ഊണിന്റെ കൂടെ ഒരു പപ്പടം കൂടിയായാൽ ഇരട്ടി സന്തോഷമാണ്. ഉഴുന്നുപൊടി, പപ്പടക്കാരം, നല്ലെണ്ണ, ഉപ്പ് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന പപ്പടം ഇഷ്ടപ്പെടാത്തവർ ആരും തന്നെയില്ല. ആദ്യമൊക്കെ വീട്ടിൽ തന്നെ പരമ്പരാഗത രീതിയിൽ പപ്പടം ഉണ്ടാക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ മെഷീനിൽ നിർമ്മിക്കുന്ന പപ്പടമാണ് കൂടുതലായി എല്ലാവരും കഴിക്കുന്നത്.കുട്ടിപപ്പടം, മസാല പപ്പടം, കുരുമുളക് പപ്പടം എന്നിങ്ങനെ പപ്പടം പലതരത്തിലുണ്ട്. കേരളത്തിലെ പപ്പടത്തിന് പല പേരുകളുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പാപ്പട്, കർണാടകയിൽ ഹപ്പാല, ആന്ധ്രയിൽ അപ്പടം, തമിഴ്‌നാട്ടിൽ അപ്പളം എന്നിങ്ങനെ വ്യത്യസ്തമായ പേരുകൾ വിളിക്കുന്നു.
പപ്പടത്തിൽ അടങ്ങിയിരിക്കുന്ന പ്രൊട്ടീൻ ആരോഗ്യത്തിന് നല്ലതാണ് . അതുപോലെ പപ്പടത്തിലെ ഉഴുന്നിന്റെ അംശം ദഹനപ്രക്രിയയെയും സഹായിക്കും. പപ്പടം വറുത്തെടുക്കുന്നതിനു പകരം ചുട്ടെടുത്താൽ കൊളസ്‌ട്രോൾ നിയന്ത്രിക്കാനാകും.എന്നാൽ പപ്പടത്തിലെ ഉപ്പിന്റെ അളവ് കൂടുതലുള്ളതിനാൽ വൃക്ക സംബന്ധമായ രോഗങ്ങൾ ഉള്ളവരും, ഹൃദയ സംബന്ധമായ രോഗമുള്ളവരും ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ അസിഡിറ്റി പ്രശ്നങ്ങൾ ഉള്ളവരും പരമാവധി പപ്പടം ഒഴിവാക്കുന്നതാണ് നല്ലത്.
മൈദ, ചോളപ്പൊടി, ബജി മാവ് തുടങ്ങിയ നിലവാരം കുറഞ്ഞ പൊടികൾ കൊണ്ട് പപ്പടം ഉണ്ടാക്കുന്നവർ ഉണ്ട്. അതുപോലെ പപ്പടം കേടുവരാതെ സൂക്ഷിക്കുന്നതിനായി പ്രിസെർവേറ്റീവ്സ് അളവിൽ കൂടുതൽ ഉപയോഗിക്കുന്നവരും ഉണ്ട്. ഇത്തരം വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ പപ്പടത്തിന്റെ ഗുണനിലവാരം കുറയും. മാത്രവുമല്ല ആരോഗ്യ സംബന്ധമായ പല പ്രശ്നങ്ങളും ഇത് സൃഷ്ടിക്കും. സോഡിയം കാർബണേറ്റ്, സോഡിയം ബെൻസോയേറ്റ് തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിക്കുന്നതും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. പപ്പടം വെള്ളത്തിലിട്ടു അര മണിക്കൂറിനു ശേഷം നോക്കുമ്പോൾ മാവ് വേർപെട്ടു പോയിട്ടുണ്ടെങ്കിൽ അത് നല്ല പപ്പടമായിരിക്കും. ഇല്ലെങ്കിൽ അതിൽ മായംകലർത്തിയിട്ടുണ്ടാവും. അതുപോലെ കാലാവധി കഴിഞ്ഞ പപ്പടമാണെങ്കിൽ അതിന്റെ രുചിയും മണവും നിറവും എല്ലാം പോയിട്ടുണ്ടാവും.
















Comments