നിങ്ങള്‍ ബുദ്ധിമാനാണോ? ഈ ചോദ്യം ഒരിക്കലെങ്കിലും സ്വയം ചോദിച്ച് നോക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ക്കെ ഏവര്‍ക്കും സുപരിചിതമായ വാക്കുകളാണ് ബുദ്ധി, കഴിവ്, സാമര്‍ഥ്യം എന്നിവ. പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന കുട്ടികള്‍ ബുദ്ധിമാന്‍മാര്‍ ആണെന്നും മാര്‍ക്ക് കുറഞ്ഞവര്‍ മോശക്കാര്‍ ആണെന്നുമുള്ള തെറ്റിദ്ധാരണ സ്‌കൂളിലെ അദ്ധ്യാപകര്‍ക്കിടയില്‍ തന്നെയുണ്ട്. കുട്ടികള്‍ക്കിടയിലും.
എന്നാല്‍ പരീക്ഷ അല്ല ഒരു കുട്ടിയുടെ ബുദ്ധി അളക്കുന്നത്. ഈ സത്യം പലര്‍ക്കും അറിയില്ല. പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങുന്നവര്‍ തീര്‍ച്ചയായും സ്മാര്‍ട്ടും ഇന്റലിജെന്റും തന്നെയാണ്. എന്നാല്‍ പരീക്ഷയ്‌ക്ക് കുറച്ച് മാര്‍ക്ക് വാങ്ങിയവര്‍ ഇന്റലിജെന്റ് അല്ലെന്ന് അര്‍ത്ഥമില്ല. നല്ല മാര്‍ക്ക് നേടുക എന്നത് ഇന്റലിജെന്റിന്റെ ഒരു അടയാളം ആണെങ്കിലും അതുവെച്ച് മാത്രം കണക്കാക്കാവുന്നതല്ല ഹ്യൂമന്‍ ഇന്റലിജെന്റ്‌സ്.
അമേരിക്കന്‍ സൈക്കോളജിസ്റ്റ് ഹവാര്‍ഡ് ഗാര്‍ഡ്‌നര്‍ പറയുന്നത് എല്ലാവരും ഇന്റലിജെന്റ് ആണെന്നാണ്. എന്നാല്‍ ഈ ഇന്റലിജെന്‍സ് എല്ലാവരിലും ഒരുപോലെ അല്ലെന്ന് മാത്രം. ആകെ ഒണ്‍പത് തരത്തിലുള്ള ഇന്റലിജെന്‍സാണുള്ളത്. എല്ലാവരിലും ഈ ഒണ്‍പത് തരം ഇന്റലിജെന്‍സ് ഉണ്ട്. എല്ലാവരിലും ഇവ കൂടിച്ചേര്‍ന്നതായിരിക്കും. എന്നാല്‍ നിങ്ങള്‍ നിങ്ങളെ തന്നെ ഒന്ന് നിരീക്ഷിച്ചാല്‍ മനസ്സിലാകും ഏത് തരം ഇന്റലിജെന്‍സാണ് ഉള്ളതെന്ന്. ഒന്നുകില്‍ ഒന്നാകാം, രണ്ടാകാം, മൂന്നാകാം. ഏറ്റവും കൂടുതല്‍ ഏതാണെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്കാ കഴിവ് വികസിപ്പിക്കാന്‍ കഴിയും. അതുകൊണ്ട് നിങ്ങള്‍ തന്നെ നിങ്ങളുടെ കഴിവിനെ തിരിച്ചറിയുക.
9 ഇന്റലിജെന്‍സുകള്‍ ഏതൊക്കെയാണെന്ന് നോക്കാം-
1. ലോജിക്കല്‍- മാത്തമാറ്റിക്കല്‍ ഇന്റലിജെന്‍സ്
ഏതൊരു കണക്കിനെയും യുക്തിപരമായി ചിന്തിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുക, സങ്കീര്‍ണമായ കണക്കുകള്‍ക്ക് എളുപ്പവഴിയിലൂടെ ഉത്തരം കണ്ടെത്താനുള്ള കഴിവ്, മാത്തമാറ്റിക്‌സില്‍ നന്നായി പെര്‍ഫോം ചെയ്യുക, ഇക്വേഷന്‍സും ഫോര്‍മുലാസും ഉപയോഗിച്ച് ചെയ്യുന്ന കാര്യങ്ങളിലുള്ള താത്പര്യം തുടങ്ങിയവ ഇത്തരക്കാരുടെ പ്രത്യേകതയാണ്. സയന്റിസ്റ്റ്, എന്‍ജിനിയര്‍, മാത്തമാറ്റീഷ്യന്‍, ആര്‍ക്കിടെക്റ്റ്, കംപ്യൂട്ടര്‍ പ്രൊഗ്രാമര്‍, അക്കൗണ്ടന്റ് എന്നിവ ലോജിക്കല്‍-മാത്തമാറ്റിക്കല്‍ ഇന്റലിജെന്‍സ് കൂടിയവരുടെ കരിയറാണ്.
