അഴിമതി വിരല്‍ ചൂണ്ടുന്നത് ഓഫീസിലേക്കല്ല; മുഖ്യമന്ത്രിയിലേക്ക് തന്നെ

Published by
Janam Web Desk

മുഖ്യമന്ത്രി പിണറായി വിജയന് ഇപ്പോള്‍ പഴയ ആത്മവിശ്വാസമില്ല. ഇരട്ടച്ചങ്കും ഊരിപ്പിടിച്ച വാളും ഒക്കെ ഓര്‍മ്മയായി. പത്രപ്രവര്‍ത്തകരെ തെറി പറയാനും അഹങ്കാരം കാണിച്ച് സ്വന്തം അപ്രമാദിത്വം ഉയര്‍ത്തിക്കാട്ടാനും ഉപയോഗിച്ചിരുന്ന വൈകുന്നേരത്തെ വാര്‍ത്താ സമ്മേളനങ്ങള്‍ ഏതാണ്ട് അവസാനിപ്പിച്ചു കഴിഞ്ഞു. ചോദ്യങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കുതര്‍ക്കവും വിരട്ടലും സൈബര്‍ ഗുണ്ടകളുടെ ആക്രമണവും ഒക്കെ നടത്തിയിട്ടും രക്ഷയില്ലാതെ വന്നപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോയി. സ്വയം നിരീക്ഷണത്തിലും വേണമെങ്കില്‍ വാര്‍ത്താസമ്മേളനങ്ങള്‍ മുടക്കം കൂടാതെ നടത്താമായിരുന്നു. നിരീക്ഷണം കഴിഞ്ഞിട്ടും മാധ്യമപ്രവര്‍ത്തകരെ അഭിമുഖീകരിക്കാനോ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനോ ഉള്ള തന്റേടം ഇന്ന് പിണറായിക്കില്ല.

എല്‍ ഡി എഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യം ഉയര്‍ത്തി സരിതാ വിവാദവും ബാര്‍കോഴ കേസും ഉയര്‍ത്തിക്കാട്ടിയാണ് പിണറായി അധികാരത്തിലെത്തിയത്. ആദ്യ ദിവസം മുതല്‍ പറഞ്ഞ ഓരോ കാര്യങ്ങളും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിഴുങ്ങിയ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും വലിയ പരാജയമായി മാറിയിരിക്കുന്നു. ഇത് വ്യക്തിപരമായ നിരീക്ഷണമല്ല, അനുഭവസാക്ഷ്യമാണ്. മുഖ്യമന്ത്രി ആദ്യത്തെ പത്രസമ്മേളനത്തില്‍ പറഞ്ഞത് എന്റെ പേരും പറഞ്ഞ് പല അവതാരങ്ങളും വരും അവരൊന്നും എന്റെ ആളല്ല എന്നായിരുന്നു. മുഖ്യമന്ത്രി പേരെടുത്ത് പറയാതെ ഉദ്ദേശിച്ച അവതാരങ്ങളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലും സാമൂഹ്യമാധ്യമങ്ങളിലും കാര്യമായ ചര്‍ച്ച നടന്നു. ഒരുകാര്യം ഉറപ്പാണ്. അന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞ എല്ലാ അവതാരങ്ങളും മുഖ്യമന്ത്രിയുടെ പ്രതിച്ഛായാ സൂക്ഷിപ്പുകാരും അപ്പോസ്തലന്മാരും കങ്കാണികളുമായി രംഗത്തെത്തി. അവിടെ തീര്‍ന്നില്ല. ഇന്നും പിണറായിയുടെ പേരില്‍, കുടുംബത്തിന്റെ പേരില്‍ കേരളത്തിലുടനീളം പ്രസ്താവനകള്‍ നടത്തി ഇവര്‍ വിരാജിക്കുന്നു എന്നതാണ് സത്യം.

