ഇഞ്ചിയില്ലാത്ത ഒരടുക്കള എവിടെയും കാണാൻ സാധിക്കില്ല കാരണം കറിക്കൂട്ടുകളിൽ പ്രധാനിയാണ് ഇഞ്ചി . ചൈനക്കാരനായ ഇഞ്ചിയെ പിന്നീട് ഭാരതത്തിലും , തെക്ക് കിഴക്ക് ഏഷ്യൻ രാജ്യങ്ങളിലും , ദക്ഷിണ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും കൃഷി ചെയ്യാൻ ആരംഭിച്ചു .
ഭക്ഷണം പാകം ചെയ്യുന്നതിലും ആയുർവേദ ചികിത്സാരീതികളിലും വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് ഇഞ്ചി . ആയുർവേദ കഷായങ്ങളിലെ മുഖ്യ ഘടകമാണ് ചുക്ക് അതായത് ഉണക്കിയ ഇഞ്ചി . “ചുക്കില്ലാത്ത കഷായമുണ്ടോ ?” എന്ന പഴംചൊല്ല് വരെ ഇതിനെ ആസ്പദം ആക്കി പറയാറുണ്ട് .
ചിങ്കി വേർ എന്ന ദ്രാവിഡ പദത്തിൽ നിന്നാണ് ഇഞ്ചി എന്ന പദം രൂപപ്പെട്ടത് . ഇംഗ്ലീഷിൽ പറയുന്ന ജിഞ്ചറും , സംസ്‌കൃതത്തിൽ ശൃംഗവേര എന്ന നാമവും , മറ്റു ഭാഷകളിൽ ഇഞ്ചിക്ക് പറയുന്ന പേരുകളും എല്ലാം തന്നെ ദ്രാവിഡ പദത്തിൽ നിന്നുടലെടുത്തതാണ് . മറ്റു രാജ്യങ്ങൾക്ക് ഭാരതവുമായുണ്ടായിരുന്ന വ്യാപാരബന്ധത്തെ ആണ് ഇത് സൂചിപ്പിക്കുന്നത് .
സുഗന്ധവ്യഞ്ജനങ്ങളിൽ ഏറ്റവും ആരോഗ്യപ്രദമായ ഒന്നാണ് ഇഞ്ചി . ദഹനത്തെ സഹായിക്കുന്നതിനും , പനി , ജലദോഷം തുടങ്ങിയ അസുഖങ്ങൾക്കും പരമ്പരാഗതമായി ഉപയോഗിച്ച് പോരുന്ന ഒരു ഔഷധമാണ് ഇഞ്ചി . ഇഞ്ചി പച്ചക്കോ , ഉണക്കിയോ , പൊടിയായോ , എണ്ണയായോ , ജ്യൂസ് രൂപത്തിലോ ഉപയോഗിക്കാറുണ്ട് . ജിഞ്ചറോൾ എന്ന ആന്റിഓക്സിഡന്റ് വസ്തു ഇഞ്ചിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാലാണ് അവയ്‌ക്ക് പ്രത്യേക സുഗന്ധവും സ്വാദും ലഭിക്കുന്നത് .
ഇഞ്ചി കഴിക്കുന്നത് ഛർദ്ദി , ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന മനംപുരട്ടൽ , കപ്പലിൽ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന ഓക്കാനം , കീമോതെറാപ്പി ചെയ്യുമ്പോൾ ഉണ്ടാകുന്ന ഓക്കാനം എന്നിവ ശമിപ്പിക്കാൻ സഹായിക്കും .
പേശിവേദനക്കും വ്യായാമം മൂലമുണ്ടാകുന്ന പേശിവേദനക്കും ഇഞ്ചി കഴിക്കുന്നത് ഉത്തമമാണ് . മനുഷ്യരിൽ സാധാരണയായി കണ്ടു വരുന്ന വാതത്തിനു ഇഞ്ചി നല്ലൊരു ഔഷധമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് . പ്രമേഹ രോഗികളിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഹൃദ്രോഗം ഉണ്ടാകാനുള്ള പല കാരണങ്ങളിൽ നിന്ന് സംരക്ഷിക്കാനും ഇഞ്ചിക്ക് സാധിക്കും .
മലബന്ധം പോലുള്ള അസുഖങ്ങൾ വരാതെ നോക്കാൻ ഇഞ്ചിക്ക് കഴിയുന്നതിനാൽ ദഹനക്കേടും അതുമൂലം ഉണ്ടാകുന്ന അസ്വസ്ഥതകൾ ഇല്ലാതാക്കാനും സാധിക്കും . ആർത്തവം തുടങ്ങുമ്പോൾ തന്നെ ഇഞ്ചി കഴിച്ചാൽ ആർത്തവ വേദനക്ക് പരിഹാരം ഉണ്ടാവും . മൃഗങ്ങളിലും മനുഷ്യരിലും നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഇഞ്ചി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ അടിഞ്ഞു കൂടുന്നത് ഗണ്യമായി കുറക്കാൻ സഹായിക്കും എന്നാണ് .
ഇഞ്ചി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും . അണുനശീകരണ സ്വഭാവം ഇഞ്ചിക്കുള്ളതിനാൽ അണുബാധ ഉണ്ടാകാതിരിക്കാനുള്ള നല്ലൊരു മരുന്ന് കൂടിയാണ് ഇഞ്ചി . ഇഞ്ചി കഴിക്കുന്നത് മൂലം വായ്‌ക്കകത്തു ഉണ്ടാകുന്ന പുണ്ണ് , മോണപഴുപ്പ് തുടങ്ങിയവ ഉണ്ടാകാതിരിക്കാൻ സഹായിക്കും .
ഇത്രയധികം ഗുണങ്ങൾ ഉള്ള ഇഞ്ചി നിസ്സാരക്കാരനല്ല എന്നുള്ളത് നിഷ്പ്രയാസം പറയാൻ സാധിക്കും .
















Comments