ഇസ്ലാമാബാദ് : ഇന്ത്യയ്‌ക്കെതിരെ ക്രിക്കറ്റ് കളിക്കാൻ യാതൊരു ഉദ്ദേശ്യവുമില്ലെന്ന് പാക് ക്രിക്കറ്റ് ബോർഡ് . ഇന്ത്യയുമായി ക്രിക്കറ്റ് മത്സരങ്ങള്‍ നടത്തണമെന്ന് പാക് താരങ്ങളിൽ പലരും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ നിലപാടു വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പാക് ബോർഡ് മേധാവി എഹ്‍സാൻ മാനി.
ഇന്ത്യ– പാകിസ്താൻ ക്രിക്കറ്റ് പരമ്പരകൾ അടുത്ത കാലത്തൊന്നും തുടങ്ങില്ല . നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായി ട്വന്റി20 പരമ്പര കളിക്കാൻ പാകിസ്താന് യാതൊരു ഉദ്ദേശ്യവുമില്ല. ആദ്യം ഇരു രാജ്യങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കണം. അതിനു ശേഷം ഇക്കാര്യം സംസാരിക്കാം .
ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്‌ട്രീയ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ ബിസിസിഐയുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തില്ല. വർഷങ്ങളായി ബിസിസിഐയുമായി ചർച്ചകള്‍ നടത്തിയിരുന്നു. എന്നാൽ പാകിസ്താനെതിരായ മത്സരങ്ങളിൽനിന്നു ബിസിസിഐ വിട്ടുമാറുകയാണ്. ട്വന്റി20 ആണെങ്കിലും മറ്റു പരമ്പരകളാണെങ്കിലും എല്ലാം ബിസിസിഐയുടെ കൈകളിലാണ് . എന്തെങ്കിലും പറയാനുണ്ടെങ്കിൽ ബിസിസിഐയ്‌ക്ക് പാക്ക് ക്രിക്കറ്റ് ബോർഡിനോടു പറയാം– എഹ്സാൻ മാനി പറഞ്ഞു.
14 വർഷമായി ഇന്ത്യയും പാകിസ്താനും തമ്മിൽ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല. 2012–13 കാലത്താണ് പാക് ടീം ഏകദിന പരമ്പര കളിക്കാൻ അവസാനമായി ഇന്ത്യയിലെത്തിയത്.
















Comments