2. വിഷ്വൽ-സ്‌പേഷ്യല്‍ ഇന്റലിജെന്‍സ്
ഇത്തരക്കാര്‍ കുറച്ച് ക്രിയേറ്റീവ് ആണ്. ഓരോ കാര്യങ്ങളും നന്നായി വിഷ്വലൈസ് ചെയ്യുന്നവരാണ്. ഇമേജിനേഷന്‍ കൂടുതലായിരിക്കും. മനസ്സില്‍ 3D പിക്‌ച്ചേഴ്‌സ് ഉണ്ടാക്കാനുള്ള കഴിവ്, ക്രിയേറ്റീവായി ചിന്തിച്ച് ഓരോ കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ്, ആര്‍ട്ടിസ്റ്റിക് സ്‌കില്‍സ് തുടങ്ങിയവയാണ് ഇത്തരക്കാരുടെ പ്രത്യേകത. ആര്‍ട്ടിസ്റ്റ്, സിനിമാ സംവിധായകന്‍, എഞ്ചിനിയര്‍, ആര്‍ക്കിടെക്റ്റ്, ഗ്രാഫിക്ക് ഡിസൈനിംഗ്, ഫാഷന്‍ ഡിസൈനിംഗ്, എഡിറ്റിംഗ്, ഫോട്ടോഗ്രഫി, അനിമേഷന്‍ എനനിവ ഈ ഇന്റലിജന്‍സ് കൂടിയവര്‍ക്ക് അനുയോജ്യമായ കരിയര്‍ ആയിരിക്കും.
3. വെര്‍ബല്‍- ലിംഗ്വിസ്റ്റിക് ഇന്റ്‌ലിജെന്‍സ്
ഈ ഇന്റെലിജെന്‍സ് കൂടുതല്‍ ഉള്ളവര്‍ ഭാഷയിലും വാക്കുകള്‍ ഉപയോഗിക്കുന്നതിലും സ്മാര്‍ട്ട് ആയിരിക്കും. നന്നായി എഴുതാനുള്ള കഴിവ്, നന്നായി പ്രസംഗിക്കാനുള്ള കഴിവ്, അറിയുന്ന കാര്യങ്ങള്‍ നന്നായി വിവരിക്കാനുള്ള കഴിവ് എന്നിവയൊക്കെയാണ് ഇവരുടെ കഴിവുകള്‍. ഇവര്‍ നല്ല സ്റ്റോറി ടെല്ലേഴ്‌സ് ആയിരിക്കും. എഴുത്തുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, അദ്ധ്യാപകര്‍, ലോയര്‍ എന്നീ കരിയറുകളാണ് ഇവര്‍ക്ക് അനുയോജ്യം.
4. ബോഡിലി-കിനെസ്‌തെറ്റിക് ഇന്റലിജെന്‍സ്
ഇത്തരക്കാര്‍ എപ്പോഴും ശരീരം ചലിപ്പിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങളാകും ചെയ്യുക. ഡാന്‍സ്, ആക്ടിംഗ്, സ്‌പോര്‍ട്ട്‌സ്, അത്‌ലറ്റിക്‌സ്, സ്‌റ്റേജ് പെര്‍ഫോമന്‍സ് തുടങ്ങീ ശാരീരിക-മാനസിക കോഡിനേഷന്‍ വെച്ച് ചെയ്യുന്ന കാര്യങ്ങള്‍ക്ക് ഇവര്‍ക്ക് കഴിവുണ്ടായിരിക്കും.
5. മ്യൂസിക്കല്‍ ഇന്റലിജെന്‍സ്
ശബ്ദവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ ഇവര്‍ സ്മാര്‍ട്ട് ആയിരിക്കും. നന്നായി പാടാനുള്ള കഴിവ്, ശബ്ദവുമായി ബന്ധപ്പെട്ടുള്ള റിഥം , പിച്ച്, ടോണ്‍ തുടങ്ങിയവ നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുക, വളരെ പെട്ടെന്ന് തന്നെ സംഗീതവുമായി ബന്ധപ്പെട്ടുള്ള ഉപകരണങ്ങള്‍ പഠിക്കാനും ഉപയോഗിക്കാനും കഴിയുക, നല്ല താളമുള്ള പാട്ടെഴുതാനും കംപോസ് ചെയ്യാനും ഇവര്‍ക്ക് കഴിവുണ്ടായിരിക്കും. ഇത്തരക്കാരാണ് പാട്ടുകാരും സംഗീതജ്ഞരും ആകുന്നത്.
