോധ അവസ്ഥ മാറ്റുന്നതിനുള്ള ഒരു മാർഗം ആണെന്നും പഠനങ്ങൾ പറയുന്നു.
1. കിടക്കുന്നതിന് മുമ്പ് : ശരീരം ഉറക്കത്തിന് ഒരുങ്ങുന്നു എന്നതിന്റെ സൂചന.
2. ബോറടിക്കുമ്പോൾ : വിരസത നിറഞ്ഞ ജോലി ചെയ്യുമ്പോൾ തലച്ചോറ് ഉയർന്ന ജാഗ്രതയിൽ നിന്നും താഴ്ന്ന ജാഗ്രതയിലേക്ക് പോകുന്നതിന്റെ സൂചന.
3. വ്യായാമത്തിനോ കായിക വിനോദത്തിനോ ശേഷം : തീവ്രമായ ഒരു കായിക പ്രവർത്തനത്തിന് ശേഷം കോട്ടുവായ് ഉണ്ടാകുന്നത് തലച്ചോറിന്റെ ഉയർന്ന ഊർജത്തിലുള്ള പ്രവർത്തനം താഴ്ന്ന ഊർജത്തിലേക്ക് മാറുന്നതിന്റെ അടയാളം ആണ്.
ഉയർന്ന മർദ്ദമുള്ള പ്രദേശത്ത് നിന്ന് താഴ്ന്ന മർദ്ദമുള്ള പ്രദേശത്തേക്ക് സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങൾക്കനുസരിച്ച് കോട്ടുവായ് ഉണ്ടാകുന്നു.
കോട്ടുവായ് എന്നത് ശ്വസനത്തിന്റെ ഒരു പ്രവർത്തനമായും കണക്കാക്കുന്നു. രക്തത്തിൽ ഓക്സിജൻ കൂടുതലായി ആവശ്യമായി വരുമ്പോൾ കോട്ടുവായ് ഉണ്ടാകാറുണ്ട്. കോട്ടുവായ് ഉണ്ടാകുമ്പോൾ വലിയ തോതിലുള്ള വായു ഉള്ളിലേക്ക് പോവുകയും കൂടാതെ ഹൃദയമിടിപ്പ് വേഗത്തിൽ ആവുകയും ചെയ്യുന്നു. ഇത് ശരീരത്തിലൂടെ കൂടുതൽ ഓക്സിജൻ പമ്പ് ചെയ്യാൻ കാരണമാകുന്നു.
കോട്ടുവായ് തലച്ചോറിനെ തണുപ്പിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. കോട്ടുവായ് ഉണ്ടാകുമ്പോൾ മുഖത്തും കഴുത്തിലും രക്തയോട്ടം കൂടുന്നു. വലിയ രീതിയിൽ ശ്വാസം എടുക്കുന്നതും വേഗത്തിലുള്ള ഹൃദയമിടിപ്പും രക്തം ശരീരത്തിലൂടെ വേഗത്തിൽ സഞ്ചരിക്കാൻ കാരണമാകുന്നു. ഈ പ്രക്രിയയിലൂടെ ചൂട് പിടിച്ച തലച്ചോറ് തണുക്കുകയും ചെയ്യുന്നു.
മനുഷ്യർ ശബ്ദം ഉണ്ടാക്കാൻ തുടങ്ങുന്നതിന് മുമ്പ് ആദിമ കാലങ്ങളിൽ സന്ദേശകൈമാറ്റത്തിനായി കോട്ടുവായ് ഉപയോഗിച്ചിരുന്നു എന്നും പറയുന്നുണ്ട്.
കോട്ടുവായ് സാധാരണയായി എല്ലാവരിലും കണ്ടുവരുന്ന ഒന്നാണെങ്കിലും അമിതമായി കോട്ടുവായ് ഉണ്ടാകുന്നത് ശാരീരികമായ പല തകരാറുകളുടെയും ലക്ഷണം ആണ്. തൊണ്ടയെയും അടിവയറിനെയും തലച്ചോറുമായി ബന്ധിപ്പിക്കുന്ന നാഡിയായ വാഗസ് നാഡി രക്തക്കുഴലുമായി ഇടപഴകുന്നത് കോട്ടുവായ് ഉണ്ടാകാൻ കാരണമാകുന്നു. ഇതിനെ വാസോവാഗൽ പ്രതികരണം എന്ന് പറയുന്നു. ഈ പ്രതികരണം ഉറക്ക തകരാറിന്റെയോ മസ്തിഷ്ക തകരാറിന്റെയോ അടയാളമായിരിക്കാം.
Comments