പാബ്ലോ എസ്‌കോബാർ ! പലർക്കും അപരിചിതമായിരിക്കാം ഈ പേര്. എന്നാൽ അദ്ദേഹത്തെ അറിഞ്ഞവർക്ക് ഒരിക്കലും മറക്കാനും സാധിക്കില്ല.
ഒരാൾക്ക് എത്രത്തോളം വളരാൻ സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണം ആണ് പാബ്ലോ എസ്‌കോബാർ. ആഗ്രഹിക്കുന്നതെന്തും നേടിയെടുത്തവരിൽ പ്രശസ്തനാണ് മയക്കുമരുന്ന് രാജാവായ ഇദ്ദേഹം. മൂന്ന് പതിറ്റാണ്ട് കാലത്തോളം അമേരിക്കയെയും ലാറ്റിനമേരിക്കയെയും മുൾ മുനയിൽ നിർത്തിയ കൊളംബിയൻ നായകനെ പരിചയപ്പെടാം.
1949 ഡിസംബർ 1നാണ് പാബ്ലോ എസ്‌കോബാറിന്റെ ജനനം. കോളേജിൽ ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാതെ കോളേജിൽ നിന്നും പുറത്തിറങ്ങിയ പാബ്ലോ എസ്‌കോബാർ എത്തിപ്പെട്ടത് പണം വാരിയെടുക്കാൻ സാധിക്കുന്ന അധോലോകത്തായിരുന്നു. നിരോധിച്ച ലഹരിവസ്തുക്കളും ലോട്ടറി ടിക്കറ്റുകളും വിൽപ്പന നടത്തിയ അദ്ദേഹം വൈകാതെ തന്നെ വാഹനമോഷണക്കേസുകളിൽ പ്രശസ്തനാവുകയും എഴുപതുകളുടെ തുടക്കത്തിൽ മയക്കുമരുന്ന് ഡോൺ ആവുകയും ചെയ്തു. പാബ്ലോ എസ്‌കോബാർ ആവശ്യപ്പെടുന്ന പണം നല്കാതിരിക്കാനോ അദ്ദേഹത്തെ എതിർക്കാനോ ആരുമുണ്ടായിരുന്നില്ല. 22-)മത്തെ വയസ്സിൽ തന്നെ അദ്ദേഹം കോടീശ്വരൻ ആയി മാറി.
പോലീസുകാർ പോലും ഭയന്നിരുന്ന അധോലോക നായകനായ പാബ്ലോ എസ്‌കോബാർ 1976ൽ മെഡിലിൻ കാർടൽ എന്ന പേരിൽ ഒരു സംഘടന നിർമ്മിച്ചു. എതിർ ഗ്രൂപ്പുകളെ വെറും നോക്കുകുത്തിയാക്കി 80 ശതമാനത്തോളം കൊക്കെയിൻ കൊളംബിയയിൽ എത്തിക്കാനും ലോക മയക്കുമരുന്ന് വ്യാപാരത്തിന്റെ കേന്ദ്രമായി കൊളംബിയയെ മാറ്റിയെടുക്കാനും പാബ്ലോ എസ്‌കോബാറിന് സാധിച്ചു.
ഇത്രയധികം മയക്കുമരുന്ന് ബിസിനസും പണപിരിവും ഉണ്ടായെങ്കിലും മനസിൽ ദയ ഉണ്ടായിരുന്ന മനുഷ്യൻ കൂടിയായിരുന്നു പാബ്ലോ എസ്‌കോബാർ. പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച് നൽകിയതും ഫുഡ്ബോൾ മൈതാനം തയ്യാറാക്കി നൽകിയതും അദ്ദേഹം ചെയ്ത സേവനങ്ങളിൽ രണ്ടെണ്ണം മാത്രം.
ചോരമണക്കുന്ന കൊളംബിയയിലെ പാബ്ലോ എസ്‌കോബാറിന് പറയാൻ ഇനിയും കഥകളുണ്ട്.
തന്റെ മയക്കുമരുന്ന് മാഫിയയ്‌ക്ക് മറയെന്നോണം കൊളംബിയൻ രാഷ്‌ട്രീയത്തിൽ പ്രവേശിക്കാൻ അദ്ദേഹം തീരുമാനിച്ചു. സാധാരണ പ്രസംഗ ശൈലി കൊണ്ട് നല്ലൊരു രാഷ്‌ട്രീയക്കാരൻ ആവാൻ സാധിക്കില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. വേദികളിൽ ആളുകളുടെ കയ്യടികൾ നേടുന്നതിനായി അദ്ദേഹത്തെ പ്രാപ്തനാക്കിയ വ്യക്തിയായിരുന്നു നെരുദ. പല പുസ്തകങ്ങൾ പാബ്ലോ എസ്‌കോബാറിന് നെരുദ പരിചയപ്പെടുത്തി കൊടുത്തു. ജനസാഗരത്തിന് മുന്നിൽ പ്രസംഗിക്കാൻപോകുന്നതിന് മുൻപ് നിരവധി തവണ റിഹേഴ്‌സലുകൾ നടത്തി. തുടർന്ന് 1982ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചേംബർ ഓഫ് രേപ്രെസെന്റാറ്റീവ് അംഗത്വം പാബ്ലോ എസ്‌കോബാറിന് ലഭിച്ചു. രാഷ്‌ട്രീയത്തിൽ പ്രവേശിച്ചെങ്കിലും ഒരു സമാധാനപരമായ അന്തരീക്ഷം ആയിരുന്നില്ല അദ്ദേഹത്തെ കാത്തിരുന്നത്.
