പ്രിയ പത്നിയുടെ ഓർമ്മയ്‌ക്കായി ഷാജഹാൻ നിർമ്മിച്ച താജ്മഹൽ അറിയാത്തവരായി ആരും തന്നെയില്ല. എന്നാൽ ഭർത്താവിന്റെ ഓർമ്മയ്‌ക്കായി ഭാര്യ നിർമ്മിച്ച റാണി കി വാവ് എന്ന പടവ് കിണർ പലർക്കും അറിയാൻ സാധ്യതയില്ല.
ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തായാണ് അധികമാർക്കും പരിചയമില്ലാത്ത ഈ ചരിത്ര സ്മാരകം കാണാൻ സാധിക്കുക. പതിനൊന്നാം നൂറ്റാണ്ടിൽ ഗുജറാത്തിലെ സോളങ്കി രാജവംശത്തിന്റെ സ്ഥാപകൻ ആയിരുന്ന ഭീം ദേവ് ഒന്നാമന്റെ ഓർമ്മയ്‌ക്കായി അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണിയാണ് റാണി കി വാവ് എന്നറിയപ്പെടുന്ന ഈ സ്മാരകം നിർമ്മിക്കുന്നത്.
കാലങ്ങൾ കടന്നുപോയപ്പോൾ, സരസ്വതി നദി ഗതി മാറി ഒഴുകിയപ്പോൾ ഈ സ്മാരകം വെള്ളത്തിനടിയിൽ ആവുകയും പലരും റാണി കി വാവ് എന്ന സ്മാരകത്തെ മറക്കുകയും ചെയ്തു. പിന്നീട് 1980ൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഖനന പ്രവർത്തനങ്ങളുടെ ഫലമായി ഈ സ്മാരകം വീണ്ടെടുക്കുകയായിരുന്നു.
12 ഏക്കറോളം സ്ഥലത്ത് 64 മീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലും 27 മീറ്റർ ആഴത്തിലുമാണ് റാണി കി വാവ് സ്ഥിതിചെയ്യുന്നത്. ഗുജറാത്തിലെ പടവ് കിണറുകളുടെ രാജാവ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ സ്മാരകം പ്രാചീന വാസ്തു വിദ്യയുടെ ഉത്തമ ഉദാഹരണം തന്നെയാണ്. ചുമരുകളിലും തൂണുകളിലും ദേവി-ദേവന്മാർ, അപ്സരസുകൾ, നർത്തകർ എന്നിവരുടെ രൂപങ്ങൾ കൊത്തിവെച്ചിരിക്കുന്നതും കാണാൻ സാധിക്കും. കൊത്തുപണികളിൽ മിക്കതും ഭഗവാൻ വിഷ്ണുവിന്റെ രൂപങ്ങൾ ആണ്. ആയിരം ഫണങ്ങൾ ഉള്ള ആദിശേഷന്റെ മടിയിൽ മഹാവിഷ്ണു ശയിക്കുന്ന രൂപമാണ് ഏറ്റവും മനോഹരമായ ഒന്ന്.
തലകീഴായ ഒരു ക്ഷേത്രത്തിന്റെ രൂപത്തിലാണ് റാണി കി വാവ്. ഭൂമിക്കടിയിലേക്ക് നിർമ്മിച്ചിരിക്കുന്ന 7 നിലകൾ ആയാണ് ഈ ചരിത്ര സ്മാരകത്തെ നിങ്ങൾക്ക് കാണാൻ സാധിക്കുക.
പടിഞ്ഞാറ് ദിശയിൽ ആയാണ് ഈ പടവ് കിണർ സ്ഥിതിചെയ്യുന്നത്.
ഗുജറാത്തി ഭാഷയിൽ വാവ് എന്ന പദത്തിന്റെ അർത്ഥം പൊതുജലാശയം എന്നാണ്. വെള്ളത്തിന്റെ ലഭ്യത കുറവായ പ്രദേശങ്ങളിൽ ജനങ്ങൾ ആശ്രയിക്കുന്നത് ഇത്തരത്തിലുള്ള പടവ് കിണറുകളെയാണ്.
ഒരു പൊതുജലാശയം എന്നതിലുപരി ഒരുപാട് വിസ്മയങ്ങൾ ഒളിപ്പിച്ചിരിക്കുന്ന റാണി കി വാവ് എന്ന സ്മാരകത്തിൽ കാണാൻ സാധിക്കുന്ന ഒന്നാണ് ഏറ്റവും താഴത്തെ പടിയിൽ നിന്ന് പത്താനടുത്തുള്ള സിദ്ധപൂരിലേക്ക് തുറക്കുന്ന തുരങ്കം. യുദ്ധസമയങ്ങളിലും മറ്റും രക്ഷപ്പെടാൻ ഉപയോഗിച്ചിരുന്ന ഈ തുരങ്കത്തിന് മുപ്പത് കിലോമീറ്ററിൽ അധികം ദൂരമുണ്ട്.
2014ൽ യുനെസ്കോയുടെ ലോക ചരിത്രസ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടി. 2016ൽ രാജ്യത്തെ ഏറ്റവും വൃത്തിയായി സംരക്ഷിക്കപ്പെടുന്ന ചരിത്ര സ്മാരകം എന്ന ബഹുമതിയും റാണി കി വാവ് സ്വന്തമാക്കി.
2001നു ശേഷം ചരിത്ര സ്മാരകത്തിന്റെ സുരക്ഷ പരിഗണിച്ച് ചില ഭാഗങ്ങൾ സന്ദർശിക്കാൻ അനുമതിയില്ല.
രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് സന്ദർശന സമയം.
റാണി കി വാവ് കാണാൻ അത്രയും ദൂരം സഞ്ചരിക്കണ്ടേ എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്. നമ്മുടെ പുത്തൻ 100 രൂപ നോട്ടിൽ റാണി കി വാവ് നിങ്ങൾക്ക് കാണാൻ സാധിക്കും.
Comments