ഇന്ത്യയിലെ സേവനങ്ങൾ അവസാനിപ്പിക്കുന്നതായി അമേരിക്കൻ ബൈക്ക് നിർമ്മാതാക്കളായ ഹാർലി ഡേവിഡ്‌സൺ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇന്ത്യയിലെ നമ്പർ വൺ ഇരുചക്ര വാഹനനിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പിനൊപ്പം ഹാർലി ഡേവിഡ്‌സൺ ചേരും എന്നാണ് സൂചന.
റിപ്പോർട്ട് അനുസരിച്ച് ഹീറോയുമായി ഹാർലി വിതരണ ധാരണയിലെത്താൻ ആണ് സാധ്യത. ഹാർലി ഡേവിഡ്‌സൺ ബൈക്കുകൾ ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനും വിൽക്കാനും ഹീറോ കമ്പനിക്ക് അനുവാദം ഉണ്ടായിരിക്കും.
ആഗോളതലത്തിലെ വ്യാപാരപിടിമുറുക്കങ്ങളും പ്രാദേശിക നികുതി നയങ്ങളുമാണ് ഹാർലി ഡേവിഡ്‌സൺ വിപണിയിൽ നിന്നും പിന്മാറുവാൻ കാരണമായത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ആകെ 2500 ബൈക്കുകൾ മാത്രമാണ് ഹാർലി ഡേവിഡ്‌സണ് വിൽപ്പന നടത്താൻ സാധിച്ചത്. അതിനാൽ തന്നെ ഇന്ത്യയിലെ വിപണി അവസാനിപ്പിക്കാൻ കമ്പനി ഒരുങ്ങിയതിൽ അതിശയം ഒന്നും തന്നെ വേണ്ട. കഴിഞ്ഞ ഓഗസ്റ്റിൽ ആണ് വിൽപ്പന കുറവുള്ള വിപണിയിൽ നിന്ന് പിന്മാറുന്നതായി ഹാർലി ഡേവിഡ്‌സൺ പ്രഖ്യാപിച്ചത്.
ഇന്ത്യയിൽ 350-700 CC ബൈക്കുകൾക്ക് അത്യാവശ്യക്കാർ കൂടുതലാണ്. ഇന്ത്യയിലെ മുൻ നിര ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ കമ്പനിക്ക് ഹാർലി ഡേവിഡ്‌സൺ ബൈക്കുകളുടെ വിതരണം ചെയ്യാൻ സാധിച്ചാൽ അത് വലിയ വിജയമായിരിക്കും.
കൂടാതെ സാങ്കേതിക പിന്തുണയും പ്രീമിയം ഗുണനിലവാരമുള്ള ഇൻപുട്ടുകളും 33 വിൽപ്പന ഔട്ലെറ്റുകളും ഹാർലി ഡേവിഡ്‌സൺ ഹീറോയ്‌ക്ക് കൈമാറും.
ഇന്ത്യൻ കമ്പനിയുമായുള്ള പങ്കാളിത്തത്തെ കുറിച്ചുള്ള ഔദ്യോഗിക വിശദാംശങ്ങൾ ഹാർലി ഡേവിഡ്‌സൺ പുറത്ത് വിട്ടിട്ടില്ല. 2009ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ഹാർലി ഡേവിഡ്‌സൺ 2010ൽ പ്രാദേശികമായി തങ്ങളുടെ ആദ്യ ഡീലർഷിപ്പ് ആരംഭിച്ചു.
ഹാർലി ഡേവിഡ്‌സന്റെ എതിരാളിയെന്ന് പറയാവുന്ന ട്രയംഫ് മോട്ടോർസൈക്കിൾസ് ബജാജുമായി ബന്ധം സ്ഥാപിച്ചിരുന്നു. കൂടാതെ TVS കമ്പനിക്ക് ജർമ്മനിയുടെ BMW കമ്പനിയുമായും ബന്ധമുണ്ട്.
Comments