കൊറോണ ഭീതിയിൽ മാസങ്ങളായി അടച്ചിട്ടിരിക്കുന്ന സ്കൂളുകൾ വീണ്ടും തുറക്കുന്നതിൽ വ്യക്തമായ തീരുമാനം ഉണ്ടായിട്ടില്ല. സെപ്റ്റംബർ മുതൽ സ്കൂളുകൾ പുനരാരംഭിക്കാം എന്ന ധാരണ കേന്ദ്ര സർക്കാർ മുന്നോട്ട് വച്ചെങ്കിലും മിക്ക സംസ്ഥാനങ്ങളും നിലപാട് വ്യക്തമാക്കിയിട്ടില്ല.
പല സംസ്ഥാനങ്ങളിലും കൊറോണയുടെ തീവ്രത നിലനിൽക്കുന്നത് കൊണ്ടാണ് സ്കൂളുകൾ തുറക്കുന്നതിൽ അനിശ്ചിതത്വം സർക്കാർ പ്രകടിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സ്കൂളുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഇപ്പോഴും ആയിട്ടില്ല.
എന്നാൽ ഈ അധ്യയന വർഷം പൂർണ്ണമായി അടച്ചിടുന്ന സാഹചര്യം ഉണ്ടാവില്ല എന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. അധ്യയനവും, പരീക്ഷയും പൂർണ്ണമായി വേണ്ടന്നുവെയ്‌ക്കുന്ന ‘സീറോ അക്കാദമിക് വർഷം’ ആകില്ലെന്നും സർക്കാർ വ്യക്തമാക്കി. സ്കൂൾ കോളേജ് തലത്തിൽ അവസാന വർഷ പരീക്ഷയുണ്ടാകും.
സെപ്തംബർ അവസാനമോ ഒക്ടോബറിലോ മുതിർന്ന ക്ലാസുകൾ ആരംഭിക്കാം എന്ന നിലപാടിലാണ് സർക്കാറുള്ളത്. 10, 11, 12 ക്ലാസ്സുകളാണ് സെപ്തംബർ അവസാനത്തോടെ തുടങ്ങാൻ ആലോചിക്കുന്നത്. ഓരോ സ്ഥലത്തെയും സാഹചര്യം അനുസരിച്ച് അതാത് സംസ്ഥാനങ്ങളുടെയാകും അന്തിമ തീരുമാനം.
ക്ലാസുകൾ ഓൺലൈനായും ഓഫ്‌ലൈനായും വിദ്യാർത്ഥികൾക്ക് കൊടുക്കാം. പരീക്ഷ നടത്തുന്നതിനുള്ള എല്ലാ സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് നൽകും. ചെറിയ ക്ലാസുകൾ എപ്പോൾ തുടങ്ങണമെന്ന് ഇപ്പോഴും സർക്കാർ തീരുമാനിച്ചിട്ടില്ല. രോഗത്തിന്റെ വ്യാപനം എങ്ങനെയുണ്ടെന്നനുസരിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുന്നതെന്നു മന്ത്രാലയം വ്യക്തമാക്കി.
ഈ വർഷം പൂർണ്ണമായി അടച്ചിടുന്നതിൽ താല്പര്യമില്ലന്ന കേന്ദ്ര സർക്കാരിന്റെ നയം പാർലമെന്ററി സമിതിയ്‌ക്കു മുന്നിൽ അറിയിച്ചു. ഈ അധ്യയന വർഷം പൂർണ്ണ അവധി പ്രഖ്യാപിക്കുന്ന സാഹചര്യമില്ലെന്നാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അമിത് ഖേര പാർലമെൻററികാര്യ സ്ഥിരം സമിതിയെ അറിയിച്ചത്.
















Comments