വാഷിംഗ്ടൺ: കൊറോണ പ്രതിരോധ വാക്‌സിൻ വികസനത്തിൽ പ്രതീക്ഷ നൽകി ജോൺസൺ ആൻഡ് ജോൺസൺ. ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ ജോൺസൺ ആൻഡ് ജോൺസൺ വികസിപ്പിച്ച കൊറോണ വാക്‌സിൻ ശക്തമായി പ്രതിരോധ ശേഷി കൈവരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഇടക്കാല പരിശോധനാ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. Ad26.COV2.S എന്നാണ് വാക്‌സിന്റെ പേര്.
രണ്ടു വ്യത്യസ്ത ഡോസുകളിലാണ് വോളഡിയർമാർക്ക് ഡോസ് നൽകിയത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് വാക്‌സിൻ വികസിപ്പിച്ചത്. കുരങ്ങുകളിൽ പ്രയോഗിച്ച് ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് യു എസ് സർക്കാരിന്റെ പിന്തുണയോടെ വാക്‌സിൻ മനുഷ്യരിൽ പരീക്ഷണം നടത്തിയത്.
നിലവിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ അവസാനവട്ട ക്ലിനിക്കൽ പരീക്ഷണത്തിനുള്ള നടപടികൾ ജോൺസൺ ആൻഡ് ജോൺസൺ ആരംഭിച്ചു. ഈ വർഷം അവസാനമോ അടുത്ത വർഷം മധ്യത്തോടെയോ മൂന്നാംഘട്ട ക്ലിനിക്കൽ ട്രയൽ പൂർത്തിയാക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
കുത്തിവെയ്‌പ്പെടുത്ത 98 ശതമാനം പേരിലും 29 ദിവസങ്ങൾക്ക് ശേഷം രോഗാണുക്കളിൽ നിന്നും കോശങ്ങളെ പ്രതിരോധിക്കുന്ന ആന്റിബോഡികൾ ഉള്ളതായാണ് ഗവേഷകർ പറയുന്നത്. മെഡിക്കൽ വെബ്‌സൈറ്റായ medRxiv യിലാണ് പരിശോധനാ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇത് ശാസ്ത്രീയമായി അവലോകനം ചെയ്തിട്ടില്ല.