സോളാര്‍ പവര്‍ പ്രോജക്ട്‌സ് എന്ന പേരില്‍ സൗരോര്‍ജ്ജ സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി സര്‍ക്കാര്‍ സഹായം തേടിയെത്തിയ ഒരു സാധാരണ സംരംഭകയോ അല്ലെങ്കില്‍ മാദകത്വം മുതലാക്കി ബിസിനസ് കൊഴുപ്പിക്കാമെന്ന് കരുതിയ സംരംഭകയോ മാത്രമായിരുന്നു സരിതാ നായര്‍. അവരുടെ വാക്കുകളില്‍ തന്നെ പറഞ്ഞാല്‍ അവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ചു. ഒന്നുരണ്ട് കീഴ്ജീവനക്കാര്‍ അതില്‍ പെട്ടു. പക്ഷേ, സംസ്ഥാന സര്‍ക്കാരിനോ, പൊതുഖജനാവിനോ ഒരു രൂപയുടെ നഷ്ടം പോലും ഉണ്ടായില്ല. കുറച്ചു കോണ്‍ഗ്രസ് മന്ത്രിമാരും ചില ലീഗ് മന്ത്രിമാരും ബലാത്സംഗത്തിലൂടെയോ ഉഭയകക്ഷി സമ്മതപ്രകാരമോ അവരെ ഉപയോഗിച്ചു. ഉഭയകക്ഷി സമ്മതപ്രകാരമുള്ളത് പ്രായപൂര്‍ത്തി ആയവര്‍ ആയതിനാല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല. അത് അനുവദനീയമാണ്. പക്ഷേ, സരിത കൊടുത്ത ബലാത്സംഗക്കേസില്‍ വര്‍ഷം നാലു കഴിഞ്ഞിട്ടും അതിന്റെ പേരില്‍ അധികാരത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് നടപടി എടുത്തില്ല? എന്തിന്റെ പേരില്‍ അധികാരത്തില്‍ എത്തിയോ അത് മറന്നുകൊണ്ടാണ് പിണറായി പ്രവര്‍ത്തിച്ചത്.

കൊറോണ തുടങ്ങും വരെ കേരളത്തിലെ പൊതുസമൂഹത്തിന് ഒരു പ്രതീക്ഷയുണ്ടായിരുന്നു. അഴിമതിക്കഥകള്‍ വരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഭേദമാണെന്ന്. അതിന്റെ ബലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭാ തിരഞ്ഞെടുപ്പും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പും ഒന്നിച്ച് നടത്തുന്നതു വരെ ആലോചിച്ചത്. ഒന്നിച്ച് നടത്തിയാല്‍ രണ്ടിലും ഭൂരിപക്ഷം കിട്ടുമെന്ന് പാര്‍ട്ടി-ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും സജീവമായിരുന്നു. സരിതയുടെ പേരു പറഞ്ഞ് ഉമ്മന്‍ ചാണ്ടിയെ ആക്രമിച്ചവര്‍, ബാര്‍കോഴയുടെ പേരു പറഞ്ഞ് കെ എം മാണിയെയും സര്‍ക്കാരിനെയും ആക്രമിച്ചവര്‍ ഇന്ന് എവിടെ എത്തിനില്‍ക്കുന്നു എന്നുകൂടി അറിയണം. സരിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ സന്ദര്‍ശക മാത്രമായിട്ടാണ് എത്തിയത്. സരിതയുടെ കൈയില്‍ നിന്ന് ആരും പണം പറ്റിയിട്ടില്ല. അത്യാവശ്യം ഉഡായിപ്പ് കാണിച്ചവര്‍ പുറത്താവുകയും ചെയ്തു. അഴകളവുകള്‍ തേടിപ്പോയവര്‍ക്ക് എതിരെയുള്ള കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. പക്ഷേ, സ്വപ്‌നയുടെ കാര്യത്തില്‍ അതല്ല ഉണ്ടായത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു എന്നുമാത്രമല്ല, റെസിഡന്റ്‌സ് അസോസിയേഷന്‍ പറഞ്ഞതു കേട്ടാല്‍ രാവേറെ ചെല്ലുംവരെ അല്ലെങ്കില്‍ പുലരുവോളം മദ്യയും മദിരാക്ഷിയുമായി ഫ്‌ളാറ്റിലെ നിറസാന്നിധ്യമായിരുന്നു. അത് മുഖ്യമന്ത്രി അറിഞ്ഞില്ല. ഇന്റലിജന്‍സ് പോലീസ് അറിയിച്ചുമില്ല. അസോസിയേഷന്‍കാര്‍ കൊടുത്ത കേസ് പൂജപ്പുര പോലീസ് മുക്കിയതും അറിഞ്ഞില്ല. പത്താംക്ലാസ് മാത്രം വിജയിച്ചു എന്നവകാശപ്പെടുന്ന സ്വപ്‌നയ്‌ക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ശമ്പള സ്‌കെയിലില്‍ മുഖ്യമന്ത്രി ചെയര്‍മാനായ, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായ സ്‌കൈപാര്‍ക്കില്‍ ജോലി കൊടുത്തതും അദ്ദേഹം അറിഞ്ഞില്ല. സ്വര്‍ണ്ണക്കടത്തിന് കൂട്ടുനിന്നതും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇതിനുവേണ്ടി കംസ്റ്റംസുകാരെ വിളിച്ചതും അറിഞ്ഞില്ല. മുഖ്യമന്ത്രി, കേരളത്തിലെ പോകട്ടെ, അദ്ദേഹത്തിന്റെ ഓഫീസില്‍ നടക്കുന്ന കാര്യങ്ങളെങ്കിലും അറിയുന്നുണ്ടോ? ഈ ഗതികേടിന് ആരെയാണ് കുറ്റം പറയേണ്ടത്? സരിതയെക്കാള്‍ എത്രയോ വഷളും ജീര്‍ണ്ണതയുമാര്‍ന്ന കാര്യങ്ങളാണ് പിണറായിയുടെ കാലത്ത് നടന്നതും നടക്കുന്നതും.

