മഴ വന്നു കഴിഞ്ഞാൽ പിന്നെ ‘ജലദോഷം’ വീടുകളിലേയ്‌ക്കെത്താൻ വലിയ സമയമൊന്നും വേണ്ട. എന്നാൽ കൊറോണ കൂടി എത്തിയതോടെ ചെറിയ ‘ജലദോഷം’ പോലും തെറ്റിദ്ധരിക്കപ്പെട്ട് ആശുപത്രികളിലേയ്‌ക്ക് ഓടുന്നവരും നമുക്കിടയിലുണ്ട്.
തണുപ്പ് തുടങ്ങുന്നതോടെ ജലദോഷത്തിനും മറ്റ് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്ന വൈറസുകള്‍ ശരീരത്തിൽ സജീവമാകുന്നു. ജലദോഷം കൊണ്ടുള്ള അസ്വസ്ഥത ആദ്യം മൂക്കിലാണ് തുടങ്ങുന്നതെങ്കിലും പതുക്കെ ശരീരം മുഴുവന്‍ ഇത് ബാധിക്കും.
ചുമ, തുമ്മല്‍, മൂക്കടപ്പ്, തലവേദന, തൊണ്ട വേദന, മൂക്കൊലിപ്പ്, ശ്വാസം മുട്ടല്‍, ശരീര വേദന എന്നിവയാണ് സാധാരണ ജലദോഷത്തിന്റെ ലക്ഷണള്‍. പലപ്പോഴും മരുന്നുകള്‍ക്ക് പൂര്‍ണമായി ആശ്വാസം നല്‍കാനാകില്ല. അതിനാല്‍ രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ അത് വരാതെ നോക്കുന്നതാണ് കൂടുതല്‍ ഉചിതം . ജലദോഷത്തിന്റെ വൈറസുകളെ തല്‍ക്കാലം അകറ്റി നിര്‍ത്താന്‍ ചില പൊടിക്കൈകള്‍ നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. എന്തൊക്കെയാണെന്നല്ലേ..?
- കുറച്ച് വെളുത്തുള്ളി അല്ലികള്‍ ഇട്ട് വെള്ളം തിളപ്പിച്ചുണ്ടാക്കുന്ന വെളുത്തുള്ളി സൂപ്പ് ജലദോഷത്തിന്റെ ശക്തി കുറയാന്‍ സഹായിക്കും.വെളുത്തുള്ളിയിൽ രസത്തില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്.
- ചൂടുവെള്ളത്തില്‍ നാരങ്ങ നീരും ഒരു ടീസ് പൂണ്‍ തേനും ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതത്തില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് കുടിക്കുന്നത് ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ത്തും.
- ഒരു വലിയ സ്പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച് കിടക്കാന്‍ നേരത്ത് ദിവസവും കഴിച്ചാല്‍ സ്ഥിരമായുള്ള ജലദോഷം മാറും.
- ജലദോഷം തുടങ്ങുന്നതിന്റെ ഒരു പ്രധാന ലക്ഷണമാണ് തൊണ്ടവേദന. തൊണ്ട വേദന അനുഭവപ്പെട്ടു തുടങ്ങുമ്പോള്‍ തന്നെ ചൂട് വെള്ളത്തില്‍ അല്‍പം ഉപ്പിട്ട് കവിള്‍ കൊള്ളുക. ഇത് തൊണ്ട വേദന കുറയ്‌ക്കുന്നതിനും വൈറസിന്റെ തുടര്‍ ആക്രമണം ചെറുക്കുന്നതിനും സഹായിക്കും.
- തുളസിയിലനീര്, ചുവന്നുള്ളിനീര്, ചെറുതേന്‍ ഇവ ചേര്‍ത്ത് സേവിക്കുക.
- തേനില്‍ ഏലക്കായ് ചേര്‍ത്ത് കഴിക്കുക.
- തുളസിയില, ചുക്ക്, തിപ്പലി ഇവയെല്ലാംകൂടി ഇട്ട് കഷായംവച്ച് കൂടെക്കൂടെ കുടിക്കുക.
