സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെ ചരിത്രത്തിൽ നിർണായക പങ്കു വഹിച്ച ഒരു രാഷ്‌ട്രനേതാവ് കൂടി വിടവാങ്ങുകയാണ്.ബംഗാളിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഇന്ത്യയുടെ രാഷ്‌ട്രപതി പദത്തിലെത്തിയ പ്രണാബ് കുമാർ മുഖർജിയെന്ന പ്രണാബ് ദാ.എതിരാളികളാൽ പോലും അംഗീകരിക്കപ്പെട്ട വ്യക്തിത്വവും കാര്യശേഷിയും. ഒരു കാലത്ത് പ്രധാനമന്ത്രി പദത്തിലെത്തുമെന്ന് പോലും കരുതപ്പെട്ടിരുന്ന നേതാവ്. മന്മോഹൻ സിംഗെന്ന പിൽക്കാല പ്രധാനമന്ത്രിയെ റിസർവ്വ് ബാങ്ക് ഗവർണറായി നിയമിച്ച ധനകാര്യ മന്ത്രി – വിശേഷണങ്ങളും വിശേഷങ്ങളും അനവധിയാണ്.
1935 ഡിസംബറിൽ ബംഗാളിലെ മിറാതിയിൽ സ്വാതന്ത്ര്യസമര സേനാനിയായ കാമദ കിങ്കർ മുഖർജിയുടേയും രാജിലക്ഷ്മി മുഖർജിയുടേയും മകനായി ജനനം.കൊൽക്കത്ത സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിലും നിയമത്തിലും ബിരുദം നേടി. ആദ്യ ജോലി പോസ്റ്റൽ വകുപ്പിലായിരുന്നു. പിന്നീട് കൊൽക്കത്തയിലെ വിദ്യാനഗർ കൊളേജിൽ രാഷ്‌ട്രതന്ത്രം പഠിപ്പിക്കുന്ന അദ്ധ്യാപകനായി.
രാഷ്‌ട്രതന്ത്രം പഠിപ്പിച്ചിരുന്ന പ്രൊഫസർ പിന്നീട് ലോകമറിയുന്ന രാഷ്‌ട്രീയക്കാരനായി മാറിയത് ചരിത്രം. വി.കെ കൃഷ്ണമേനോനുവേണ്ടി മിഡ്നാപ്പൂർ ഉപതിരഞ്ഞെടുപ്പിൽ പ്രചാരണത്തിന്റെ ചുമതലയിൽ ഇരുന്നതാണ് പ്രണബിന്റെ രാഷ്‌ട്രീയ ജീവിതത്തെ മാറ്റി മറിച്ചത്. തെരഞ്ഞെടുപ്പ് തന്ത്രവും അതിന്റെ വിജയവും ശ്രദ്ധിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രണബിനെ കോൺഗ്രസിൽ അംഗമാക്കി. 1969 ൽ രാജ്യസഭാംഗവുമായി. പിന്നീട് അപൂർവ്വം ചില സമയങ്ങൾ മാറ്റിവെച്ചാൽ ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ഒഴിച്ചു കൂടാത്ത വ്യക്തിത്വമായി അദ്ദേഹം മാറി.
73 ലെ ഇന്ദിര സർക്കാരിൽ വ്യാവസായിക വകുപ്പ് ചുമതല വഹിച്ചിരുന്ന അദ്ദേഹം 1982 ൽ ധനകാര്യമന്ത്രിയായി. പിൽക്കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിയായ മന്മോഹൻ സിംഗിനെ റിസർവ്വ് ബാങ്ക് ഗവർണറായി നിയമിച്ച കയ്യൊപ്പ് ധനകാര്യമന്ത്രിയായ പ്രണാബ് മുഖർജിയുടേതായിരുന്നു.ഇന്ദിരയുടെ മരണശേഷം പ്രധാനമന്ത്രിയാകുമെന്ന് പരക്കെ കരുതപ്പെട്ടിരുന്ന പ്രണാബ് രാജീവിന്റെ കാലത്ത് മക്കൾ രാഷ്‌ട്രീയത്തിനു വേണ്ടി ഒതുക്കപ്പെടുന്നതാണ് രാജ്യം കണ്ടത്.
