ന്യൂഡൽഹി : ഇന്ത്യൻ നയതന്ത്രപ്രതിനിധിയ്ക്ക് വിസ നിഷേധിച്ച് പാകിസ്താൻ . ഇസ്ലാമാബാദിലെ പുതിയ ഇന്ത്യൻ നയതന്ത്രജ്ഞനായ ജയന്ത് ഖോബ്രാഗഡെയുടെ വിസയാണ് പാകിസ്താൻ നിഷേധിച്ചത്. കശ്മീർ വിഷയവുമായി ബന്ധപ്പെട്ട് പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം ഇന്ത്യ കുറച്ചിരുന്നു .
അതേ സമയം ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ തീരുമാനിക്കുന്നത് ഇന്ത്യയാണെന്നും , പാകിസ്താന് ഇക്കാര്യത്തിൽ ഇടപെടലുകൾ നടത്താൻ യാതൊരു അവകാശവുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി .
കശ്മീർ വിഷയത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ നിൽക്കുന്ന സംഘർഷം കൂടുതൽ വഷളാകുന്ന സാഹചര്യത്തിന് ഇത് ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
ഖോബ്രഗഡെയുടെ നിയമനത്തെ പാകിസ്താൻ എതിർക്കുന്നത് തെറ്റാണെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി. നയതന്ത്ര ബന്ധം പകുതിയായി കുറച്ചതിനാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ഇടപെടൽ നിലവിൽ വളരെ കുറവാണ്.
1995 ബാച്ച് ഐഎഫ്‌എസ് ഉദ്യോഗസ്ഥനാണ് ഖോബ്രാഗഡെ. ജോയിന്റ് സെക്രട്ടറിയായി ആറ്റോമിക് എനർജി വകുപ്പിലാണ് നിലവിൽ സേവനമനുഷ്ഠിക്കുന്നത്. റഷ്യ, സ്പെയിൻ, കസാക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക്, പാകിസ്താൻ എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിലെ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
















Comments