ജനീവ: പാകിസ്താൻ എന്നും മതന്യൂനപക്ഷങ്ങളുടെ രക്തം വീഴുന്ന ഭൂമിയാണെന്ന് ഇന്ത്യ. ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗം യോഗത്തിലാണ് ഇന്ത്യ ശക്തമായ ആരോപണം ഉന്നയിച്ചത്. ഇസ്ലാമാബാദ് അക്രമത്തെ സ്ഥാപനവൽക്കരിച്ചിരിക്കുന്ന രാജ്യമാണ്. അവിടെ പലരും അപ്രത്യക്ഷമാകുന്നു. എതിർശബ്ദങ്ങളെല്ലാം നിശബ്ദമാക്കപ്പെടുന്നു. മാത്രമല്ല ഭീകരരുടെ സുരക്ഷിത താവളമാണ് പാകിസ്താനെന്നും ഇന്ത്യ തെളിവ് നിരത്തി സമർത്ഥിച്ചു. ഇന്ത്യയുടെ പ്രതിനിധി പവൻ ബാധേയാണ് പാകിസ്താന് കണക്കിന് മറുപടി നൽകിയത്.
പാകിസ്താൻ മനുഷ്യാവകാശ സംഘടനയ്‌ക്ക് മുമ്പാകെ എഴുതി തയ്യാറാക്കി നൽകിയ പ്രസ്താവനയ്‌ക്കാണ് ഇന്ത്യൻ പ്രതിനിധിയുടെ ശക്തമായ മറുപടി. കഴിഞ്ഞ ദിവസം ഐക്യരാഷ്‌ട്രസഭയുടെ വാർഷിക പൊതുയോഗത്തിൽ ഇന്ത്യയുടെ പ്രതിനിധി വിനിതോ നൽകിയ മറുപടിക്ക് പിന്നാലേയാണ് പവൻ ബാധേ പാകിസ്താന് ഉത്തരം നൽകിയത്. പാകിസ്താൻ കയ്യടക്കിവച്ചിരിക്കുന്ന കശ്മീർ മേഖലയിലെ ഭീകരതയും ഇന്ത്യ ചൂണ്ടിക്കാട്ടി. തദ്ദേശീയരായ മൂന്ന് പേർക്കെതിരെ പുറത്തുനിന്നും നാലുപേരെ എത്തിക്കുന്ന നുഴഞ്ഞുകയറ്റമാണ് പാകിസ്താൻ നടത്തുന്നതെന്നും ഇന്ത്യ ആരോപിച്ചു.
പാകിസ്താൻ ഭരണപ്രദേശമായി അവകാശപ്പെടുന്ന അധിനിവേശ കശ്മീർ മേഖലയിൽ യാതൊരു വിധ ഭരണഘടനാ അവകാശങ്ങളും ജനങ്ങൾ അനുഭവിക്കുന്നില്ല. ഒരു വിധത്തിലുള്ള സാമ്പത്തിക പുരോഗതിയും ഇല്ലാതെ ജനങ്ങൾ കൊടിയ ദാരിദ്ര്യത്തിലാണെന്നും ഇന്ത്യ അറിയിച്ചു. കൊടുംകുറ്റവാളികളായ ഭീകരർക്ക് സുഖവാസമൊരുക്കുന്ന നാടാണ് പാകിസ്താന്. പാകിസ്താനിൽ അന്താരാഷ്‌ട്ര പട്ടികയിലെ 4000 ഭീകരരാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. ലോകം കൊറോണയോട് പൊരുതുമ്പോഴാണ് പാകിസ്താൻ ഭീകരരെ വളർത്തുന്നതെന്നും പവൻ ഐക്യരാഷ്‌ട്രസഭയിൽ പറഞ്ഞു. ക്രൂരമായ മതപീഡനത്തിന്റെ നാടാണ് പാകിസ്താനെന്നും മുസ്ലീം മതവിഭാഗത്തിൽപ്പെട്ട അഹമ്മദീയരേയും അന്യമതവിഭാഗത്തിൽപ്പെട്ട ക്രൈസ്തവരേയും സിഖ് സമൂഹത്തേയും മതനിന്ദ ആരോപിച്ചാണ് ക്രൂരമായി പീഡിപ്പിക്കുന്നതെന്നും ഇന്ത്യ തെളിവു നിരത്തി സമർത്ഥിച്ചു.
















Comments