അവഗണിക്കപ്പെട്ടതിൽ മനം നൊന്ത് പാർട്ടിയിൽ നിന്ന് രാജിവെച്ച പ്രണാബ് രാഷ്‌ട്രീയ സമാജ്‌വാദി കോൺഗ്രസ് എന്ന സംഘടനയുണ്ടാക്കിയെങ്കിലും പിന്നീട് മാതൃസംഘടനയിലേക്ക് തന്നെ മടങ്ങിവന്നു. നരസിംഹ റാവുവിന്റെ കാലത്ത് ആസൂത്രണക്കമ്മീഷന്റെ ഉപാദ്ധ്യക്ഷനായും പിന്നെ വിദേശകാര്യമന്ത്രിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു. 2004 ൽ പ്രധാനമന്ത്രിയാകുമെന്ന് കരുതപ്പെട്ടെങ്കിലും മന്മോഹൻ സിംഗിന്റെ കീഴിൽ പ്രതിരോധമന്ത്രി സ്ഥാനമാണ് ലഭിച്ചത്. രണ്ടാം മന്മോഹൻ സർക്കാരിൽ ധനകാര്യമന്ത്രിയായ അദ്ദേഹം 2012 ൽ രാജിവെച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചു . ഇന്ത്യൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഉടൻ തന്നെ കക്ഷി രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കുകയും ചെയ്തു
ആദ്യം രാജീവ് ഗാന്ധിക്ക് വേണ്ടി ഒതുക്കപ്പെട്ട പ്രണാബ് പിന്നീട് രാഹുലിനു വേണ്ടിയായിരുന്നു അവഗണിക്കപ്പെട്ടത്. 2014 ൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രധാനമന്ത്രി ചുമതല ഏറ്റവും മുതിർന്ന നേതാവായ പ്രണാബ് മുഖർജിക്ക് നൽകേണ്ടി വരുമെന്ന് ചിന്തിച്ചാണ് അദ്ദേഹത്തെ പ്രസിഡന്റാക്കാൻ സോണിയ ഗാന്ധി തീരുമാനിച്ചതെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.പ്രധാനമന്ത്രിയായി നരേന്ദ്രമോദി ചുമതലയേറ്റതിനു ശേഷവും ഇരുവരും തമ്മിൽ വളരെ അടുത്ത ബന്ധം നിലനിന്നിരുന്നു. മോദിയുടെ പ്രവർത്തനങ്ങളെ വളരെയധികം ശ്ലാഘിച്ച പ്രണാബ് അതൊക്കെ പരസ്യമായി പറയാനും മടികാണിച്ചിരുന്നില്ല.
പ്രസിഡന്റ് പദം വിട്ടൊഴിഞ്ഞതിനു ശേഷം 2018 ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ച് തൃതീയവർഷ സംഘശിക്ഷാവർഗ്ഗിൽ പ്രണാബ് പങ്കെടുത്തത് വലിയ ബഹളങ്ങൾക്ക് കാരണമായിരുന്നു. അവസാന നിമിഷം വരെ അദ്ദേഹത്തെ വിലക്കാൻ കോൺഗ്രസ് ആവതെല്ലാം ചെയ്തെങ്കിലും തീരുമാനത്തിൽ നിന്ന് പ്രണാബ് ഇളകിയില്ല. ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ച് ഭാരതാംബയുടെ മഹാനായ പുത്രനാണ് ആർ.എസ്.എസ് സ്ഥാപകനായ ഡോ. ഹെഡ്ഗേവാറെന്ന് വ്യക്തമാക്കാനും അദ്ദേഹം മറന്നില്ല.
2008 ൽ പദ്മവിഭൂഷണും 2019 ൽ പരമോന്നത ബഹുമതിയായ ഭാരതരത്നയും അദ്ദേഹത്തിന് നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. അഞ്ച് പതിറ്റാണ്ടിലധികം നീണ്ടു നിന്ന രാഷ്‌ട്ര സേവനത്തിനു ശേഷം പ്രണാബ് ദാ വിടവാങ്ങുമ്പോൾ അദ്ദേഹത്തിനൊപ്പം പടിയിറങ്ങുന്നത് പകരം വയ്‌ക്കാനില്ലാത്ത പാർലമെന്ററി പാരമ്പര്യവും , പരിചയസമ്പന്നതയും രാഷ്‌ട്രസ്നേഹവും കൈമുതലായ ഒരു നേതാവ് കൂടിയാണ്. ഭാരതാംബയെ സംബന്ധിച്ച് അവളുടെ ഒരു പ്രിയപ്പെട്ട പുത്രൻ കൂടി കാലയവനികയ്‌ക്കുള്ളിൽ മറയുകയാണ്.. നിത്യതയെ പുൽകുകയാണ്.
പ്രണാമം പ്രണാബ് ദാ !
















Comments