ന്യൂഡല്‍ഹി: ഹൈ എനര്‍ജി ലേസറുകളും, ഹൈ പവേര്‍ഡ് മൈക്രോവേവ്‌സും പോലെയുള്ള ഡയറക്ട് എനര്‍ജി വെപ്പണ്‍സ് സിസ്റ്റം(ഡിഇഡബ്ല്യുഎസ്) വികസിപ്പിക്കാനൊരുങ്ങി ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍. ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള യുദ്ധത്തിന്റെ ഗതി നിര്‍ണയിക്കുന്ന പ്രധാന ഘടകമായി ഇത് മാറുമെന്നാണ് വിലയിരുത്തല്‍. ഹ്രസ്വ, ഇടത്തരം, ദീര്‍ഘകാല ലക്ഷ്യങ്ങളോടെയുള്ള ദേശീയ പരിപാടിയുടെ ഭാഗമായാകും ഡിഇഡബ്ല്യുഎസ് വരുന്നത്. ആഭ്യന്തര വ്യവസായ പദ്ധതികളുമായി സഹകരിച്ച് 100 കിലോവാട്ട് വരെ പവറുള്ള ഡിഇഡബ്ല്യുഎസിന്റെ വ്യത്യസ്ത മോഡലുകളായിരിക്കും ഡിഫന്‍സ് റിസര്‍ച്ച് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ വികസിപ്പിക്കുന്നത്. അതിക്രമിച്ച് കടക്കുന്ന മിസൈലുകളുടേയും യുദ്ധവിമാനങ്ങളുടേയും ‘സോഫ്റ്റ്-കില്ലി’നായി രഹസ്യാത്മക സ്വഭാവമുള്ള കാളി പാര്‍ട്ടിക്കിള്‍ ബീം ഉള്ള ഹൈ പവര്‍ ഫൈബര്‍ ലേസറുകളും, കെമിക്കല്‍ ഓക്‌സിജന്‍ അയഡിനുമെല്ലാം ഇതില്‍ ഉള്‍പ്പെടുത്തും. നിലവില്‍ ഒരിടത്തും ഇവ പ്രവര്‍ത്തനക്ഷമമായിട്ടില്ല.
ലേസര്‍ സോഴ്‌സും, ബീം കണ്‍ട്രോള്‍ സിസ്റ്റവുമാണ് ഡിഇഡബ്ല്യുവിന്റെ രണ്ട് ഉപഘടകങ്ങളായി വരുന്നത്. മിസൈലുകളേയും മറ്റും നിഷ്പ്രയാസം തകര്‍ക്കാന്‍ ഇവയ്‌ക്കാകും. പ്രകാശവേഗതയോടെ കൃത്യമായ സ്ഥാനത്തേക്ക് എത്താന്‍ ഇവയ്‌ക്കാകും. മിസൈലുകളെ അപേക്ഷിച്ച് കുറഞ്ഞ ചെലവും ഉപയോഗിക്കാന്‍ കൂടുതല്‍ എളുപ്പമാണെന്നതും ഇവയുടെ പ്രത്യേകതയാണ്. വേഗത്തിലുള്ള റീ-ടാര്‍ജറ്റിംഗ് വഴി ഒന്നിലധികം ലക്ഷ്യങ്ങള്‍ ഇവയ്‌ക്ക് സാധ്യമാകും.
നിലവില്‍ രണ്ട് ആന്റി-ഡ്രോണ്‍ ഡയറക്ട് എനര്‍ജി വെപ്പണ്‍സ് പരീക്ഷണാടിസ്ഥാനത്തില്‍ ഡിആര്‍ഡിഒ വികസിപ്പിച്ചിട്ടുണ്ട്. 10 കിലോവാട്ട് പവര്‍ ലേസറുള്ള ഡിഇഡബ്ല്യുവാണ് ഇതില്‍ ആദ്യത്തേത്. രണ്ട് കിലോമീറ്റര്‍ പരിധിയില്‍ വ്യോമാക്രമണം നടത്താന്‍ ഇതിന് സാധിക്കും. രണ്ട് കിലോവാട്ട് ലേസര്‍ പവറും ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ആക്രമണം നടത്താന്‍ കെല്‍പ്പുള്ളതുമായ കോംപാക്ട് ട്രൈപോഡ് ഘടിപ്പിച്ച ഡിഇഡബ്ല്യുവാണ് അടുത്തത്. സൈന്യത്തിനും, രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും, ഫീല്‍ഡ് ഫോഴ്‌സിനും മുന്നില്‍ ഇവയുടെ പരീക്ഷണം നടത്തിക്കഴിഞ്ഞു.
ഇതിനെക്കാള്‍ കൂടുതല്‍ കരുത്തുള്ള ഡിഇഡബ്ല്യു ആഭ്യന്തര വ്യവസായത്തിന്റെ സഹായത്തോടെ വലിയ തോതില്‍ നിര്‍മ്മിക്കും. ആറ് മുതല്‍ എട്ട് കിലോമീറ്റര്‍ പരിധിക്കുള്ളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഡിഇഡബ്ല്യു ആകും ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 20 കിലോമീറ്ററിലധികം പരിധിയുള്ള ലേസര്‍ സിസ്റ്റമാകും രണ്ടാം ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. നിലവില്‍ ഡ്രോണുകള്‍, വാഹനങ്ങള്‍, ബോട്ടുകള്‍ തുടങ്ങിയ തകര്‍ക്കുന്നതിനായി അമേരിക്ക, റഷ്യ, ചൈന, ജര്‍മ്മനി, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഡിഇഡബ്യു വികസിപ്പിച്ചിട്ടുണ്ട്.
Comments