ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ചിത്രം രണ്ടാം ചരമവാർഷിക ദിനത്തിനോടനുബന്ധിച്ച് ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് ആസ്ഥാനത്ത് അനാച്ഛാദനം ചെയ്ത് രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് . വാജ്‌പേയിയുടെ രണ്ടാം ചരമവാർഷിക ദിനത്തിനോടനുബന്ധിച്ചായിരുന്നു ചടങ്ങ്.
അടൽ ബിഹാരി വാജ്‌പേയി 1977 മാർച്ച് മുതൽ 1979 ഓഗസ്റ്റ് വരെ വിദേശകാര്യമന്ത്രിയായിരുന്നപ്പോൾ ഐസിസിആറിന്റെ എക്സ്-അഫീഷ്യോ പ്രസിഡന്റ് പദവി അലങ്കരിച്ചിരുന്നു . ഇന്ത്യൻ രാഷ്‌ട്രീയത്തിൽ മഹത്തായ നിരവധി അധ്യായങ്ങൾ സൃഷ്ടിച്ച ദേശീയവാദിയായിരുന്നു വാജ്പേയിയെന്ന് പ്രണാമമർപ്പിച്ചു കൊണ്ട് വെർച്വൽ ചടങ്ങിൽ രാഷ്‌ട്രപതി പറഞ്ഞു.
ലിബറൽ ചിന്താഗതിക്കും ജനാധിപത്യ ആശയങ്ങൾക്കും അടൽജി എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധനായിരുന്നു. . പാർട്ടി പ്രവർത്തകൻ, പാർലമെന്റ് അംഗം, പാർലമെന്റിന്റെ പ്രധാന സ്റ്റാൻഡിംഗ് കമ്മിറ്റികളുടെ ചെയർമാൻ, പ്രതിപക്ഷ നേതാവ്, വിദേശകാര്യമന്ത്രി, പ്രധാനമന്ത്രി എന്നീ നിലകളിൽ അദ്ദേഹം തന്റെ അതുല്യ വ്യക്തിത്വത്തിന്റെ മായാത്ത മുദ്ര പതിപ്പിച്ചു. എല്ലാ രാഷ്‌ട്രീയ പാർട്ടികളെയും ദേശീയ താൽപ്പര്യം എല്ലായ്പ്പോഴും പരമപ്രധാനമാണെന്ന് പഠിപ്പിച്ചു.
കൊറോണ മഹാമാരിയിൽ നിന്ന് കരകയറിയതിന് ശേഷം ഇന്ത്യ അതിവേഗം പുരോഗതിയുടെയും സമൃദ്ധിയുടെയും പാതയിലേക്ക് നീങ്ങുമെന്നും ഈ നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ട് ആക്കാനുള്ള അടൽജിയുടെ ആഗ്രഹം സാക്ഷാത്കരിക്കുന്നതിൽ വിജയിക്കുമെന്നും രാം നാഥ് കോവിന്ദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
Comments