ന്യൂഡല്‍ഹി: രാജ്യത്ത് ചുവടുറപ്പിക്കാനുള്ള ഭീകരരുടെ ഗൂഢശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎയും സൈന്യവും ഭീകരരെ വരിഞ്ഞു മുറുക്കുകയാണ്. ഇന്ന് മാത്രം പത്തിലധികം ഭീകരരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിയിലായത്.
ജമ്മു കശ്മീരില്‍ ഇന്ന് സൈന്യം നടത്തിയ തെരച്ചിലില്‍ മൂന്ന് ഭീകരരാണ് പിടിയിലായത്. പുല്‍വാമ സ്വദേശികളായ മൂവരും പാക് ഭീകര സംഘടനയായ ലഷ്കര്‍ ഇ തൊയ്ബയിലെ അംഗങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. റാഹില്‍ ബഷീര്‍, അമീര്‍ ജാന്‍, ഹാഫിസ് യൂനിസ് വാനി എന്നിവരെയാണ് സൈന്യം പിടികൂടിയത്. രജൗരിയില്‍ പാകിസ്താനില്‍ നിന്നുമുള്ള ഡ്രോണുകള്‍ കൈപ്പറ്റാനായി പോകുന്നതിനിടയിലാണ് സൈന്യം ഇവരെ അറസ്റ്റ് ചെയ്തത്.
ഭീകര സാന്നിദ്ധ്യമുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം പരിശോധന നടത്തിയത്. അറസ്റ്റിലായവരുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും മറ്റ് യുദ്ധോപകരണങ്ങളും പിടികൂടിയിട്ടുണ്ട്. രണ്ട് എകെ-56 തോക്കുകള്‍, ആറ് എകെ മാഗസിനുകള്‍, 180 വെടിയുണ്ടകള്‍, നാല് ഗ്രനേഡുകള്‍, രണ്ട് ചൈനീസ് നിര്‍മ്മിത പിസ്റ്റലുകള്‍ എന്നിവയും 1 ലക്ഷം രൂപയും സൈന്യം പിടികൂടി.
അതേസമയം, കേരളത്തില്‍ നിന്നുള്‍പ്പെടെ 9 ഭീകരരെ എന്‍ഐഎ ഇന്ന് പിടികൂടിയിരുന്നു. പാക് ഭീകര സംഘടനയായ അല്‍ ഖ്വായ്ദയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് പേരെയാണ് കേരളത്തില്‍ നിന്നും പിടികൂടിയത്. ഇവര്‍ പാകിസ്താനില്‍ നിന്നും പരിശീലനം നേടിയവരാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ആറ് പേരെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നാണ് പിടികൂടിയത്. രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ വലിയ സ്ഫോടനത്തിന് പദ്ധതിയിട്ടവരെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തത്.
Comments