ബാഴ്‌സലോണ: അവസാനം മെസ്സി ബാഴ്‌സവിടുമെന്ന് ഉറപ്പായി. സൂപ്പര്‍താരം ക്ലബ്ബ് വിടാന്‍ തീരുമാനിച്ച വിവരം അന്താരാഷ്‌ട്രമാദ്ധ്യമങ്ങളാണ് പുറത്തുവിട്ടത്. ക്ലബ്ബിന് കത്തു നല്‍കിയെന്നാണ് ലഭിക്കുന്ന വിവരം. 33 കാരനായ മെസ്സി ക്ലബ്ബ് മാനേജ്‌മെന്റുമായി പലതവണ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചിരുന്നു. സ്പാനിഷ് ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ടീമിന്റെ പ്രകടനത്തിലും മെസ്സി അതൃപ്തനായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യൂണിച്ചിനോട് 8-2ന്റെ നാണംകെട്ട തോല്‍വിയാണ് ബാഴ്‌സലോണ ഏറ്റുവാങ്ങിയത്. കനത്ത തോല്‍വി പിണഞ്ഞതോടെ മെസ്സിയുടെ തീരുമാനം ഉടനുണ്ടാകുമെന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.
ആറു തവണ ബാലന്‍ഡി ഓര്‍ പുരസ്‌കാരം നേടിയ മെസ്സി തന്റെ കരിയര്‍ മുഴുവന്‍ ബാഴ്‌സലോണയ്‌ക്കായിട്ടാണ് സമര്‍പ്പിച്ചത്. ഈ വേനലില്‍ തന്നെ സൗജന്യവ്യവസ്ഥയില്‍ ടീമില്‍ നിന്നും പോകാന്‍ അനുവദിക്കാമെന്ന കരാറിലെ തീരുമാനം മെസ്സി ക്ലബ്ബിനയച്ച ഫാക്‌സ് സന്ദേശത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. മെസ്സിയുടെ ക്ലബ്ബ് വിടല്‍ വാര്‍ത്തകള്‍ കഴിഞ്ഞ ഒരു മാസമായി പലതരത്തില്‍ പുറത്തുവരുന്നുണ്ടായിരുന്നു. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് പിന്നില്‍ ബാഴ്‌സലോണ ഇത്തവണ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തരാകേണ്ടി വന്നിരുന്നു. അവസാന 10 മത്സരങ്ങളില്‍ സമനില വഴങ്ങേണ്ടിവന്നതാണ് ലീഗില്‍ പിന്നോട്ട് പോകാന്‍ കാരണമായത്.
Comments