ഭാരതത്തിന്റെ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നത് പുരാതന ക്ഷേത്രങ്ങൾ തന്നെയാണ്. വിശ്വാസികളും സഞ്ചാരികളും ഒരുപോലെ ഇഷ്ടപ്പെടുന്ന നിരവധി ക്ഷേത്രങ്ങൾ ഭാരതത്തിലുണ്ട്. വിശ്വാസങ്ങളും ചരിത്രവും നിറഞ്ഞ ഈ ക്ഷേത്രങ്ങളിലെ പ്രധാനിയായ മൊദേര സൂര്യ ക്ഷേത്രത്തെ നമുക്ക് പരിചയപ്പെടാം. ചാലൂക്യ വംശം നിർമ്മിച്ച ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ മൊദേര സൂര്യ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ അറിയാം.
ബിസി 1026-27 കാലയളവിൽ പുഷ്പാവതി നദിയുടെ തീരത്ത് ചാലൂക്യ രാജാക്കന്മാർ പണികഴിപ്പിച്ച ഈ ക്ഷേത്രം നിർമ്മിതികളുടെ മഹാത്ഭുതം ആണ്. സൂര്യ ദേവന് വേണ്ടി സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് ഇപ്പോൾ സംരക്ഷിച്ച് വരുന്നത്. യുനെസ്കോയുടെ ലോക പൈതൃക സ്മാരക പട്ടികയിലെ ക്ഷേത്രം കൂടിയാണിത്.
ക്ഷേത്രനിർമ്മാണത്തെ സംബന്ധിച്ചുള്ള ചരിത്രകഥ പറയാം. ബിസി 1024-25 കാലത്ത് ഭീമയുടെ സാമ്രാജ്യം ഗസ്നിയിലെ മഹ്മൂദ് ആക്രമിച്ചിരുന്നു. 20000 സൈനികർ വന്നെങ്കിലും അവർക്കൊന്നും തന്നെ മുന്നേറാൻ സാധിച്ചില്ല. ചരിത്രകാരനായിരുന്ന എ കെ മജുംദാർ പറയുന്നതനുസരിച്ച് ഈ വിജയത്തിന്റെ ഓർമ്മയ്‌ക്കായാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. സൂര്യ കുണ്ഡ്, സഭാ കുണ്ഡ്, ഗുഢാ കുണ്ഡ് എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി കാണപ്പെടുന്ന ക്ഷേത്രത്തിന്റെ ചുമരുകളിൽ ദേവന്മാർ, പൂക്കൾ, മൃഗങ്ങൾ, പക്ഷികൾ എന്നിവയെല്ലാം അതിമനോഹരമായി കൊത്തിവെച്ചിരിക്കുന്നത് കാണാൻ സാധിക്കും. ഏറ്റവുമധികം കൊത്തുപണികൾ കാണാൻ സാധിക്കുന്നത് ക്ഷേത്രത്തിന്റെ പുറംഭാഗമായ ഗുഢാ കുണ്ഡിൽ ആണ്.
രാവും പകലും ഒരുപോലെയുള്ള ദിവസങ്ങളിൽ സൂര്യന്റെ കിരണങ്ങൾ ശ്രീകോവിലിനുള്ളിൽ ആദ്യമെത്തുന്ന രീതിയിലാണ് ക്ഷേത്രനിർമ്മാണം.
ക്ഷേത്രത്തിന്റെ പ്രത്യേക ആകർഷകമായ സഭാ മണ്ഡപിനെ പരിചയപ്പെടാം. 52 തൂണുകളിൽ താങ്ങിനിർത്തിയിരിക്കുന്ന രീതിയിലാണ് ഈ മണ്ഡപത്തെ കാണാൻ സാധിക്കുക. രാമായണം, മഹാഭാരതം, ശ്രീകൃഷ്ണന്റെ ജീവിതം എന്നീ ഇതിഹാസകഥകളിലെ പ്രധാനസംഭവങ്ങൾ ഈ ചുമരുകളിൽ കൊത്തുപണികളാൽ വിസ്മയം തീർത്തിരിക്കുന്നത് കാണാം.
രാമ കുണ്ഡ്, സൂര്യ കുണ്ഡ് എന്നീ പേരുകളിൽ അറിയപ്പെടുന്ന കുളമാണ് മറ്റൊരു ആകർഷണം. പണ്ടുകാലത്ത് ജലസംഭരണിയായി കണക്കാക്കിയിരുന്നു. കുളത്തിലേക്ക് ഇറങ്ങാൻ 108 പടികളാണുള്ളത്.
എല്ലാവർഷവും 3 ദിവസമായി നടത്തി വരുന്ന മൊദേര ഡാൻസ് ഫെസ്റ്റിവൽ അഥവാ ഉത്തരാർത്ഥ മഹോത്സവ് ആണ് മറ്റൊരു പ്രത്യേകത. ജനുവരിയിലെ മൂന്നാം ആഴ്ചയിലെ ഉത്തരായന മഹോത്സവത്തിന്റെ തുടർച്ചയായി ആഘോഷിച്ചുവരുന്നതാണ് ഇത്. ക്ഷേത്രത്തിന്റെ ചരിത്രവും സംസ്കാരവും നിലനിർത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ആഘോഷം നടത്തുന്നത്.
പ്രത്യേകം പ്രാർത്ഥനകളോ ആരാധനകളോ ഇവിടെ കാണാൻ സാധിക്കില്ല.
Comments