ന്യൂയോര്‍ക്ക്: സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യക്കെതിരായ പാകിസ്താന്റെ തന്ത്രം പൊളിഞ്ഞു. ഭീകരപ്രവര്‍ത്തനം ആരോപിക്കാനുള്ള പാകിസ്താന്റെ കുതന്ത്രമാണ് ഇന്ത്യ പൊളിച്ചത്. നിരന്തരം പാക് ഭീകരന്മാരെ അന്താരാഷ്‌ട്രരംഗത്ത് ഇന്ത്യ തുറന്നുകാണിക്കുന്നതാണ് പാകിസ്താന് തലവേദനയായത്. ഇതിനെതിരെ ഇന്ത്യന്‍ പൗരന്മാരായ രണ്ടു പേരുകള്‍ എടുത്തുപറഞ്ഞ് ഭീകരന്മാരാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടത്തിയത്. അന്‍ഗാരാ അപ്പാജി, ഗോവിന്ദ പട്‌നായിക് എന്നീ പേരുകളാണ് പാകിസ്താന്‍ സഭയില്‍ ഉന്നയിച്ചത്.
സുരക്ഷാ കൗണ്‍സിലിന്റെ നടപടിക്രമത്തിലെ 1267-ാം സെഷനിലാണ് പാകിസ്താന്‍ ഇന്ത്യക്കെതിരെ ഭീകരപ്രവര്‍ത്തനം ആരോപിച്ചത്. മതപരമായ രീതിയില്‍ ഇന്ത്യ പാകിസ്താനില്‍ ഭീകരപ്രവര്‍ത്തനം നടത്തുന്നുവെന്നും പാകിസ്താന്‍ ആരോപിച്ചു. എന്നാൽ ആരോപണം ഉന്നയിച്ച ഉടനെ ഇന്ത്യയെ പിന്തുണച്ചുകൊണ്ട് അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ പാകിസ്താനെ ഒറ്റക്കെട്ടായി എതിര്‍ത്തു. ഇതോടെയാണ് പാകിസ്താന്‍ തെളിവ് നിരത്താന്‍ നിര്‍ബന്ധിതായത്. എന്നാൽ ഇന്ത്യക്കാരായ പൗരന്മാര്‍
ഭീകരാണെന്ന് തെളിയിക്കാന്‍ പാകിസ്താനായില്ല. ഈ വര്‍ഷമാദ്യം അജോയ് മിസ്ത്രി, വേണു മാധവ് ഡോംഗ്ര എന്നീ പേരുകളും ഭീകരരുടെ പട്ടികയില്‍പ്പെടുത്തണമെന്ന ആവശ്യം പാകിസ്താന്‍ സഭയില്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ സഭയ്‌ക്ക് ബോധ്യപ്പെടുന്ന തരത്തില്‍ ഒരു തെളിവും നിരത്താന്‍ പാകിസ്താനായില്ലെന്ന് സുരക്ഷാ കൗണ്‍സിലിലെ ഇന്ത്യന്‍ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അന്താരാഷ്‌ട്രതലത്തില്‍ കൊടുംഭീകരരായ ജയ്‌ഷെ മുഹമ്മദിന്റെ നേതാക്കളേയും ലഷ്‌ക്കര്‍ നേതാക്കളേയും ഇന്ത്യ വെളിച്ചത്തുകൊണ്ടുവന്നതിന് ശേഷം പാകിസ്താന്‍ കടുത്ത സമ്മര്‍ദ്ദത്തിലൂടെയാണ് നീങ്ങുന്നത്.
Comments