ലക്നൗ : അയോദ്ധ്യ രാമജന്മഭൂമിയിലെ ക്ഷേത്ര നിർമാണം സെപ്റ്റംബർ 17ന് ശേഷം ആരംഭിക്കുമെന്ന് ശ്രീ രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്. രണ്ടാഴ്ച നീണ്ട് നിൽക്കുന്ന പിതൃ പക്ഷം അവസാനിച്ചതിന് ശേഷമാകും ക്ഷേത്ര നിർമാണം ആരംഭിക്കുക. രാജ്യത്തെ പ്രമുഖ നിർമാണ കമ്പനിയായ ലാർസൻ ആൻഡ് ടർബോ ക്ഷേത്രനിർമ്മാണത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണെന്നും റായ് പറഞ്ഞു.
പ്രതിഫലം വാങ്ങാതെയാണ് ഈ കമ്പനി ക്ഷേത്ര നിർമാണം നടത്തുന്നത് . ക്ഷേത്രത്തിന്റെ അടിത്തറ തയ്യാറാക്കുന്നതിനായി 100 അടി താഴ്ചയിലുള്ള 1,200 പില്ലറുകൾ സ്ഥാപിക്കും. ഈ സ്തംഭങ്ങൾ കല്ല്കൊണ്ടാവും നിർമിക്കുക. ഇതിനായി മുംബയിൽ നിന്നും പ്രത്യേകം യന്ത്രങ്ങൾ കൊണ്ട് വരും. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിലായിരിക്കും ക്ഷേത്രത്തിന്റെ നിർമ്മാണം.1000 വര്‍ഷമെങ്കിലും നിലനില്‍ക്കുന്ന തരത്തിലായിരിക്കും ക്ഷേത്രത്തിന്റെ നിര്‍മാണം. ഭൂകമ്പത്തെ അതിജീവിക്കാനായി ശക്തമായ ഒഴുക്കുള്ള പുഴകള്‍ക്കു കുറുകെ നിര്‍മിക്കുന്ന വലിയ പാലങ്ങളുടേതിനു സമാനമായ തൂണുകള്‍ ക്ഷേത്രത്തിന് നിര്‍മിക്കും
നൂറോളം തൊഴിലാളികളെയാണ് ക്ഷേത്രത്തിന്റെ അടിത്തറ നിർമാണത്തിന് ആവശ്യമായി വരുന്നതെന്നാണ് ട്രസ്റ്റിന്റെ കണക്കുകൂട്ടൽ. 18 ഇഞ്ച് നീളവും 30 മില്ലിമീറ്റർ വീതിയും 3 മില്ലിമീറ്റർ കനവുമുള്ള 10,000 ചെമ്പ് ഫലകങ്ങളാണ് ക്ഷേത്രനിർമാണത്തിന് ആവശ്യം.
വൈറസ് വ്യാപനം കണക്കിലെടുത്ത് നിർമാണത്തിന് മുമ്പായി മുഴുവൻ തൊഴിലാളികളുടെയും കൊറോണ പരിശോധന നടത്തും.
Comments