- പുളിയും കുരുമുളകും ചേര്‍ത്തുണ്ടാക്കുന്ന ചൂടുള്ള രസം കുടിക്കുന്നത് ആവശ്യമില്ലാത്ത കഫവും ഉള്‍വിഷങ്ങളും ശരീരത്തില്‍ നിന്നും പുറത്ത് പോകാന്‍ സഹായിക്കും. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം വരുമ്പോള്‍ അടഞ്ഞിരിക്കുന്ന മൂക്ക് പതുക്കെ തുറക്കും.
- ചൂട് പാലില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും കുരുമുളകുപൊടിയും ചേര്‍ത്ത് കുടിക്കുക. മഞ്ഞള്‍പ്പൊടിയ്‌ക്ക് ബാക്‌ടീരിയെ ചെറുക്കുന്നതിനുള്ള കഴിവുണ്ട്.
- കുട്ടികളുടെ മൂക്കടപ്പ് മാറാന്‍ തുളസിയില നീര് തേനില്‍ ചേര്‍ത്ത് നല്‍കുന്നത് നല്ലതാണ്. മുതിര്‍ന്നവര്‍ക്ക് തുളസിയില വായിലിട്ട് ചവയ്‌ക്കുന്നത് ആശ്വാസം നല്‍കും.
- ജലദോഷം വരാന്‍ സാധ്യത ഉണ്ടെന്ന് തോന്നിയാല്‍ ഉടന്‍ തന്നെ ചൂടുവെള്ളത്തില്‍ യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച് ആവിപിടിച്ചാല്‍ മൂക്കടപ്പ്, പനി, ജലദോഷം, കഫക്കെട്ട് എന്നിവ മാറാന്‍ സഹായിക്കും. ജലദോഷം വന്നു കഴിഞ്ഞാണ് ആവി പടിക്കുന്നതെങ്കില്‍ ഏതെങ്കിലും ബാം പുരട്ടിയിട്ട് ആവി പിടിയ്‌ക്കുന്നത് കൂടുതല്‍ ആശ്വാസം നല്‍കും.
- ജലദോഷമുള്ളപ്പോള്‍ ചൂടുള്ള ചുക്ക് കാപ്പി കുടിക്കുന്നത് ആശ്വാസം നല്‍കും.
- പലതവണ തുളസിക്കാപ്പി കുടിക്കുക.
- കഴിക്കുന്നതിന് മുമ്പ് കൈകള്‍ കഴുകുന്നത് ശീലമാക്കുക. കൈയിലെ ചെളിയ്‌ക്ക് പുറമെ അണുക്കളും പോകാന്‍ സഹായിക്കുന്ന ഹാന്‍ഡ് വാഷ് ഉപയോഗിച്ച് വേണം കഴുകാന്‍. വീടിന് പുറത്താണെങ്കില്‍ കൈ വൃത്തിയാക്കാന്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുക.
- തുണി മഞ്ഞളില്‍ തെറുത്ത് തിരിപോലെയാക്കി കത്തിച്ചു ശ്വസിച്ചാല്‍ മൂക്കടപ്പ് ഉടന്‍ മാറും.
- മഞ്ഞള്‍ ചേര്‍ത്ത് വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ ജലദോഷം കുറയും.
- പുതിനയും തുളസിയും ചേര്‍ത്തുള്ള ചായ കുടിക്കുന്നതും തൊണ്ട വേദനയും മൂക്കൊലിപ്പും കുറയുന്നതിന് സഹായിക്കും.
- ജലദോഷം ബാധിച്ചവരില്‍ നിന്നും അകലം പാലിക്കുക എന്നതാണ് ശ്രദ്ധേക്കേണ്ട മറ്റൊരു കാര്യം. ജലദോഷത്തിന് കാരണമാകുന്ന വൈറസുകള്‍ എല്ലായിടത്തും വളരെ വേഗം വ്യാപിക്കുന്നവയാണ്.
Comments