സേവനങ്ങൾക്കപ്പുറം പാബ്ലോ എസ്‌കോബാറിന്റെ ക്രിമിനൽ പശ്ചാത്തലം ആണ് എല്ലാവരും നോക്കിയിരുന്നത്. തുടർന്ന് രാഷ്‌ട്രീയ മേഖലയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി. 1991ൽ അദ്ദേഹം കീഴടങ്ങിയെങ്കിലും വ്യവസ്ഥകൾ പ്രകാരം കൊട്ടാരം പോലെയുള്ള തന്റെ സ്വഗൃഹത്തിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ വാസം. അപ്പോഴും തന്റെ മയക്കുമരുന്ന് കടത്തലുകൾക്ക് അദ്ദേഹം ചരട് വലിച്ചുകൊണ്ടിരുന്നു. ഇതറിഞ്ഞ സർക്കാർ അദ്ദേഹത്തെ ജയിലിലേക്ക് മാറ്റുവാൻ ശ്രമിച്ചെങ്കിലും സർക്കാരിന്റെ നീക്കം മുൻകൂട്ടി അറിഞ്ഞ പാബ്ലോ എസ്കോബോർ ഒളിവിൽ പോയി.
പക്ഷെ 1993 ഡിസംബർ 2 ന് കൊളംബിയൻ സ്‌പെഷ്യൽ പോലീസിന്റെ വെടിയുണ്ടകൾക്ക് മുന്നിൽ അദ്ദേഹം മരണത്തിന് കീഴടങ്ങി. തന്റെ നാല്പത്തിനാലാമത്തെ വയസ്സിൽ മരണത്തിന് കീഴടങ്ങേണ്ടി വന്നുവെങ്കിലും ആഗ്രഹിച്ചതെല്ലാം നേടിയെടുത്തു എന്ന സംതൃപ്തി ഉണ്ടായിട്ടുണ്ടാകും. ഏകദേശം 16 മാസങ്ങൾ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് പാബ്ലോ എസ്‌കോബാറിനെ കണ്ടെത്താൻ പോലീസിന് സാധിച്ചതെന്ന് പറയുമ്പോൾ തന്നെ ഒരു മയക്കുമരുന്ന് ക്രിമിനൽ എന്നതിനപ്പുറം അദ്ദേഹം വലിയ ഒരു ബുദ്ധിമാൻ ആയിരുന്നു എന്ന് നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഏകദേശം 25,000 ജനങ്ങൾ ആണ് അദ്ദേഹത്തെ അവസാനമായി കാണാൻ ഒത്തുകൂടിയത്.
പ്ലാറ്റ or പ്ലോമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്യം. അതായത് വെള്ളിയോ ഈയമോ. കുറച്ചുകൂടി വിശദീകരിച്ച് പറഞ്ഞാൽ കൈക്കൂലി വാങ്ങിപോവുക അല്ലെങ്കിൽ മരണം. തന്റെ വഴിയിൽ വരുന്നവർക്ക് ഈ രണ്ടെണ്ണത്തിൽ ഒന്നാണ് അദ്ദേഹം എപ്പോഴും നൽകിയിരുന്നത്.
90കളിൽ 30 ബില്യൺ ഡോളർ ആസ്തിയായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. കൂടാതെ തന്റെ കുടുംബത്തിന് തണുപ്പിൽ നിന്നും രക്ഷ നേടാൻ 2 ബില്യൺ ഡോളർ നോട്ടുകളും പാബ്ലോ എസ്‌കോബാർ തീയിട്ടു. മരിയ വിക്ടോറിയ ഹെനവോ ആയിരുന്നു ഭാര്യ. മാനുവേല എസ്‌കോബാർ, സെബാസ്റ്റ്യൻ മറോക്വിൻ എന്നിവർ മക്കളാണ്.
പാബ്ലോ എസ്ക്കോബാറിന് ശേഷം വർഷങ്ങൾ നിരവധി കടന്നുപോയെങ്കിലും അദ്ദേഹത്തിന് ലോകം നൽകിയ വിശേഷണമായ ‘ചരിത്രം കണ്ട ഏറ്റവും ധനികനായ, ശക്തനായ, ക്രൂരനായ അധോലോക രാജാവ്’ എന്നത് സ്വന്തമാക്കാൻ മറ്റൊരാൾക്കും സാധിച്ചിട്ടില്ല. ഒരേ സമയം ആരാധനയും ഭയവും വെറുപ്പും നമുക്ക് ഇദ്ദേഹത്തോട് തോന്നിയെന്നിരിക്കാം. ഇദ്ദേഹത്തിന്റെ മയക്കുമരുന്ന് കടത്തലുകൾക്കുള്ള ഒരു പുകമറയായിരുന്നു ഇദ്ദേഹത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങൾ എന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നു.
പാബ്ലോ എസ്‌കോബാറിന്റെ ജീവിതം അടിസ്ഥാനമാക്കി നിരവധി പുസ്തകങ്ങളും സിനിമകളും ഡോക്യൂമെന്ററികളും ഇറങ്ങിയിട്ടുണ്ട്. ലോകം കണ്ട ഏറ്റവും വലിയ അധോലോക നായകൻ ആയിരുന്നു പാബ്ലോ എസ്‌കോബാർ എന്ന് നിസ്സംശയം പറയാം.
Comments