2020 മോഡൽ ആദ്യ ഥാർ ലേലത്തിലൂടെ വിൽക്കുന്നതിനെ സംബന്ധിച്ച് കഴിഞ്ഞ ദിവസം കമ്പനി ജനങ്ങളെ അറിയിച്ചിരുന്നു.സെപ്റ്റംബർ 24 മുതൽ ആരംഭിച്ച ലേലം ഇപ്പോൾ 1 കോടി കടന്നിരിക്കുകയാണ്. ന്യൂഡൽഹി സ്വദേശി ആകാശ് മിൻഡയാണ് ഒരു കോടി രൂപ ലേലത്തുക ഉറപ്പിച്ചിരിക്കുന്നത്.
ലേലത്തിന്റെ അവസാന ദിനമായ സെപ്റ്റംബർ 29 പിന്നിടുമ്പോൾ രണ്ടാം തലമുറയിലെ ആദ്യ ഥാർ സ്വന്തമാക്കാൻ 5444 വ്യക്തികളാണ് ഇതിനോടകം തന്നെ രെജിസ്റ്റർ ചെയ്തിരിക്കുന്നത്.
25,000 രൂപയുടെ ഇൻക്രിമെന്റ് ലെവൽ ആണ് സൈറ്റിൽ ഉള്ളതെങ്കിലും എത്ര ബിഡ്ഡുകൾ നടന്നുവെന്നതിനെ കുറിച്ചുള്ള വ്യക്തത പുറത്ത് വന്നിട്ടില്ല. 
5 വേരിയന്റുകളിൽ നിന്നും 6 കളർ ഓപ്ഷനുകളിൽ നിന്നും ഏത് വേണം എന്നത് ആദ്യ ഥാർ സ്വന്തമാക്കുന്ന വ്യക്തിക്ക് തിരഞ്ഞെടുക്കാം.
ഒക്ടോബർ 2നാണ് വാഹനം ഇന്ത്യൻ വിപണിയിൽ എത്തുക. അതേ ദിവസം തന്നെ ലേല വിജയിയെ കമ്പനി പ്രഖ്യാപിക്കും. മഹീന്ദ്രയുടെ എഴുപത്തിയഞ്ചാം സ്ഥാപക ദിനമാണ് ഒക്ടോബർ 2.
രണ്ടാം തലമുറയുടെ ആദ്യ വാഹനത്തിന് പ്രത്യേകതകൾ ഏറെയാണ്. നമ്പർ പ്ലേറ്റിൽ ‘1’ എന്ന സംഖ്യ സൂചിപ്പിക്കുന്നതോടൊപ്പം ഉടമയുടെ പേരിന്റെ ഇനീഷ്യലുകളും കൂടി ഉൾപ്പെടുത്തും. കൂടാതെ വാഹനത്തിൽ കസ്റ്റമൈസ്ഡ് ബാഡ്ജിങ് ഉൾപ്പെടുത്തുമെന്നും കമ്പനി അറിയിച്ചിരുന്നു.
കമ്പനി നേരത്തെ അറിയിച്ചതുപോലെ ഥാർ 2020 മോഡൽ ആദ്യ വാഹനം വിൽപ്പന നടത്തി ലഭിക്കുന്ന തുക മുഴുവനായും കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒരു സന്നദ്ധ സംഘടനയ്‌ക്ക് സംഭാവന ആയി കൈമാറുന്നതാണ്. നന്ദി ഫൗണ്ടേഷൻ, സ്വദേശ് ഫൗണ്ടേഷൻ, PM കെയേഴ്‌സ് ഫണ്ട് എന്നിവയിൽ ഏതിലേക്ക് തുക കൈമാറണം എന്നത് വാഹനം സ്വന്തമാക്കുന്ന ഉടമയുടെ ഇഷ്ടം ആണ്.
ഏകദേശം 10-15 ലക്ഷം രൂപയാണ് 2020 മോഡൽ ഥാറിന് കമ്പനി ഉദ്ദേശിച്ചിരിക്കുന്ന വില.
















Comments