വിജയ് സൂപ്പറും പൗർണ്ണമിയും , മായാനദി തുടങ്ങിയ മലയാള ചലചിത്രങ്ങളിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ നടി ഐശ്വര്യ ലക്ഷ്മി തന്റെ പുതിയ ചിത്രമായ “അർച്ചന 31 നോട്ട് ഔട്ട് “ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജന്മദിനമായ ഞായറാഴ്ചയാണ് സമൂഹ മാദ്ധ്യമങ്ങളിൽ കൂടി പങ്കു വച്ചത് . സദ്യവട്ടങ്ങൾ ഒരുക്കുന്ന പാത്രങ്ങളുടെ നടുവിലായി കല്യാണ പുടവയുടുത്ത് , വറുത്തു കോരുന്ന ചട്ടുകവുമായി “നിൽക്കുന്ന പോസ്റ്റർ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു .
പുതുമുഖ സംവിധായകനായ അഖിൽ അനിൽകുമാർ “അർച്ചന 31 നോട്ട് ഔട്ട് ” തീർച്ചയായും സ്ത്രീകഥാപാത്രത്തിന് മുൻതൂക്കമുള്ള ഒരു കോമഡി ചിത്രമായിരിക്കും എന്ന സൂചനയാണ് നൽകിയിരിക്കുന്നത് . പോസ്റ്ററിൽ സൂചിപ്പിക്കുന്ന പോലെ ഒരു കല്യാണത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ തിരക്കഥ .
നവംബറിലാണ് ചിത്രീകരണം ആരംഭിക്കുക. ചിത്രത്തിന്റെ അണിയറപ്രവർത്തകർ എല്ലാം നവാഗതരാണ്.പാലക്കാട് കേന്ദ്രീകരിച്ചു ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്ന ചിത്രത്തിൽ പ്രൈമറി സ്കൂൾ അദ്ധ്യാപിക ആയിട്ടാണ് ഐശ്വര്യ ലക്ഷ്മി വേഷമിടുന്നത് .ഷോർട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ അഖിൽ അനിൽകുമാർ കഥ അവതരിപ്പിച്ചപ്പോൾ തന്നെ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്നാഗ്രഹിച്ചിരുന്ന ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രമാവാൻ സമ്മതിക്കുകയായിരുന്നു . അഖിൽ , അജയ് വിജയൻ , വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് .
Comments