ബാര്‍കോഴ കേസില്‍ ഇതിലും മോശമായതല്ലേ നടന്നത്? യു ഡി എഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ എല്ലാം തുറന്നു. അസോസിയേഷന്‍കാര്‍ പിരിച്ച കോഴപ്പണം എത്തിയതോടെ ബവ്‌റേജസ് ഔട്ട്‌ലെറ്റിനും പകരം സോഫ്റ്റ് വെയറില്‍ പോലും ബാറുകളിലേക്ക് ആള്‍ എത്തുന്ന രീതിയില്‍ അഡ്ജസ്റ്റ്‌മെന്റ് വന്നു. ബാര്‍കോഴയുടെ കാര്യത്തില്‍ അന്വേഷണം എന്തായി? എന്തു പരിവര്‍ത്തനമാണ് ഇടതുസര്‍ക്കാര്‍ കഴിഞ്ഞ നാലരവര്‍ഷം കേരളത്തില്‍ ഉണ്ടാക്കിയത്. ഇതിന്റെ ഏറ്റവും ഭീഷണമാര്‍ന്ന മുഖമാണ് പാവപ്പെട്ടവര്‍ക്ക് വീടുവെയ്‌ക്കാന്‍ ഉണ്ടാക്കിയ ലൈഫ് പദ്ധതിയില്‍ അരങ്ങേറിയത്. 140 വീടുകള്‍ വെയ്‌ക്കാന്‍ പറ്റുന്ന നാലര കോടി രൂപയോളം കോഴയായി കൊടുത്തു എന്നാണ് പറയുന്നത്. ഈ പണം എവിടെയൊക്കെ എത്തി എന്നു പറയുന്നത് പാവപ്പെട്ടവരെ ബോദ്ധ്യപ്പെടുത്താനുള്ള ബാധ്യത പിണറായിക്കുണ്ട്. കഴിഞ്ഞില്ല. പ്രളയകാലത്ത് സാലറി ചാലഞ്ച് മുതല്‍ പിഞ്ചു കുഞ്ഞുങ്ങളുടെ വഞ്ചിപ്പെട്ടി പൊട്ടിച്ച പണം വരെ സര്‍ക്കാരിനെ ഏല്‍പ്പിച്ചതാണ്. ജീവിക്കാനുള്ള ആടിനെയും കോഴിയെയും വിറ്റുവരെ പണം നല്‍കി. റിബിള്‍ഡ് കേരള എവിടെയും എത്തിയില്ലെന്ന് മാത്രമല്ല, ഇതിന്റെ പണം പാര്‍ട്ടി സഖാക്കള്‍ പുട്ടടിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ലൈഫ് മിഷന്‍ പദ്ധതിയുടെ കോഴപ്പണം സ്വപ്‌നയ്‌ക്കു മാത്രമാണ് കിട്ടിയതെന്ന് വിശ്വസിക്കാനുള്ള നിഷ്‌കളങ്കതയൊന്നും കേരള സമൂഹത്തിനില്ല. വിരലുകള്‍ ചൂണ്ടുന്നത് ഓഫീസിലേക്ക് മാത്രമല്ല, മുഖ്യമന്ത്രിയിലേക്ക് തന്നെയാണ്. അഗ്നിശുദ്ധി വരുത്തിയേ മതിയാകൂ. ഇല്ലെങ്കില്‍ രാജിവെച്ച് ജനവിധി തേടാനുള്ള അന്തസ്സെങ്കിലും പിണറായി വിജയന്‍ കാട്ടണം. രേഖകളും സാഹചര്യങ്ങളും അതുതന്നെയാണ് പറയുന്നത്.

Share
Leave a Comment