ഇന്ത്യയുടെ ദേശീയ പതാക ആദ്യമായി വിദേശത്ത് ഉയര്‍ത്തിയ ധീര വനിത മാഡം കാമ എന്നറിയപ്പെടുന്ന ഭിക്കാജി റസ്തം കാമ. 1907 ല്‍ ജര്‍മനിയിലെ സ്റ്റഡ്ഗര്‍ട്ടില്‍ വെച്ചുനടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സ് വേദിയിലാണ് മാഡം കാമ ഇന്ത്യയുടെ പതാക ഉയര്‍ത്തിയത്. മുംബൈയിലെ പ്രശസ്ത വ്യാപാരിയായിരുന്ന ഭിക്കാജി സൊറാബ് പട്ടേലിന്റെയും ജെയ്ജി ഭായ് പട്ടേലിന്റെയും മകളായി ജനിച്ച മാഡം കാമ സ്കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു നടക്കുന്ന സമരങ്ങളില്‍ ആകൃഷ്ടയായിരുന്നു. രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ചവരെ അത്രയധികം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്ത വ്യക്തിയാണ് മാഡം കാമ.
1885 ല്‍ റസ്തം കാമയെ വിവാഹം കഴിച്ചു. എന്നാല്‍ ഈ ദാമ്പത്യം അധിക കാലം നില നിന്നില്ല. ബ്രിട്ടീഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കാമയ്ക്ക് ഭര്‍ത്താവിന്റെ വിലക്ക് വന്നതോടെയാണ് ആ ബന്ധത്തില്‍ വിള്ളല്‍ വീണത്. തുടര്‍ന്ന് കാമ ബന്ധം ഉപേക്ഷിച്ചു. ബോംബെയില്‍ കടുത്ത പ്ലേഗ് ബാധ വന്നപ്പോള്‍ ആ മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. അതിനിടെ മാഡം കാമയ്ക്ക് പ്ലേഗ് ബാധിച്ചു. എന്നാല്‍ അവര്‍ സുഖം പ്രാപിച്ചു.
1902 ൽ ഇംഗ്ലണ്ടിലേക്ക് പോയി. പിന്നീടുള്ള ജീവിതം രാജ്യത്തിനു പുറത്തായിരുന്നു. രാജ്യത്തോടുള്ള സ്നേഹവും ആദരവും വളരെയധികമായിരുന്നു മാഡം കാമയ്ക്ക. 1905 ല്‍ ദാദാഭായ് നവറോജിയോടും ശ്യാംജിയോടുമൊപ്പം ഇന്ത്യന്‍ ഹോംറൂള്‍ പ്രസ്ഥാനത്തിനു തുടക്കമിട്ടു. 1909 വന്ദേമാതരം, തല്‍വാര്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ പാരീസില്‍ ആരംഭിച്ചു. ഇന്ത്യയുടെ വിപ്ലവ മാതാവ് എന്നറിയപ്പെടുന്ന മാഡം കാമ നീണ്ട 34 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തി. തന്റെ മാതൃ രാജ്യത്തിന് വേണ്ടി, സ്വാതന്ത്രത്തിനു വേണ്ടി സ്വന്തം വ്യക്തി ജീവിതം പോലും മറന്ന് പ്രവര്‍ത്തിച്ച ധീര വനിതയാണ് മാഡം കാമ. 1936 ഓഗസ്റ്റ് 13 ന് ഈ ധീരവനിത ലോകത്തോട് വിട പറഞ്ഞു.
Comments