ന്യൂഡല്‍ഹി: ഇന്ത്യാ വിരുദ്ധപ്രവര്‍ത്തനത്തിന് അഫ്ഗാന്‍ മണ്ണ് ഒരുകാരണവശാലും ഉപയോഗിക്കാന്‍ സമ്മതിക്കരുതെന്ന് ഇന്ത്യ. ദോഹയില്‍ അഫ്ഗാന്‍ ഭരണകൂടവും താലിബാന്‍ നേതാക്കളും തമ്മിലുള്ള സമാധാന ഉടമ്പടി ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുക യായിരുന്നു എസ്.ജശങ്കര്‍. അഫ്ഗാനിലെ സമാധാന പരിശ്രമങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്യാന്‍ ഇന്ത്യ ഒരുക്കമാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്ത്യ സമാധാന ചര്‍ച്ചയുടെ ഭാഗമായത്.
അഫ്ഗാനിലെ സമാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് ആ രാജ്യമായിരിക്കണം. ദീര്‍ഘകാലത്തേക്കുള്ള സമാധാനമാണ് ആ മണ്ണിനാവശ്യം. അതില്‍ സ്ത്രീകളുടേയും ന്യൂനപക്ഷങ്ങളുടേയും സുരക്ഷയ്‌ക്കായിരിക്കണം മുന്‍തൂക്കം നല്‍കേണ്ടതെന്നും ജയശങ്കര്‍ പറഞ്ഞു. പാകിസ്താനേയും ചൈനയേയും പരോക്ഷമായി സൂചിപ്പിച്ചാണ് ജയശങ്കര്‍ സംസാരിച്ചത്. പാകിസ്താന്‍ ഭീകരരെ പരിശീലിപ്പിച്ച് ഇന്ത്യയിലേക്ക് അയക്കുന്നതിന് അഫ്ഗാനിലെ അതിര്‍ത്തിപ്രദേശങ്ങളുപയോഗിച്ചാണ്. സമീപകാലത്തെ ഉദാഹരണങ്ങള്‍ ഇന്ത്യ അന്താരാഷ്‌ട്രവേദികളില്‍ വരെ ഉന്നയിച്ചിരുന്നു.
‘അഫ്ഗാന്‍ സമാധാന വിഷയത്തില്‍ ഇന്ന് ദോഹയില്‍ നടന്ന സമ്മേളനം ഏറെ ഫലപ്രദമായിരുന്നു. അഫ്ഗാന് വേണ്ടി അഫ്ഗാന്‍ ഭരണകൂടം നയിക്കുന്ന സമാധാന ശ്രമങ്ങളാണ് വിജയിക്കേണ്ടത്. ആ രാജ്യത്തിന്റെ പരമാധികാരവും അതിര്‍ത്തിയുടെ സംരക്ഷണത്തിലും മറ്റ് രാജ്യങ്ങള്‍ക്കും ബാദ്ധ്യതയുണ്ട്. മനുഷ്യാവകാശം സംരക്ഷിച്ചുകൊണ്ടും സ്ത്രീകളുടേയും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയുമാകണം സമാധാന ശ്രമങ്ങള്‍. രാജ്യത്തെ ഇത്തരം ദുര്‍ബലവിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങളെ ഭരണകൂടം അതീവ പ്രാധാന്യത്തോടെ കണക്കിലെടുക്കണം.’ ജയശങ്കര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കി.
അഫ്ഗാനിലെ സിഖ് സമൂഹത്തിന് നേരെ ഇസ്ലാമിക ഭീകരസംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ മേഖലയിലെ സമാധാന ശ്രമങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ആയിരക്കണക്കിന് സിഖ് കുടുംബങ്ങളാണ് ഇന്ത്യയിലേയ്‌ക്ക് അഭയാർത്ഥികളായി എത്തിയിരിക്കുന്നത്. പാകിസ്താനും ചൈനയും സംയുക്തമായി താലിബാനുമായി നടത്തിയ ചര്‍ച്ചകളിലെ ഇന്ത്യവിരുദ്ധ നിലപാടുകള്‍ ഇന്ത്യ പുറത്തുകൊണ്ടുവന്നിരുന്നു. അഫ്ഗാന്റെ വികസനത്തിനായി ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യ പങ്കാളിത്തം വഹിക്കുന്ന 400 ലേറെ പദ്ധതികള്‍ക്ക് പകരം വയ്‌ക്കാന്‍ പാകത്തിന് ഒരു പദ്ധതിയും ഒരു രാജ്യവും നല്‍കിയിട്ടില്ലെന്നും ഇന്ത്യ വിശദമാക്കി.
















Comments