6. ഇന്റര്‍പേഴ്‌സണല്‍ ഇന്റലിജെന്‍സ്
നല്ല കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സ് ഉള്ളവരാകും ഇക്കൂട്ടര്‍. അധികം ആളുകളുമായി സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുക, മറ്റുള്ളവരുടെ വികാരങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കുക, ഒരുപാടു ആളുകളുമായി നല്ല ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയുക, മറ്റുള്ളവരെ നന്നായി മോട്ടിവേറ്റ് ചെയ്യാനുള്ള കഴിവ്, ലീഡര്‍ഷിപ്പ് ക്വാളിറ്റി ഇവയൊക്കെയാണ് ഇവരുടെ കഴിവുകള്‍. ഇവര്‍ക്ക് നല്ല രാഷ്‌ട്രീയക്കാരും നേതാക്കന്‍മാരും ആയിരിക്കും. സൈക്കോളജിസ്റ്റ്, മോട്ടിവേഷണല്‍ സ്പീക്കേഴ്‌സ്, കൗണ്‍സലേഴ്‌സ്, ടീച്ചര്‍, നെഴ്‌സ്, സെയില്‍സ് പേഴ്‌സണ്‍ ഇവയൊക്കെയാണ് ഇവരുടെ കെരിയര്‍ മേഖല.
7. ഇന്‍ട്രാപേഴ്‌സണല്‍ ഇന്റലിജെന്‍സ്
സ്വയം മനസ്സിലാക്കുന്നവരും സ്വന്തമായി തന്നെ നല്ലൊരു ബന്ധം ഉള്ളവരുമാണ് ഇക്കൂട്ടര്‍. സ്വന്തം കഴിവും കഴിവുകേടുകളും അവര്‍ക്ക് തന്നെ അറിയാന്‍ കഴിയും. സ്വന്തം വികാരങ്ങള്‍ക്കും ചിന്തകൾക്കും അവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കും. അവര്‍ അവരുടെ ജീവിതത്തിലെ ഭാവി പദ്ധതികളെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും അവബോധരായിരിക്കും. എഴുത്താര്‍, സൈക്കോളജിസ്റ്റ്, കൗണ്‍സിലര്‍ എന്നിവയാണ് ഇവരുടെ കരിയര്‍.
8. എക്‌സിസ്‌റ്റെന്‍ഷ്യല്‍ ഇന്റലിജെന്‍സ്
ഇത് കുറച്ച് അപൂര്‍വ്വമായ ഇന്റലിജെന്‍സാണ്. ഇവര്‍ തത്വചിന്തകര്‍ ആയിരിക്കും. വലിയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കുന്നവരാണ് ഇക്കൂട്ടര്‍. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ സ്വയം ചോദിച്ച് അത് അന്വേഷിച്ച് കൊണ്ടിരിക്കുന്നവരാണ് ഇക്കൂട്ടര്‍. പ്രപഞ്ചവുമായി നല്ലൊരു ബന്ധമുണ്ടാക്കിയെടുക്കാന്‍ ഇവര്‍ക്ക് കഴിയും. നല്ല ചിന്തകര്‍ ആയത് കൊണ്ട് തന്നെ ഇവര്‍ ശാസ്ത്രജ്ഞരും ഫിലോസഫറും ആയിരിക്കും.
9. നാച്വറലിസ്റ്റിക് ഇന്റലിജെന്‍സ്
ഇവര്‍ പ്രകൃതിയുമായി കൂടുതല്‍ ബന്ധമുള്ളവരായിരിക്കും. പ്രകൃതിയിലെ കാര്യങ്ങളെ കുറിച്ച് പഠിക്കാനും അറിയാനും താല്‍പ്പര്യം ഉള്ളവരായിരിക്കും ഇക്കൂട്ടര്‍. ഗാര്‍ഡണിംഗ്, കൃഷി, മൃഗങ്ങളെ വളര്‍ത്തുക, പ്രകൃതിയിലെ ഓരോ കാര്യങ്ങളും നിരീക്ഷിക്കുക തുടങ്ങിയവ ഇവര്‍ക്ക് ഇഷ്ടമുള്ള കാര്യമാണ്. വൈള്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍, എക്കോളജിസ്റ്റ്, ബോട്ടണിസ്റ്റ്, സുവോളജിസ്റ്റ്, കര്‍ഷകര്‍ എന്നിവയാണ് ഇവരുടെ കെരിയര്‍.
















Comments