ആധുനിക ലോകത്ത് പ്രകൃതിയുടെ മനോഹാരിത കാണുക എന്നതും ഒരു വലിയ കാര്യം തന്നെയാണ്. മരങ്ങൾ വെട്ടിനശിപ്പിക്കുമ്പോഴും മനുഷ്യന്റെ കൈ കടത്തലുകൾ കുറവായ ചില സ്ഥലങ്ങൾ ഇന്നും സർക്കാരിന്റെ കീഴിൽ സംരക്ഷിച്ചു വരുന്നു.
തിരുവനന്തപുരത്തെ മനോഹരമാക്കുന്നതിൽ കന്യാകുമാരിയ്‌ക്കുള്ള സ്ഥാനം എടുത്ത് പറയേണ്ടത് തന്നെയാണ്.എന്നാൽ കന്യാകുമാരി സന്ദർശനത്തിനിടയിൽ പലരും മറന്നുപോകുന്ന സ്ഥലമായിരിക്കും കാളികേശം. പ്രകൃതിയെ സ്നേഹിക്കുന്നവരുടെ ഇഷ്ട സ്ഥലം കൂടിയാണിത്.
നഗരത്തിന്റെ തിക്കും തിരക്കുകളിൽ നിന്നും പ്രകൃതിയുടെ പച്ചപ്പിലേക്കും വെള്ളച്ചാട്ടത്തിന്റെ കളകളാരവങ്ങളിലേക്കും നമ്മെ എത്തിക്കുകയാണ് കന്യാകുമാരിയിലെ കാളികേശം. ഈ പ്രദേശത്തിന്റെ സംരക്ഷക എന്നറിയപ്പെടുന്ന ദേവത കാളിയാണ്. അങ്ങനെയാണ് ഈ പ്രദേശത്തിന് കാളികേശം എന്ന പേര് ലഭിച്ചത്.
കാളികേശത്തെ കാഴ്ചകൾക്കിടയിലെ പ്രധാനിയാണ് ഇവിടത്തെ വെള്ളച്ചാട്ടം. എന്നാൽ ഇവിടെ എത്തിച്ചേരുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വനവകുപ്പിന്റെ അനുമതിയോടെ മാത്രമേ ഈ ഭാഗത്തേക്ക് പ്രവേശിക്കാൻ സാധിക്കൂ.
ഈ പ്രദേശത്ത് കാളികേശം, വട്ടപ്പാറ, കീരിപ്പാറ എന്നീ മേഖലകൾ ഉണ്ടെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാളികേശം എന്ന പ്രദേശത്തേക്ക് മാത്രമേ സഞ്ചാരികൾക്ക് പ്രവേശനം ഉള്ളൂ.
കാടിനുള്ളിലൂടെയുള്ള യാത്രയോടൊപ്പം കോട്ടവഞ്ചിയിലെ യാത്രയും ക്യാമ്പ് ഫയറും നല്ലൊരു അനുഭവം തന്നെയായിരിക്കും സന്ദർശകർക്ക് സമ്മാനിക്കുക.
തിരുവനന്തപുരത്ത് നിന്നും ഏകദേശം 80 കിലോമീറ്റർ ദൂരമാണ് കാളികേശം എന്ന പ്രകൃതിരമണീയമായ ഈ സ്ഥലത്തേക്കുള്ളത്. യാത്രകളെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലം തന്നെ ആണ് കാളികേശം എന്ന ഈ പ്രദേശം. പ്രകൃതിയുടെ മടിത്തട്ടിൽ ഇത്തിരി നേരം ശുദ്ധവായുവും ശ്വസിച്ച്, ആകുലതകൾ ഒന്നും തന്നെയില്ലാതെ ഇവിടെ കുറച്ച് നേരം ഇരിക്കുവാൻ വേണ്ടി നിരവധി പേരാണ് ദിവസവും എത്തിച്ചേരുന്നത്.
വരുംതലമുറയ്‌ക്ക് കൂടി ആസ്വദിക്കാൻ ഇത്തരത്തിലുള്ള സ്ഥലങ്ങൾ സംരക്ഷിക്കുക എന്നതാണ് നമ്മുടെ ദൗത്യം.
















Comments