ന്യൂയോര്‍ക്ക്: പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമേരിക്കയിൽ സംവാദം ചൂടുപിടിക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായ കമലാ ഹാരിസും മൈക്ക് പെന്‍സുമാണ് സംവാദം നടത്തിയത്.സംവാദത്തിൽ ചൈനയെ അനുകൂലിച്ചുള്ള കമലാ ഹാരിസിന്റെ അഭിപ്രായമാണ് ഇപ്പോൾ ചർച്ചയാവുന്നത്.
ചൈനക്കെതിരായ വ്യാപാര നിരോധനം അമേരിക്കയുടെ കമ്പോളത്തില്‍ വലിയ ഇടിവുണ്ടാക്കിയെന്നായിരുന്നു കമലയുടെ ആരോപണം. വ്യാപാര യുദ്ധത്തില്‍ നഷ്ടം അമേരിക്കയ്‌ക്കാണെന്നാണ് കമല വാദിച്ചത്. എന്നാല്‍ ജോ ബൈഡന് യുദ്ധമെന്താണെന്ന് അറിയാമോ എന്ന പരിഹാസമാണ് പെന്‍സ് മറുവാദം ഉന്നയിച്ചത്. ചൈനയോട് ചിരിച്ചുകളിച്ച് സംസാരിക്കാനല്ലാതെ ബൈഡന്‍ ഉത്തരം കൊടുക്കാനറിയാത്ത നേതാവാണ്. ട്രംപിന്റെ നയം ചൈനയ്‌ക്ക് ഒരു പാഠമാണെന്നും പെന്‍സ് പറഞ്ഞു. ചൈനയുടെ ചതി പ്രയോഗങ്ങള്‍ അമേരിക്ക മാത്രമല്ല ലോകം മുഴുവനുള്ള അമേരിക്കയുടെ സുഹൃദ് രാജ്യങ്ങളും അനുഭവിച്ചതും പെന്‍സ് ചൂണ്ടിക്കാട്ടി. ഭീകരതയുടെ പേരില്‍ സുഹൃദ് രാജ്യങ്ങളെ ട്രംപ് അകറ്റിയെന്നും കമല തിരിച്ചടിച്ചു. ഇറാനിലെ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടേയും സൈനിക മേധാവി ഖ്വാസീം സൊലൈമാനി വധത്തെയും കമല വിമര്‍ശിച്ചു.
കൊറോണ വ്യാപനത്തിലൂടെ അതിരൂക്ഷമായ ആരോഗ്യപ്രശ്‌നമാണ് അമേരിക്കലുണ്ടായിരിക്കുന്നതെന്ന് കമല ആരോപിച്ചു. സ്ഥിതി വഷളാക്കിയതിന് പിന്നില്‍ ട്രംപിന്റെ മെല്ലെപ്പോക്കും അവഗണനാപരമായി പെരുമാറ്റവുമാണ് കാരണമായതെന്നും കമല ആരോപിച്ചു. ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കയുടെ ആഗോള ഇടപെടലാണ് കൊറോണ പ്രതിരോധത്തിന് ശക്തിപകര്‍ന്നതെന്ന് മൈക്ക് പെന്‍സ് മറുപടി നല്‍കി. വാക്‌സിന്‍ ഗവേഷണത്തിലും അമേരിക്ക ലോകത്തിന് മാതൃകയാണെന്നും പെന്‍സ് വ്യക്തമാക്കി.
കോടതിയിലെ നിയമനത്തില്‍ ഒരു കറുത്തവര്‍ഗ്ഗക്കാരനേയും നിയമിക്കാന്‍, ട്രംപ് ശ്രമിച്ചില്ലെന്ന് കമല ആരോപിച്ചു. ഇതുവരെയുള്ള അമേരിക്കന്‍ പ്രസിഡന്റുമാരില്‍ ഏറ്റവും പരാജിതനായ വ്യക്തിയെന്നാണ് ട്രംപിനെതിരെ കമലയുടെ മറ്റൊരു വിമര്‍ശനം. മറുപടിയായി കറുത്തവര്‍ഗ്ഗക്കാരനായി ജോര്‍ജ്ജ് ഫ്‌ലോയിഡ് മരിക്കാനിടയായ സംഭവം അത്യന്തം നിര്‍ഭാഗ്യകരമെന്നാണ് പെന്‍സ് വിശേഷിപ്പിച്ചത്. പക്ഷേ അമേരിക്കയെ അസ്ഥിരപ്പെടുത്താന്‍ നടത്തുന്ന അക്രമങ്ങളെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്നും പെന്‍സ് വ്യക്തമാക്കി. കഷ്ടനഷ്ടങ്ങള്‍ കറുത്തവർഗ്ഗക്കാർ അടക്കം ഉള്ളവർ അനുഭവിക്കുന്നുണ്ടെന്നും പെന്‍സ് വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപും എതിരാളി ജോ ബൈഡനും തമ്മിലുള്ള സംവാദം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളുടെ സംവാദം ശ്രദ്ധനേടിയത്. കാലിഫോര്‍ണിയ സെനറ്ററാണ് കമലാ ഹാരിസ്. മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയെന്ന നിലയിലും പ്രശസ്തയാണ്. ട്രംപിന്റെ അടുത്ത അനുയായിയായ പെൻസ് മിതഭാഷിയാണ്. പൊതു രംഗത്ത് ഏറെ സ്വീകാര്യനായ വ്യക്തികൂടിയാണ് പെൻസ്. മുന്‍ ഇന്‍ഡ്യാനാ ഗവര്‍ണറായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
Comments