വിഗ്രഹാരാധനയ്‌ക്ക് ഏറെ പ്രാധാന്യമുള്ള ഹിന്ദു വിശ്വാസികൾ ശിൽപ്പങ്ങളിലും , വിഗ്രഹങ്ങളിലുമാണ് ദേവചൈതന്യത്തെ ആവാഹിക്കുന്നത് . ആ വിഭാഗത്തില്‍ വരുന്ന ഏറ്റവും ശ്രേഷ്ഠമായ ശിലയാണ് സാളഗ്രാമം
വൈഷ്‌ണവ പ്രതീകമായ സാളഗ്രാമങ്ങളുടെ ഉറവിടം നേപ്പാളിലെ സാളഗ്രാമത്തിലാണ്. നദിയുടെ ഒഴുക്കിന്റെ ശക്തിയാൽ ഉരുളൻ കല്ലുകളാകുന്നവയാണ് ഇവ. കൂടാതെ ഒരിനം പ്രാണികൾ കല്ലുതുളച്ച് പലതരത്തിലുള്ള ചക്രങ്ങൾ കൊത്തിയുണ്ടാക്കുന്നുവെന്നാണ് പറയപ്പെടുന്നത്. ചക്രങ്ങളുടെ ആകൃതി അനുസരിച്ചും നിറം നോക്കിയും ഓരോ ഈശ്വരനാമങ്ങളും നൽകുന്നു. സാളഗ്രാമം വീട്ടിൽ സൂക്ഷിക്കുന്നത് വിഷ്ണു ഭാഗവാനോടുള്ള ബഹുമാനസൂചകമായാണ് എന്നും പറയപ്പെടുന്നു.
തുളസിയും സാളഗ്രാമവും ഒരുമിച്ച് വെക്കുന്നതിലൂടെ ദാരിദ്ര്യം, ധന നഷ്ടം, സന്തോഷമില്ലായ്മ, പേടി എന്നിവ ഇല്ലാതാകുന്നു. കൂടാതെ അസുഖങ്ങളും ഉണ്ടാകില്ലാ എന്നാണ് വിശ്വാസം.ശ്രീ വൈഷ്‌ണവ സമ്പ്രദായപ്രകാരം സാളഗ്രാമശിലക്ക് നല്ല രീതിയിലുള്ള ബഹുമാനം തന്നെയാണ് നൽകുന്നത്. രാമ നവമി, കൃഷ്ണ ജന്മാഷ്ടമി എന്നീ പ്രത്യേക ദിവസങ്ങളിൽ സാളഗ്രാമത്തെ പൂജിക്കാറുണ്ട്. അഞ്ച് ശുഭകരമായ വസ്തുക്കൾ എന്ന് പറയുന്ന നെയ്യ്, പഞ്ചസാര, തേൻ, തൈര്, പാൽ എന്നിവ ഉപയോഗിച്ച് സാളഗ്രാമത്തെ ശുദ്ധമാക്കുന്നതിനെ പഞ്ചമൃത സ്നാനമെന്ന് പറയുന്നു. ഇവയോടൊപ്പം തന്നെ വെള്ളം, തുളസി എന്നിവയും ഉപയോഗിച്ച് എല്ലാ ദിവസവും സാളഗ്രാമത്തെ പൂജിക്കണം എന്നും പറയുന്നു.
ഒരു ചക്രം, രണ്ട് ചക്രം എന്നിങ്ങനെ ചക്രങ്ങളുടെ എണ്ണത്തിൽ വ്യത്യാസമുള്ള ഒരുപാട് സാളഗ്രാമങ്ങളെ കാണാൻ സാധിക്കും. ധാരാളം ചക്രങ്ങൾ ഉള്ള സാളഗ്രാമത്തെ അനന്തവിഷ്ണുവിന്റെ പ്രതീകമായി കണക്കാക്കുന്നു.
ഭൂതകാലത്തിലും വർത്തമാന കാലത്തിലും ചെയ്തിട്ടുള്ള പാപങ്ങളെ കഴുകി കളയാനും സാളഗ്രാമത്തിന് സാധിക്കുമെന്നും വിശ്വാസമുണ്ട്.
സാളഗ്രാമത്തെ കുറിച്ചുള്ള പുരണകഥ ഇങ്ങനെയാണ് . പണ്ടുകാലത്ത് ശിവഭഗവാനും ജലന്തർ എന്ന അസുരനും തമ്മിൽ ഒരു യുദ്ധം നടക്കുകയുണ്ടായി. യുദ്ധം ദിവസങ്ങളോളം നീണ്ടുനിന്നു. ജലന്തറിന്റെ ഭാര്യയുടെ പ്രാർത്ഥനയുടെ ഫലമായിരുന്നു ജലന്തറിന് യുദ്ധത്തിൽ തോൽക്കാതെ പിടിച്ച് നിൽക്കാൻ സാധിച്ചത്.
ശിവഭഗവാൻ മഹാവിഷ്ണുവിന്റെ സഹായം തേടി. ഒരു ഭാഗത്ത് ശിവഭഗവാന്റെയും ജലന്തറിന്റെയും യുദ്ധം നടക്കുന്നു. മറുവശത്ത് മഹാവിഷ്ണു ജലന്തറിന്റെ രൂപത്തിൽ ജലന്തറിന്റെ ഭാര്യയുടെ (വൃന്ദ) അടുത്തും എത്തി. യുദ്ധം അവസാനിച്ചെന്ന് കരുതിയ വൃന്ദ പ്രാർത്ഥന അവസാനിപ്പിക്കുകയും ചെയ്തു.
ഈ സമയത്ത് ശിവഭഗവാൻ ജലന്തറിനെ വധിച്ചു. എന്നാൽ പിന്നീട് ചതി മനസിലായ വൃന്ദ മഹാവിഷ്ണുവിനോട് ദേഷ്യപ്പെടുകയും കല്ല്, പുല്ല്, മരം എന്നിവയായി മാറട്ടെ എന്ന് ശപിക്കുകയും ചെയ്തു. ശേഷം മഹാവിഷ്ണു ഭൂമിയിൽ സാളഗ്രാമം(കല്ല്), ദർഭ(പുല്ല്), ബോധി വൃക്ഷം(മരം) എന്നിവയായി മാറുകയും ചെയ്തു എന്നാണ് വിശ്വാസം.
















Comments