ആരോഗ്യ പൂര്‍ണ്ണമായ ഞവണിക്ക വരട്ടിയത്

Published by
ജനം വെബ്‌ഡെസ്ക്

വയലുകളില്‍ ഏറ്റവും കൂടുതലായി കാണുന്ന ഒരു ഒന്നാണ് ഞവണിക്ക. നത്തങ്ങ, നയാച്ചി, നമിച്ചി എന്നിങ്ങനെ പല ഭാഗങ്ങളിലും ഇതിന് പലതരത്തിലുള്ള പേരുകളാണ് പറയുന്നത്. എന്നാല്‍ ഇപ്പോള്‍ വയലുകള്‍ മിക്കതും നികത്തപ്പെട്ടു. കൂടാതെ വയലുകളിലെ അമിത കീടനാശിനിയുടെ ഉപയോഗം കൊണ്ടും ഞവണിക്ക അധികമായി കാണാറില്ല.

ആരോഗ്യത്തിന് വളരെ അധികം ഗുണകരമായ ഒന്നാണ് ഞവണിക്ക. കുടല്‍ സംബന്ധമായ അസുഖങ്ങളും കുടലില്‍ അണുബാധയും ഇല്ലാതാക്കാന്‍ ഇതു കഴിക്കുന്നത് ഏറെ നല്ലതാണ്.
മസ്തിഷ്‌ക ആഘാതത്തിന് ഞവണിക്കയുടെ മാംസം തേങ്ങ പാലില്‍ ചേര്‍ത്ത് കുറുക്കി എണ്ണയാക്കി എടുത്ത് ഒരു സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും പാല്‍ ചേര്‍ത്ത് കഴിച്ചാല്‍ ആഘാതം മൂലമോ സ്‌ട്രോക്ക് മൂലമോ പ്രവര്‍ത്തന രഹിതമായ മസ്തിഷ്‌ക ഭാഗം വീണ്ടും പ്രവര്‍ത്തനക്ഷമമാകുന്നതിനു സഹായിക്കുന്നു.

അര്‍ശസ് ഇല്ലാതാക്കാനും ഞവണിക്ക നല്ലൊരു മരുന്നാണ്. ആരോഗ്യ പൂര്‍ണ്ണമായ ഞവണിക്ക വരട്ടിയത് എളുപ്പം ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇതില്‍ ചേര്‍ക്കുന്ന എല്ലാ ചേരുവകളും ശരീരത്തിന് ഏറെ ആരോഗ്യ പ്രദമായ സാധനങ്ങളാണ്. ഞവണിക്ക പാടത്തുനിന്നും പെറുക്കി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം അടുപ്പത്ത് വച്ച് നന്നായി തിളപ്പിക്കണം. അപ്പോള്‍ തോടില്‍ നിന്നും ഇറച്ചി വേര്‍പെട്ടു വരുന്നു. തോട് മാറ്റി ഞവണിക്കയുടെ ഇറച്ചി മാത്രം എടുത്ത് നന്നായി കഴുകണം. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിച്ച ശേഷം അതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും കാന്താരിമുളകും ഇട്ടുകൊടുക്കുക.

അവ നന്നായി വഴറ്റിയ ശേഷം അതിലേക്ക് ചുവന്നുള്ളി കൂടി അരിഞ്ഞു ചേര്‍ത്ത് കൊടുക്കുക. അതിനു ശേഷം മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ചേര്‍ത്ത് നന്നായി ഇളക്കി പത്തു മിനിറ്റോളം അടച്ച് വേവിക്കുക. ശേഷം തീ അണച്ച ശേഷം ഇത്തിരി കുരുമുളകു പൊടിച്ചതു കൂടി ചേര്‍ത്തു കൊടുക്കുക. നല്ല സ്വാദിഷ്ടമായ ഞവണിക്ക വരട്ടിയത് തയ്യാറായി കഴിഞ്ഞു. ഇതില്‍ ചേര്‍ക്കുന്ന എല്ലാ ചേരുവകളും ശരീരത്തിനു വയറിനും ഗുണമുള്ളവ തന്നെയാണ് അതുകൊണ്ട് ആരോഗ്യ പ്രദമായ ഞവണിക്ക എല്ലാവര്‍ക്കും കഴിക്കാവുന്ന ഒന്നാണ്.

Share