വീടുകളിലെ ഏറ്റവും പവിത്രമായി സൂക്ഷിക്കേണ്ട സ്ഥലമാണ് പൂജാമുറി അതിനാൽ തന്നെ അവ ഒരുക്കുമ്പോൾ വാസ്തുപരമായ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ് .വാസ്തുശാസ്ത്രം നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചു പൂജാമുറി ഒരുക്കുകയാണെങ്കിൽ ഉണ്ടാക്കുന്ന ഗുണഫലങ്ങൾ ഏറെയാണ് .
വീട് എത്ര വലുതാണെങ്കിലും , വീടിന്റെ മദ്ധ്യഭാഗത്തായി പൂജാമുറി ഒരുക്കുന്നതാണ് ഉത്തമം . ഇപ്രകാരം ചെയ്യുമ്പോൾ വീടിനുള്ളിൽ ഉണ്ടാകുന്ന പോസിറ്റീവ് എനർജി ഒരുപോലെ എല്ലായിടത്തും വ്യാപിക്കാൻ സഹായകമാകും . വീടിന് പകരം ഒരു ഫ്ലാറ്റാണെങ്കിലും , നടുഭാഗത്തുള്ള ഒരു ഭിത്തിയിൽ പൂജാമുറി ഒരുക്കാൻ ശ്രമിക്കുക .
ഒന്നിൽ കൂടുതൽ നിലയുള്ള വീടാണെങ്കിൽ , പൂജാമുറി താഴത്തെ നിലയിൽ ഒരുക്കുന്നതാണ് ഉത്തമം . പൂജാമുറിയിൽ വിളക്ക് അനിവാര്യമായ കാര്യമാണ് . അതിനാൽ തന്നെ പൂജാമുറിയിൽ വെക്കുന്ന വിളക്ക് വാസ്തുശാസ്ത്രം അനുശാസിക്കുന്ന മാർഗ്ഗനിർദ്ദേശം അനുസരിച്ചു തെക്കുകിഴക്കോ, കിഴക്ക് വശത്തായോ വേണം വെക്കുവാൻ .
പൂജാമുറിയിലേക്കുള്ള പ്രവേശന ഭാഗത്ത് വാതില്പടി വെക്കുന്നത് ഉത്തമമായിരിക്കും . പൂജാമുറിയിൽ വെക്കുന്ന വിഗ്രഹങ്ങൾ കിഴക്ക് ദിക്കിലേക്കോ പടിഞ്ഞാറ് ദിക്കിലേക്കോ അഭിമുഖീകരിച്ചു വെക്കേണ്ടതാണ് . പരസ്പരം അഭിമുഖീകരിക്കുന്ന രീതിയിൽ വിഗ്രഹങ്ങളോ ദൈവങ്ങളുടെ ചിത്രങ്ങളോ വെക്കുന്നത് ഒഴിവാക്കുക .
പൂജാമുറിയുടെ വാതിൽ നല്ല തടി കൊണ്ട് നിർമ്മിക്കുവാൻ ശ്രദ്ധിക്കുക . പൂജാമുറിയുടെ ദിശ എപ്പോഴും കിഴക്ക് ദർശനമായോ വടക്ക് ദർശനമായോ വേണം ഒരുക്കാൻ .പൂജാമുറിയുടെ ചുവരുകൾക്ക് ഇളം നിറങ്ങൾ നൽകുന്നതാണ് ഉത്തമം . പ്രത്യേകിച്ച് വെള്ളയും മഞ്ഞയും നിറങ്ങൾ പവിത്രമായി കണക്കാക്കുന്നതിനാൽ ഇവ ഉപയോഗിക്കുന്നത് കൂടുതൽ ഉചിതമായിരിക്കും .
പൂജാമുറിയുടെ ഉത്തരത്തിന് വീടിന്റെ ഉത്തരത്തെക്കാൾ ഉയരം കുറവായിരിക്കണം എന്നാണ് വാസ്തുശാസ്ത്രം പറയുന്നത് . അതിനാൽ പൂജാമുറി ഒരുക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ് .
Comments