ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലെ പര്‍വ്വതാരോഹകന് ബഹുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ടെന്‍സിംഗ് നോര്‍ഗോ ദേശീയ സാഹതികതാ പുരസ്‌ക്കാരമാണ് നല്‍കുന്നത്. അരുണാചല്‍ പ്രദേശ് പൗരനായ താകാ താമുട്ടിനാണ് ബഹുമതി നല്‍കുന്നത്. 2018ല്‍ എവറസ്റ്റ് കീഴടക്കിയ 28കാരനായ താമുട്ട് ഇന്ത്യന്‍ വ്യോമസേനയെ സഹായിച്ചതിനാണ് ആദരിക്കുന്നത്. രാഷ്‌ട്രപതിയാണ് ബഹുമതി സമ്മാനിക്കുക.
വ്യോമസേനയുടെ എ.എന്‍-32 വിമാനദുരന്തത്തിലെ 13 വൈമാനികരെ കണ്ടെത്താനുള്ള ദൗത്യ സംഘത്തിന് ഹിമാലയന്‍ മലനിരകളില്‍ സഹായിയായത് താമുട്ടായിരുന്നു. അരുണാചലിലെ സിയാങ് മലനിരകളിലാണ് കഴിഞ്ഞ വര്‍ഷം ജൂണില്‍ വിമാനം തകര്‍ന്നു വീണത്. ഇന്ത്യന്‍ വ്യോമസേന 8 ദിവസങ്ങളോളം നടത്തിയ തെരച്ചിലിനൊടുവിലാണ് വൈമാനികരുടെ മൃതശരീരം കണ്ടെത്തിയത്. 12000 അടി ഉയരത്തിലെ മലനിരകളിലെ കാട്ടിലാണ് തീ പിടിച്ച് പരിശീലന വിമാനം തകര്‍ന്നത്. അസമിൽ നിന്നും പറന്നുയര്‍ന്ന വിമാനമാണ് അരുണാചലിലേക്കുള്ള യാത്രാമധ്യേ ദിശതെറ്റി തകര്‍ന്നുവീണത്.
സേനയുടെ ദുഷ്ക്കരമായ തെരച്ചിലിന് ഏറെ സഹായിച്ച താമുട്ടിനെയാണ് രാജ്യം ആദരിക്കാനായി തീരുമാനിച്ചത്. ഈ മാസം 29ന് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങില്‍ വെര്‍ച്വല്‍ സംവിധാനത്തിലൂടെ രാഷ്‌ട്രപതി അരുണാചലിന്റെ അഭിമാനമായ പര്‍വ്വതാരോഹകനെ ആദരിക്കും. താമുട്ട് ഇറ്റാനഗറില്‍ പങ്കെടുക്കുമ്പോള്‍ വിവിധ കേന്ദ്രകായിക മന്ത്രിമാരടക്കം രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്നും വെര്‍ച്വല്‍ ചടങ്ങിന് സാക്ഷ്യം വഹിക്കും.
















Comments