ആശങ്ക വിതയ്‌ക്കുന്ന സാഹചര്യമാണ് ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്നത്. മാനസികാസ്വസ്ഥതയും, ബുദ്ധിമുട്ടുകളും ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരും അനുഭവപ്പെടുന്നതാണ്. എന്നാൽ ചില ആളുകൾ വെറുതെ അനാവശ്യമായി ടെൻഷൻ അടിക്കാറുണ്ട്. നിസാര കാര്യങ്ങൾ പോലും മനസിലിട്ട് ആധികൂട്ടുന്ന സ്വഭാവം ഒരുപാട് മാനസിക വിഷമങ്ങൾക്ക് വഴി ഒരുക്കുന്നു. ഇത് അനാവശ്യ ഭയത്തിനും ആവലാതിയ്‌ക്കും വഴിയൊരുക്കുന്നു. അതുകൊണ്ട് സാഹചര്യങ്ങളെ നേരിടാൻ സ്വയം മനസിനെ പ്രാപ്തമാക്കുക എന്നതാണ് ഇതിനൊരു പോംവഴി.
നർമ്മബോധം ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ പൊതുവെ ഏതു വിഷമ സാഹചര്യങ്ങളും വളരെ എളുപ്പമായി നേരിടാം. നമ്മുടെ ചിന്തകൾ നമ്മൾ ചെയ്യുന്ന ഓരോ കാര്യത്തിനേയും നല്ലതായും, ചീത്തയായും ബാധിക്കുന്നുണ്ട്. ഒരുപക്ഷെ വല്ലാതെ ഭയക്കുന്ന കാര്യങ്ങളായിരിക്കും നിസാരമായിട്ട് ചെയ്തു തീർക്കുന്നത്. അതുപോലെ ഏതു സാഹചര്യവും നേരിടാൻ മനസിനെ പറഞ്ഞു പഠിപ്പിക്കുക. ഭയക്കുന്ന കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുക. കാര്യങ്ങൾ മനസിലാക്കാൻ തയാറാവുകയാണെങ്കിൽ ഒരുപരിധി വരെ ടെൻഷൻ ഇല്ലാതാക്കാം. സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യുക. എപ്പോഴും കർമനിരതരായി ഇരിക്കാൻ ശ്രദ്ധിക്കുക. അങ്ങനെയാവുമ്പോൾ കാടുകയറിയുള്ള ചിന്തകൾ ഒഴിവാക്കാനാകും.
ശാരീരിക ഊർജ്ജവും, പ്രസരിപ്പും നഷ്ടപ്പെടുത്താതിരിക്കുക. പുതിയപുതിയ കാര്യങ്ങൾ പരീക്ഷിക്കുക, ഇത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാനായാൽ അനാവശ്യ ഭയങ്ങളിൽ നിന്നും സമ്മർദങ്ങളിൽ നിന്നും മുക്തരാകാൻ സാധിക്കും. അനാവശ്യമായി ടെൻഷൻ അടിക്കുകയാണെങ്കിൽ ചിലപ്പോൾ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ പോലും ചെയ്യാൻ പറ്റാതെയാകും. അതുകൊണ്ട് ഏതു സാഹചര്യവും ലളിതമായി എടുക്കുക. ടെൻഷൻ അടിച്ചത് കൊണ്ട് സംഭവിക്കാൻ പോകുന്നതൊന്നും ഇല്ലാതാവില്ലെന്ന് മനസിനെ പറഞ്ഞു ബോധിപ്പെടുത്തുക. എങ്കിൽ മാത്രമേ ജീവിതത്തിൽ സന്തോഷവും സമാധാനവും അനുഭവിക്കാൻ സാധിക്കൂ. സന്തോഷവും സമാധാനവും ഒരിക്കലും ആരും തരുന്നതല്ല, അത് സ്വയം ഉണ്ടാക്കിയെടുക്കുന്നതാണ്. അതുകൊണ്ട് അനാവശ്യ ടെൻഷനുകളെല്ലാം ഒഴിവാക്കി ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ ശ്രമിക്കുക.
Comments