നാലു തലമുറയുടെ കഥ പറഞ്ഞ അവകാശികള്‍

Published by
Janam Web Desk

മലയാളത്തില്‍ ഒരുപാട് നോവലുകളുണ്ട് . എന്നാല്‍ മലയാളം നോവല്‍ രചനകളില്‍ തന്നെ ഏറ്റവും ബൃഹത്തായ സൃഷ്ടിയാണ് വിലാസിനി എന്ന തൂലിക നാമത്തില്‍ അറിയപ്പെടുന്ന എം.കുട്ടികൃഷ്ണ മേനോന്റെ  അവകാശികള്‍ എന്ന നോവല്‍. കേരളത്തില്‍ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന അദ്ദേഹം സിംഗപ്പൂരില്‍ പോയശേഷം അവിടെ ജോലി ചെയ്തിരുന്ന കാലത്ത് കണ്ട കാഴ്ചകളും ജീവിതവുമാണ് നാലു വാല്യങ്ങളിലായി പുറത്തിറക്കിയ അവകാശികള്‍ എന്ന നോവലില്‍ ഉള്ളത്. 3958 പേജുകളാണ് ഇതില്‍ ഉള്ളത്. 1970 ജൂണ്‍ ഒന്നിന് രചന ആരംഭിച്ച നോവല്‍ 1975 ൽ  പൂര്‍ത്തീകരിച്ചു . 1980 ലാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. മലയാളത്തില്‍ മാത്രമല്ല മറ്റു ഇന്ത്യന്‍ ഭാഷകളില്‍ പോലും ഇത്തരത്തില്‍ ബൃഹത്തായ ഒരു രചന ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

നാല് തലമുറകളുടെ കഥയാണ് നോവലില്‍ 40 കഥാപാത്രങ്ങളുണ്ട്. അതില്‍ 10 കഥാപാത്രങ്ങളുടെ കാഴ്‌ച്ചപാടിലുടെയാണ് കഥയുടെ മുന്നോട്ടുപോകുന്നത്. നാലഞ്ചു മാസക്കാലം കൊണ്ടാണ് നോവലില്‍ വിവരിക്കുന്ന സംഭവങ്ങള്‍ നടക്കുന്നത്. അതില്‍ അനേക ദശകങ്ങളുടെ കഥ അനാവരണം ചെയ്യപ്പെടുന്നു. ഒരേ സംഭവത്തെ വിവിധ കഥാപാത്രങ്ങളുടെ കാഴ്‌ച്ചപാടിലുടെ നോക്കികാണുന്ന നോവലിന്റെ പശ്ചാത്തലം മലേഷ്യയാണ്.  സാങ്കല്പിക സൃഷ്ടിയായ തന്ചോന്ഗ് ബസാര്‍ എന്നീ നഗരങ്ങളിലാണ് പ്രധാന സംഭവങ്ങള്‍ നടക്കുന്നത്. കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയും അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ഈ നോവലില്‍ തുറന്നുകാട്ടുന്നു. വേലുണ്ണിക്കുറുപ്പിന്റെ സ്വത്ത് ഭാഗിക്കുന്നതു സംബന്ധിച്ചുളള അവകാശത്തര്‍ക്കമാണ് നോവലിലെ മുഖ്യമായ വിഷയം.

മികച്ച നോവലിസ്റ്റും പ്രമുഖ പത്രപ്രവര്‍ത്തകനുമായിരുന്നു കൃഷ്ണകുട്ടിമേനോന്‍. നിറമുള്ള നിഴലുകള്‍, ചുണ്ടെലി, യാത്രാമുഖം, ഊഞ്ഞാല്‍ എന്നിവ പ്രധാന കൃതികളാണ്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കൂടാതെ കേരള സാഹിത്യ അക്കാദമി കൃഷ്ണകുട്ടിമേനോന്റെ ഓര്‍മ്മയ്‌ക്കായി മികച്ച നോവല്‍ നിരൂപണ കൃതിയ്‌ക്ക്  വിലാസിനി പുരസ്‌കാരം നല്‍കി വരുന്നു.

Share
Leave a Comment